'താന്‍ ഉറങ്ങിയിട്ട് മൂന്ന് ദിവസമായി എന്ന് പറഞ്ഞു, സ്ത്രീ എന്ന് പരിഗണിക്കാതെ ചീത്ത', ശ്രീനാഥിനെതിരെ അവതാരക
കൊച്ചി: ഒരു സ്ത്രീ എന്നുളള പരിഗണന പോലും നല്‍കാതെയാണ് നടന്‍ ശ്രീനാഥ് ഭാസി തന്നെ ചീത്ത വിളിച്ചതെന്ന് താരത്തിന് എതിരെ പരാതി നല്‍കിയ യൂട്യൂബ് ചാനല്‍ അവതാരക. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീനാഥ് ഭാസിക്കെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടനെ മരട് പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. പിന്നാലെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ശ്രീനാഥ് ഭാസിയെ സിനിമയില്‍ നിന്നും വിലക്കാനും തീരുമാനമെടുത്തിട്ടുണ്ട്.
വിവാദമായ അഭിമുഖത്തിന് ശ്രീനാഥ് ഭാസി എത്തിയത് വൈകി ആണെന്ന് അവതാരക പറയുന്നു. 'വൈകിയതിനെ കുറിച്ച് താരത്തോട് സംസാരിച്ചിരുന്നു. നടന്‍ ഉറങ്ങിപ്പോയെന്ന് തനിക്കൊപ്പമുളള കുട്ടി പറഞ്ഞു. താന്‍ ഉറങ്ങിയിട്ട് മൂന്ന് ദിവസമായി എന്നാണ് ശ്രീനാഥ് ഭാസി പറഞ്ഞത്. ഒരു ദിവസം ഉറങ്ങിയില്ലെങ്കില്‍ തനിക്ക് ഭ്രാന്തായി പോകും എന്ന് താന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി, അതുകൊണ്ടാണ് നിങ്ങള്‍ അവിടെ ഇരിക്കുന്നതെന്നും താന്‍ ശ്രീനാഥ് ഭാസിയായി ഇവിടെ നില്‍ക്കുന്നത് എന്നുമാണ്', അവതാരക വ്യക്തമാക്കി.

അഭിമുഖം നടക്കുന്ന സമയത്ത് ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നോ എന്നത് പോലീസ് പരിശോധിക്കുന്നുണ്ട്. നടന്റെ രക്ത സാമ്പിള്‍, തലമുടി, നഖം എന്നിവയുടെ സാമ്പിളുകള്‍ പോലീസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ലഹരി മരുന്ന് ഉപയോഗിച്ചുണ്ട് എങ്കില്‍ 90 ദിവസം പിന്നിടുന്നതിന് മുന്‍പ് പരിശോധന നടത്തിയാല്‍ കണ്ടെത്താന്‍ സാധിക്കും എന്നാണ് വിവരം. ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയാല്‍ അത് നടന് വന്‍ തിരിച്ചടിയായി മാറും.












Click it and Unblock the Notifications