അദ്ധ്യാപകരെ പുറത്താക്കുമെന്ന് മാനേജ്‌മെന്റ്, നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥികള്‍ സമരം പിന്‍വലിച്ചു...
മാനേജ്‌മെന്റ് നല്‍കിയ ഉറപ്പ് പാലിക്കാത്തതിനാലാണ് വിദ്യാര്‍ത്ഥികള്‍ വീണ്ടും സമരം ആരംഭിച്ചത്.
തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥി സമരം പിന്‍വലിച്ചു. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കാമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ജിഷ്ണുവിന്റെ മരണത്തില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ പുറത്താക്കുമെന്ന ഉറപ്പ് മാനേജ്‌മെന്റ് ലംഘിച്ചതിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ സമരം നടത്തിയത്. മാസങ്ങള്‍ നീണ്ട സമരപരമ്പരകള്‍ക്ക് ശേഷം ക്ലാസ് തുടങ്ങിയ പാമ്പാടി നെഹ്‌റു കോളേജില്‍ മാര്‍ച്ച് ഒന്ന് ബുധനാഴ്ച മുതലാണ് വീണ്ടും വിദ്യാര്‍ത്ഥി സമരം ആരംഭിച്ചത്.

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോളേജ് ചെയര്‍മാന്‍ പികെ കൃഷ്ണദാസിന് പുറമേ ആരോപണവിധേയരായ പിആര്‍ഒ സഞ്ജിത് വിശ്വനാഥ്, വൈസ് പ്രിന്‍സിപ്പല്‍, പരീക്ഷാ ഹാളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അദ്ധ്യാപകന്‍ എന്നിവരെ കോളേജില്‍ നിന്നും പുറത്താകുമെന്നാണ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഇതുവരെ ഇവരെ പുറത്താക്കിയതായി മാനേജ്‌മെന്റ് അറിയിച്ചിട്ടില്ല. മാനേജ്‌മെന്റ് നല്‍കിയ ഉറപ്പ് പാലിക്കാത്തതിനാലാണ് വിദ്യാര്‍ത്ഥികള്‍ വീണ്ടും സമരം ആരംഭിച്ചത്.

വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം ക്ലാസുകള്‍ ബഹിഷ്‌ക്കരിച്ച ശേഷം കോളേജ് ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചാണ് സമരം ചെയ്തത്. തുടര്‍ന്ന് എഡിഎമ്മിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കുമെന്നും, ആരോപണവിധേയരായ അദ്ധ്യാപകരെയും പിആര്‍ഒയെയും പുറത്താക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചത്.












Click it and Unblock the Notifications