താനൂര്‍ കലാപം; വഴിവെച്ചതും തകര്‍ത്തതും പോലീസ്, കണ്ണില്‍ പൊടിയിട്ട് സര്‍വകക്ഷിയോഗം, മണ്ണാങ്കട്ട!!

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

മലപ്പുറം: കോടികളുടെ നഷ്ടമുണ്ടാക്കിയ താനൂര്‍ തീരദേശ കലാപത്തിന് വഴിവെച്ചത് പോലീസാണെന്ന് പുതിയ വിവരങ്ങള്‍. സംഘര്‍ഷ സാധ്യത സംബന്ധിച്ച് പ്രദേശത്തെ ചിലര്‍ പോലീസിനെ വിവരം ധരിപ്പിച്ചിരുന്നെങ്കിലും പോലീസ് കാര്യമായെടുത്തില്ല. കലാപത്തിനിടെ ആദ്യം പക്ഷം ചേര്‍ന്ന പോലീസ് പിന്നീട് കണ്ണില്‍കണ്ടതെല്ലാം തകര്‍ക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

സമാധാനത്തിന്റെ പേരില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗവും പ്രഹസനമായെന്നാണ് ആക്ഷേപം. മുഖ്യധാരാ പാര്‍ട്ടികള്‍ തട്ടിക്കൂട്ടിയ നാടകമാണിതെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ തന്നെ പറയുന്നു. വ്യാപക അക്രമം നടത്തിയ പോലീസിനെതിരേ യാതൊരു നടപടിയുമെടുക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത സര്‍ക്കാര്‍ പ്രതിനിധികള്‍ ഉറപ്പ് നല്‍കിയില്ല.

1.40 കോടി രൂപ നഷ്ടമെന്ന് സര്‍ക്കാര്‍

റവന്യൂ വകുപ്പിന്റെ കണക്ക് പ്രകാരം കലാപത്തിലുണ്ടായ നാശനഷ്ടം 1.40 കോടി രൂപയാണ്. ഇതില്‍ കൂടുതലും വരുത്തിയതാവട്ടെ പോലീസ് ഉദ്യോഗസ്ഥരാണെന്ന് പ്രദേശത്തുകാരും മേഖല സന്ദര്‍ശിച്ചവരും പറയുന്നു. സംഭവം നടന്ന ഉടനെ കഴിഞ്ഞാഴ്ച നടന്ന ആദ്യ സര്‍വകക്ഷി യോഗത്തില്‍ രണ്ടര കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായെന്ന് വിവിധ പ്രതിനിധികള്‍ പറഞ്ഞിരുന്നു.

സംഘര്‍ഷത്തിന് കാരണം

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മേഖലയില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു. സീറ്റ് നഷ്ടമായതില്‍ മുസ്ലീം ലീഗും പിടിച്ചെടുത്ത മണ്ഡലത്തില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ സിപിഎമ്മും നടത്തുന്ന നീക്കങ്ങളാണ് അസ്വാരസ്യങ്ങള്‍ക്കിടയാക്കിയിരുന്നത്. സംഘര്‍ഷം നിരന്തരം ആവര്‍ത്തിക്കുന്നത് സംബന്ധിച്ച് പ്രദേശത്തെ പ്രായം ചെന്നവര്‍ പോലീസിനോട് പറഞ്ഞിരുന്നു.

തമ്മില്‍ തല്ലി ചാകട്ടെടോ

സംഘര്‍ഷം നടക്കുന്ന തൊട്ടുമുമ്പുള്ള ദിവസവും പ്രദേശത്തെ ചിലര്‍ പോലീസിനെ നേരില്‍ കണ്ടിരുന്നു. സംഘര്‍ഷ സാധ്യതയുണ്ടെന്ന് ബോധിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തമ്മില്‍ തല്ലി ചാകട്ടെടോ എന്നായിരുന്നുവത്രെ പ്രതികരണം.

പോലീസ് ഇടപെടല്‍ വൈകി

പോലീസ് ശക്തമായ നിലപാട് അപ്പോള്‍ തന്നെ സ്വീകരിച്ചിരുന്നെങ്കില്‍ സംഘര്‍ഷമുണ്ടാവില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കൂടാതെ മേഖലയില്‍ ശക്തമാവുന്ന കഞ്ചാവ് ലോബിയും സംഘര്‍ഷം വ്യാപിക്കാന്‍ കാരണമായിട്ടുണ്ടെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ സമ്മതിക്കുന്നു.

നേരത്തെ ആസൂത്രണം നടന്നു

കഴിഞ്ഞ 12ന് രാത്രി പത്ത് മണിക്ക് ശേഷമാണ് സംഘര്‍ഷമുണ്ടാവുന്നത്. വളരെ പെട്ടെന്ന് ചാപ്പപടി മുതല്‍ ഫാറൂഖ് പള്ളി വരെയുള്ള പ്രദേശത്തേക്ക് വ്യാപിച്ചു. മുസ്ലീം ലീഗിന്റൈയും സിപിഎമ്മിന്റെയും പ്രവര്‍ത്തകള്‍ ഇത്രവേഗം ആക്രമണവും പ്രത്യാക്രമണവും നടത്തിയത് നേരത്തെ ആസൂത്രണം ചെയ്തിരുന്നത് കൊണ്ടാണെന്ന് പോലീസ് തന്നെ സമ്മതിക്കുന്നു.

