'ഈ വർഷം തൃശൂരിലേക്ക് വമ്പൻ പദ്ധതികൾ, എയിംസ് കേരളത്തിലേക്ക് വരുമെന്നതിൽ സംശയം വേണ്ട'; സുരേഷ് ഗോപി
തൃശൂർ: പുതുവർഷ ദിനത്തിൽ കേരളത്തിലേക്ക് എയിംസ് വരുമെന്ന് ആവർത്തിച്ച് കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ സുരേഷ് ഗോപി. കേരളത്തിലേക്ക് എയിംസ് വരും എന്നതിൽ സംശയമില്ല. ആലപ്പുഴ കഴിഞ്ഞാൽ അത് അവകാശപ്പെട്ടത് തൃശൂരിനാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി. തൃശൂരിലേക്ക് വമ്പൻ പദ്ധതികൾ ഈ വർഷം വരുമെന്നും വഴിയേ പറയാമെന്നും സുരേഷ് ഗോപി പറഞ്ഞു.
വലിയൊരു പ്രോജക്റ്റ് കേരളത്തിന് അനുവദിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിട്ടുണ്ടെന്നും സുരേഷ് ഗോപി അറിയിച്ചു. കേരളത്തിന് അനുവദിച്ച ഫൊറൻസിക് ലാബ് ഇല്ലാതാക്കിയത് എല്ലാവർക്കും അറിവുള്ള കാര്യമാണല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിന്റെ രേഖയൊക്കെ ഞാൻ തരാം. പക്ഷേ ഇപ്പോൾ അതിനേക്കാൾ വലിയൊരു പദ്ധതി തന്നിട്ടുണ്ടെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

അതിന് അവർ സ്ഥലം തരുമോ എന്ന് നോക്കട്ടേ. കേരളത്തിൽ എയിംസ് വന്നിരിക്കും. അത് ഓർഗാനിക്കായി വരുന്നതാണ്. അല്ലാതെ ഒരിക്കലും അത് ആരുടെയും കഴിവും മികവും കൊണ്ടല്ല വരുന്നത്. ഓർഗാനിക്കായി തന്നെ കേരളത്തിലേക്ക് ഒരു എയിംസ് വരുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയും എയിംസ് വിഷയത്തിൽ സുരേഷ് ഗോപി സമാനമായി പലപ്പോഴായി പ്രതികരണങ്ങൾ നടത്തിയിരുന്നു.
അതിനിടെ ശബരിമല സ്വർണക്കൊള്ള കേസിൽ യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചല്ലോ എന്ന ചോദ്യത്തിന് സുരേഷ് ഗോപി നൽകിയ മറുപടി ശ്രദ്ധേയമായിരുന്നു. ചോദ്യത്തിൽ മറുപടി കൂടുതൽ വിശദീകരിക്കാതെ രണ്ട് വാക്കിൽ മറുപടി നൽകുകയായിരുന്നു കേന്ദ്ര മന്ത്രി സുരേഷ് ഗോപി. 'സ്വാമിയേ ശരണമയ്യപ്പാ' എന്നാണ് നെഞ്ചിൽ കൈവച്ച് അദ്ദേഹം പറഞ്ഞത്.
അതേസമയം, പ്രത്യേക അന്വേഷണ സംഘം തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ലെന്നാണ് അടൂർ പ്രകാശ് വ്യക്തമാക്കുന്നത്. ചാനലുകളിലൂടെയാണ് തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചുവെന്നറിഞ്ഞതെന്നും എന്നാൽ അങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ശശിയുടെ പണിയാണ് നടക്കുന്നതെന്നും ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ ഹാജരാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം അടൂർ പ്രകാശിനെ ചോദ്യം ചെയ്യുമെന്ന സൂചന ലഭിച്ചത്. ഉണ്ണികൃഷ്‌ണൻ പോറ്റിയുമായി ബന്ധമുള്ളവരുടെ പട്ടിക അന്വേഷണ സംഘം തയ്യാറാക്കിയതിന് തൊട്ട് പിന്നാലെയായിരുന്നു ഈ വിവരം പുറത്തുവന്നത്. ഉണ്ണികൃഷ്‌ണൻ പോറ്റി ഡൽഹിയിൽ മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ കാണാൻ പോകുമ്പോൾ അടൂർ പ്രകാശും ഒപ്പമുണ്ടായിരുന്നു.


Click it and Unblock the Notifications