ഹര്‍ജിയ്ക്ക് പിന്നില്‍ പകപോക്കല്‍; തുഷാറിനെതിരെ അന്വേഷണം വേണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളി സുപ്രീംകോടതി
ന്യൂദല്‍ഹി: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ നിയമനവുമായി ബന്ധപ്പെട്ട് ബി ഡി ജെ എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് അനുകൂല വിധിയുമായി സുപ്രീംകോടതി. തുഷാറിനെതിരായ വിജിലന്‍സ് കേസ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ്മാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യ കാന്ത് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. വ്യക്തിപരമായ പക പോക്കല്‍ കാരണമാകാം കേസുമായി മുന്നോട്ട് പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സുപ്രീം കോടതി കുറ്റപ്പെടുത്തി.
ക്രമവിരുദ്ധമായി നടക്കുന്ന എല്ലാ നിയമനങ്ങളിലും ക്രിമിനല്‍ കുറ്റം ഉണ്ടെന്ന് പറയാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. 2011 - 2013 കാലഘട്ടത്തില്‍ ഗുരുവായൂര്‍ ദേവസ്വത്തിലെ ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ സീനിയര്‍ ടെക്നീഷ്യനും ജീവനക്കാരുടെ പ്രതിനിധിയെന്ന നിലയില്‍ ബോര്‍ഡ് അംഗവുമായിരുന്ന എ രാജുവിനെ യോഗ്യതയില്ലാതെ ഫോര്‍മാന്‍ ഗ്രേഡ് ഒന്നിലും കെ രഞ്ജിത്തിനെ സിസ്റ്റം അനലിസ്റ്റായും നിയമിച്ചത് സംബന്ധിച്ചാണ് തുഷാര്‍ വെള്ളാപ്പള്ളിയ്‌ക്കെതിരായ ആരോപണം.

തുഷാര്‍ വെള്ളാപ്പള്ളി ആ കാലഘട്ടത്തില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ അംഗമായിരുന്നു. കേസില്‍ തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ അന്വേഷണം നടത്തി തൃശൂര്‍ വിജിലന്‍സ് കോടതിയിലാണ് കുറ്റപത്രവും ഫയല്‍ ചെയ്തിരുന്നത്. എന്നാല്‍ കുറ്റപത്രവും, കേസും ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഇതിന് എതിരെ ആയിരുന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
നിയമനം നടത്തിയത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തും ദേവസ്വത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയും ആണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ വാദിച്ചു. തുഷാര്‍ വെള്ളാപ്പള്ളി നടത്തിയ നിയമനത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും സര്‍ക്കാരിന് വേണ്ടി അദ്ദേഹം ആരോപിച്ചു. അതിനാല്‍ കേസിലെ എല്ലാ പ്രതികളും വിചാരണ നേരിടണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ ഈ വാദങ്ങളെല്ലാം സുപ്രീം കോടതി തള്ളി. ഫോര്‍മാന്‍ ഗ്രേഡ് ഒന്നായി നിയമനം ലഭിച്ച എ രാജു വിരമിച്ച സാഹചര്യവും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സ്ഥാനക്കയറ്റം ലഭിച്ചതിലൂടെ എ രാജുവിന് നല്‍കേണ്ട ആനുകൂല്യങ്ങള്‍ ഒരു മാസത്തിനകം നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.












Click it and Unblock the Notifications