ശ്രീജിത്തിന്റെ സമരം ലക്ഷ്യം കാണുന്നു; അനുജന്റെ മരണം സിബിഐ അന്വേഷിക്കും, ഉറപ്പ് ലഭിച്ചെന്ന് എംപിമാര്‍
തിരുവനന്തപുരം: സഹോദരന്‍ ശ്രീജിവിന്റെ മരണവുമായി ബന്ധപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരം വിജയം കാണുന്നു. കേസ് സിബിഐ അന്വേഷിക്കുന്നതിന് വഴിതെളിഞ്ഞു. എംപിമാരായ കെസി വേണുഗോപാലും ശശി തരൂരുമാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങുമായുള്ള കൂടിക്കാഴ്ചയില്‍ സിബിഐ അന്വേഷണത്തിന് ഉറപ്പ് ലഭിച്ചുവെന്ന് എംപിമാര്‍ പറഞ്ഞു.

ശ്രീജിത്തിന്റെ മാതാവ് രമണി പ്രമീള ഗവര്‍ണറെ രാവിലെ കണ്ടിരുന്നു. മുസ്ലിം യൂത്ത് ലീഗ് നേതാവ് മുനവ്വറലി തങ്ങള്‍ക്കൊപ്പമാണ് പ്രമീള രാജ്ഭവനിലെത്തി ഗവര്‍ണര്‍ പി സദാശിവത്തെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചത്. അന്വേഷണം സിബിഐക്ക് കൈമാറാന്‍ നടപടിയെടുക്കണമെന്നായിരുന്നു പ്രമീളയുടെ ആവശ്യം.
സിബിഐ അന്വേഷണത്തിന് വേണ്ട എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ഗവര്‍ണര്‍ അറിയിച്ചു. കേസിന്റെ ചില രേഖകള്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ഇത് കൈമാറുന്നതിന് വേണ്ടി ബുധനാഴ്ച വീണ്ടും ഗവര്‍ണറെ കാണുമെന്ന് ശ്രീജിത്തിന്റെ അമ്മ പറഞ്ഞു. 2014 മുതലുള്ള രേഖകള്‍ ഗവര്‍ണര്‍ക്ക് കൈമാറാനാണ് തീരുമാനം.
ശ്രീജിത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരത്തിന് വന്‍ ജനപിന്തുണയാണിപ്പോള്‍ ലഭിക്കുന്നത്. ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നും ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്നുമാണ് ശ്രീജിത്തിന്റെ ആവശ്യം. 2014 മെയ് 21നാണ് ശ്രീജിവ് മരിച്ചത്. മോഷണ കുറ്റം ആരോപിച്ച് പാറശാല പോലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിവിനെ സിഐ ആയിരുന്ന ഗോപകുമാറും എഎസ്‌ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദ്ദിച്ചും വിഷം നല്‍കിയും കൊലപ്പെടുത്തിയെന്നാണ് പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ കണ്ടെത്തല്‍.
നെയ്യാറ്റിന്‍കര സ്വദേശിയാണ് ശ്രീജിത്ത്. ഏറെകാലമായ സമരം യുവാവിന്റെ ആരോഗ്യനില മോശമാക്കിയിട്ടുണ്ട്. സിബിഐ അന്വേഷിച്ചാല്‍ സത്യം പുറത്തുവരുമെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്നും ശ്രീജിത്തും അമ്മയും വിശ്വസിക്കുന്നു. പക്ഷേ, കേസ് ഏറ്റെടുക്കാനാകില്ലെന്നാണ് സിബിഐ നിലപാടെടുത്തത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്.












Click it and Unblock the Notifications