'135 വർഷത്തെ കാലവർഷം മറികടന്നതാണ്, മുല്ലപ്പെരിയാറിന്റെ സുരക്ഷാ ഭീഷണി ആശങ്ക മാത്രം'; സുപ്രീം കോടതി
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി. മുല്ലപ്പെരിയാറിന് സുരക്ഷാ ഭീഷണി ഉണ്ടെന്നത് ആശങ്ക മാത്രമാണ് എന്നാണ് കോടതി നിരീക്ഷിച്ചത്. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു കോടതി ഇക്കാര്യം പറഞ്ഞത്.
ജസ്‌റ്റിസുമാരായ ഋഷികേശ് റോയ്, എസ് വി എൻ ഭട്ടി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണം. 135 വർഷത്തെ കാലവർഷം അണക്കെട്ട് മറികടന്നതാണെന്നും ഋഷികേശ് റോയി ചൂണ്ടിക്കാട്ടി. അണക്കെട്ടുമായി ബന്ധപ്പെട്ട ഹർജികൾ മൂന്നംഗ ബെഞ്ച് പരിഗണിക്കുമെന്നാണ് സുപ്രീം കോടതി അറിയിച്ചത്.

സുരക്ഷാ ഭീഷണിയുണ്ടെന്ന് പറയപ്പെടുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതിചെയ്യുന്ന കേരളത്തില്‍ കഴിഞ്ഞിട്ടുള്ള ആളുകളാണ് തങ്ങള്‍. 135 വര്‍ഷത്തെ കാലപ്പഴക്കം മറികടന്നതാണ് അണക്കെട്ട്. ആ അണക്കെട്ട് നിര്‍മ്മിച്ചവർക്ക് അഭിമാനപൂര്‍വം നന്ദി പറയുന്നുവെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കേരളത്തിൽ ഒന്നര വർഷത്തോളം ജീവിച്ചതാണെന്ന് ജസ്‌റ്റിസ് ഋഷികേശ് റോയ് പറഞ്ഞു.
ജസ്‌റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിനാണ് കേസ് വിട്ടിരിക്കുന്നത്. സുരക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് കേരളത്തിന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. മറ്റൊരു ബെഞ്ച് മുല്ലപ്പെരിയാര്‍ കേസ് ലിസ്‌റ്റ് ചെയ്‌തിട്ടുള്ളത് 2027ലാണ് എന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
അണക്കെട്ടിന് 50 വര്‍ഷത്തെ ആയുസാണ് പറഞ്ഞിരുന്നത്. മഴക്കാലവും വരാനിരിക്കുന്നുവെന്ന് കേരളത്തിന്റെ അഭിഭാഷകന്‍ വാദത്തിനിടെ എടുത്തുപറഞ്ഞു. അപ്പോഴാണ് അണക്കെട്ട് പണിതശേഷം എത്ര മഴക്കാലമാണ് കടന്നുപോയതെന്ന് കോടതി ചോദിച്ചത്. ജസ്‌റ്റിസ് ഋഷികേശ് റോയ് നേരത്തെ കേരള ഹൈക്കോടതിയില്‍ ചീഫ് ജസ്‌റ്റിസായി പ്രവർത്തിച്ചിരുന്നു.
അതേസമയം, മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീം കോടതിയുടെ നിരീക്ഷണം തെറ്റാണെന്നാണ് ഡീൻ കുര്യാക്കോസ് എംപി പ്രതികരിച്ചത്. സ്ഥലപരിശോധന നടത്തിയല്ല ഇപ്പോൾ കോടതി നടത്തിയ നിരീക്ഷണം. സുപ്രീം കോടതി നിയോഗിച്ച മേൽനോട്ട സമിതിയിൽ നിന്ന് നീതി ലഭിച്ചിട്ടില്ലെന്നും ഇന്ന് നടത്തിയ നിരീക്ഷണം ജഡ്‌ജി ഒന്നും മനസിലാക്കാതെ നടത്തിയതാണെന്നും ഡീൻ പറഞ്ഞു.
വിഷയം ഡാം സേഫ്റ്റി അതോറിറ്റിയുടെ കീഴിലാക്കിയിട്ടുണ്ടെന്നും ഡീൻ കുര്യാക്കോസ് വ്യക്തമാക്കി. നിലവിലെ തർക്കങ്ങൾ പരിഹരിക്കാൻ ഡാം സേഫ്റ്റി അതോറിറ്റിക്ക് സാധിക്കും. അതിലാണ് കേരളത്തിന്റെ പ്രതീക്ഷയെന്നും നിലവിൽ കേരളത്തിന് ആശ്വാസകരമായ അവസ്ഥയാണ് ഉള്ളതെന്നും എംപി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications