കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസഹനീയമായ ചൂട്; വേഴാമ്പലുകളുടെ എണ്ണം കുറയുന്നു.. ജീവനു തന്നെ ഭീഷണി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: അസഹനീയമായ ചൂട് വാഴച്ചാല്‍ മേഖലയില്‍ വേഴാമ്പലുകളുടെ ജീവന് ഭീഷണിയാകുന്നു. പ്രജനനകാലമായതിനാല്‍ ഈ സീസണില്‍ വേഴാമ്പലുകള്‍ കൂട്ടത്തോടെയാണ് വാഴച്ചാലില്‍ എത്തിയിട്ടുള്ളത്. പ്രജനനകാലം അവസാനിക്കുന്ന അടുത്ത മാസാവസാനത്തോടെ ഇവ കൂടുകള്‍ വിട്ടിറങ്ങും. മഴക്കാലം തുടങ്ങുന്നതോടെ വേഴാമ്പലുകള്‍ പൂര്‍ണമായും കൂടൊഴിയും.

ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് വേഴാമ്പലുകള്‍ മുട്ടയിട്ട് അടയിരിക്കാനായി കൂടൊരുക്കുന്നത്. മൂന്ന്-നാല് മാസങ്ങള്‍ക്ക് ശേഷം കുഞ്ഞുങ്ങള്‍ക്ക് പറക്കാന്‍ പാകമാകുന്നതോടെ ഇവ കൂടുകള്‍ വിട്ട് പുറത്തിറങ്ങും. മറ്റ് ജീവികളില്‍നിന്നുള്ള ആക്രമണം ഒഴിവാക്കാനായി ഉയരം കൂടിയ വൃക്ഷങ്ങളാണ് ഇവ കൂടിനായി തെരഞ്ഞെടുക്കുന്നത്. പെണ്‍വേഴാമ്പലുകള്‍ മുട്ടയ്ക്ക് അടയിരിക്കുമ്പോള്‍ ഭക്ഷണം ശേഖരിക്കുന്നതും കൂടിന് കാവലിരിക്കുന്നതും ആണ്‍ വേഴാമ്പലുകളാണ്.

hornbill

മലക്കപ്പാറ, നെല്ലിയാംപതി, പറമ്പിക്കുളം എന്നിവിടങ്ങളും വേഴാമ്പലുകളുടെ പ്രജനന കേന്ദ്രമാണെങ്കിലും ഈ മേഖലകളില്‍ മലമുഴക്കി വേഴാമ്പലുകള്‍ മാത്രമാണ് കാണപ്പെടുന്നത്. എന്നാല്‍ വാഴച്ചാല്‍ മേഖല മലമുഴക്കി വേഴാമ്പലുകള്‍ക്ക് പുറമെ പാണ്ടന്‍ വേഴാമ്പലുകളുടേയും കോഴി വേഴാമ്പലുകളുടേയും ആവാസകേന്ദ്രമാണ്. വംശനാശ ഭീഷണി നേരിടുന്ന ഇനമാണ് പാണ്ടന്‍ വേഴാമ്പലുകളെങ്കില്‍ പശ് ചിമഘട്ടത്തില്‍ മാത്രം കണ്ടുവരുന്നവയാണ് കോഴി വേഴാമ്പലുകള്‍. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ മേഖലയില്‍ വേഴാമ്പലുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് പഠനങ്ങള്‍ പറയുന്നു.

ഇരുപത്തിമൂന്ന് കൂടുകള്‍ മാത്രമുണ്ടായിരുന്ന വാഴച്ചാല്‍ മേഖലയില്‍ വേഴാമ്പല്‍ ഫൗണ്ടേഷന്റേയും വനംവകുപ്പിന്റേയും കാടര്‍ സമുദായത്തിന്റേയും നേതൃത്വത്തില്‍ വേഴാമ്പലുകള്‍ക്ക് സംരക്ഷണം ഒരുക്കിയതോടെ കൂടുകളുടെ എണ്ണം എഴുപതോളമായി വര്‍ധിച്ചു. വന്‍ മരങ്ങള്‍ മുറിച്ചുമാറ്റി തേക്ക് തോട്ടങ്ങളും തേയില തോട്ടങ്ങളുമാക്കിയതാണ് ഈ മേഖലയില്‍ വേഴാമ്പലുകളുടെ എണ്ണം കുറയാന്‍ കാരണമായതെന്നാണ് ശാസ്ത്രീയ പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ ഇക്കൊല്ലം കാട്ടുതീയും കനത്ത ചൂടും വേഴാമ്പലുകളുടെ വില്ലനാവുകയാണ്. വനത്തിനകത്തേക്ക് അനിയന്ത്രിതമായുള്ള സഞ്ചാരികളുടെ പ്രവേശനവും വേഴാമ്പലുകളുടെ ജീവന് ഭീഷണിയായി മാറുന്നുണ്ട്. വനത്തിനകത്തേക്കുള്ള സഞ്ചാരികളുടെ കടന്നുകയറ്റം മൂലം വാഴച്ചാല്‍ മേഖലയിലെ നാല് കൂടുകളില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി വേഴാമ്പലുകള്‍ പ്രവേശിക്കുന്നില്ല. പ്രജനന കാലം കഴിഞ്ഞ് കൂടൊഴിയുമ്പോള്‍ ഒരു കൂട്ടില്‍നിന്നും ശരാശരി രണ്ട് കുഞ്ഞുങ്ങളാണ് പുറത്തിറങ്ങുക. ഇരുനൂറോളം വേഴാമ്പലുകളാണ് ഈ മേഖലയില്‍ ഇപ്പോഴുള്ളതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

English summary
Summer: hornbill in crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X