മണ്ഡലങ്ങളില്‍ സജീവമാകാന്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് നിര്‍ദേശം; കെ സുധാകരന്‍ കേരള യാത്രയ്ക്ക്
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മണ്ഡലങ്ങളില്‍ സജീമാകാന്‍ എംപിമാര്‍ കോണ്‍ഗ്രസ് നിര്‍ദേശം. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിന്റേതാണ് നിര്‍ദേശം. നേതാക്കള്‍ ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് പൊതു വികാരമുണ്ട്. അതേസമയം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കേരള യാത്ര നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതും രാഷ്ട്രീയകാര്യ സമിതിയിലെ തീരുമാനമാണ്.
ജനുവരിയിലാണ് കേരള യാത്ര ആരംഭിക്കുക. സംസ്ഥാന സര്‍ക്കാരിന്റെ ജനസദസിനെ നേരിടുന്ന പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിന്റെ നേതൃത്വത്തിലാണ് രാഷ്ട്രീയകാര്യ സമിതി യോഗം നടന്നത്. കര്‍ണാടക പിടിക്കാന്‍ കോണ്‍ഗ്രസിനെ സഹായിച്ച തന്ത്രജ്ഞനാണ് കനുഗോലു. കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയം ആവര്‍ത്തിക്കാന്‍ കൂടിയാണ് കനുഗോലുവിനെ കൊണ്ടുവന്നിരിക്കുന്നത്.

നാല് ഘട്ട പ്രചാരണ രീതികള്‍ക്ക് രൂപം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. പ്രചാരണ രീതികളും യോഗത്തില്‍ വിശദീകരിച്ചു. സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ കഴിയുന്ന സമരങ്ങള്‍ ശക്തമാക്കാനാണ് നിര്‍ദേശം. മണ്ഡലം പുനസംഘടന വേഗത്തിലാക്കാനും യോഗത്തില്‍ തീരുമാനിച്ചു. അതേസമയം പാര്‍ട്ടിക്കുള്ളിലും നേതാക്കള്‍ക്കിടയിലും ഭിന്നത പാടില്ലെന്നും, ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നുമാണ് യോഗത്തിലെ പ്രധാന നിര്‍ദേശം.
കനുഗോലുവിന്റെ രീതികള്‍ പ്രകാരമാണ് കോണ്‍ഗ്രസ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുക. നാളെ മുതല്‍ മണ്ഡലങ്ങളില്‍ എംപിമാര്‍ നിറഞ്ഞ് നില്‍ക്കാനാണ് നിര്‍ദേശം. മണ്ഡലത്തിലെ ഒരു പരിപാടിയും ഒഴിവാക്കേണ്ടെന്നാണ് നിര്‍ദേശം. സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയും, കേന്ദ്രത്തിന്റെ നയങ്ങളെ നേരിടുകയും വേണമെന്നാണ് നിര്‍ദേശം.
ആരാണ് സുനില്‍ കനുഗോലു
കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത് സുനില്‍ കനുഗോലുവാണ്. വളരെ നിശബ്ദനായി പ്രവര്‍ത്തിക്കുന്നതാണ് അദ്ദേഹത്തിന്റെ ശൈലി. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് തന്ത്രമൊരുക്കുക കനുഗോലുവാണ്. കര്‍ണാടകയിലെ ബെല്ലാരിയിലാണ് അദ്ദേഹം ജനിച്ചത്.
ജന്മം കൊണ്ട് ആന്ധ്ര സ്വദേശിയാണ് അദ്ദേഹം. എന്നാല്‍ കര്‍ണാടകയില്‍ അദ്ദേഹത്തിന് ബന്ധുക്കളുണ്ട്. ബിജെപി, ഡിഎംകെ, അണ്ണാഡിഎംകെ എന്നിവര്‍ക്കായി കനുഗോലു തന്ത്രമൊരുക്കിയിട്ടുണ്ട്. തമിഴ് അഭിമാന രാഷ്ട്രീയത്തെ വളര്‍ത്തിയെടുക്കുന്നതില്‍ കനുഗോലുവിന്റെ പങ്ക് വളരെ വലുതാണ്.
പ്രശാന്ത് കിഷോര്‍ വരില്ലെന്ന് ഉറപ്പായതോടെയാണ് കനുഗോലുവിനെ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നത്. തെലങ്കാനയില്‍ അടക്കം പാര്‍ട്ടിക്കായി അദ്ദേഹം തന്ത്രമൊരുക്കും. എക്‌സിറ്റ് പോളുകളില്‍ ഇവിടെയും കോണ്‍ഗ്രസ് മുന്‍തൂക്കം പുലര്‍ത്തുന്നുണ്ട്.












Click it and Unblock the Notifications