 സംഘര്‍ഷത്തിനിടെ പോലീസ് ചെയ്തത്

സംഘര്‍ഷ മേഖലയിലെത്തിയ പോലീസ് ആദ്യം ചെയ്തത് ഒരു വിഭാഗത്തിനൊപ്പം ചേരുകയായിരുന്നുവെന്ന് സാക്ഷികളായവര്‍ പറയുന്നു. ഇതോടെയാണ് പോലീസിന് നേരെ കല്ലേറുണ്ടായത്. ഈ അവസരം കഞ്ചാവ് ലോബിയും മുതലെടുത്തു. കല്ലേറില്‍ പരിക്കേറ്റതോടെ പോലീസ് ഇരുവിഭാഗത്തെയും തല്ലിയോടിക്കുകയായിരുന്നു.

പോലീസ് അടിച്ചുതകര്‍ത്തു

കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയതോടെയാണ്, പോലീസ് വീടുകള്‍ക്കെതിരേ ആക്രമണം നടത്തിയത്. അസുഖ ബാധിതരായവരെ പോലും വീട്ടില്‍ നിന്നു വലിച്ചിറക്കി കൊണ്ടുപോയി. സ്ത്രീകളെ മര്‍ദ്ദിച്ചു. നിരവധി വീടുകളും വാഹനങ്ങളും നശിപ്പിച്ചു.

 ജുഡീഷ്യല്‍ അന്വേഷണം പരിഗണിച്ചില്ല

സംഭവത്തില്‍ പോലീസിനെതിരേ അന്വേഷണം വേണമെന്നും ജുഡീഷ്യല്‍ അന്വേണഷണം വേണമെന്നുമാണ് സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അക്കാര്യം സര്‍ക്കാര്‍ പ്രതിനിധികള്‍ പരിഗണിച്ചില്ല. സിപിഎം ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും പോലീസിനെതിരേ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

നഷ്ടപരിഹാരം എവിടെ

നഷ്ടപരിഹാരത്തിന്റെ കാര്യത്തിലും സര്‍വകക്ഷി യോഗം കാര്യമായ തീരുമാനമെടുത്തില്ല. നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ ഒരുമാസത്തിന് ശേഷം യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് മാത്രമാണ് യോഗത്തില്‍ അധ്യക്ഷത വഹിച്ച മന്ത്രി കെടി ജലീല്‍ മാധ്യമങ്ങളെ അറിയിച്ചത്.

കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ ചര്‍ച്ച

യോഗത്തിലെടുത്ത പ്രധാന കാര്യങ്ങള്‍ മന്ത്രി അക്കമിട്ട് വായിച്ചിരുന്നെങ്കിലും അക്രമികള്‍ക്കെതിരേയും പോലീസിനെതിരേയും ശക്തമായ നടപടി സ്വീകരിക്കുന്നതിന് വേണ്ട ഒരു കാര്യവും പറഞ്ഞില്ല. കേസുകള്‍ പരസ്പരം ഒത്തുതീര്‍പ്പാക്കുന്നത് സംബന്ധിച്ചും ആലോചിക്കണമെന്ന് യോഗത്തില്‍ ധാരണയായിട്ടുണ്ട്. യഥാര്‍ഥ പ്രതികളെ പിടികൂടാത്തതാണ് തീരദേശത്ത് അക്രമങ്ങള്‍ തുടര്‍കഥയാവാനുള്ള കാരണം.

പോലീസിനെതിരേ നടപടിയില്ല

സംഘര്‍ഷത്തിനിടെ പോലീസ് തകര്‍ത്ത വീടുകളുടെയും വാഹനങ്ങളുടെയും കാര്യത്തില്‍ യാതൊന്നും മന്ത്രി പറഞ്ഞില്ല. പോലീസ് ചില വീടുകള്‍ കൈയേറി താമസിക്കുന്നതും ചില വീടുകളില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ പോലും എടുത്തുകൊണ്ടു പോയ കാര്യങ്ങളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. എന്നാല്‍ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കുന്നത് സംബന്ധിച്ചും മന്ത്രി വിശദീകരിച്ചില്ല.

നശിപ്പിച്ചത് ഇത്രയുമാണ്

റവന്യൂ വകുപ്പ് കണ്ടെത്തിയ നാശനഷ്ടങ്ങളുടെ കണക്കും സര്‍വകക്ഷി യോഗത്തിന്റെ തീരുമാനവും മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കുമെന്ന് മന്ത്രി ജലീല്‍ പറഞ്ഞു. റവന്യൂ വകുപ്പിന്റെ കണ്ടെത്തല്‍ പ്രകാരം 95 വീടുകള്‍, 31 ഓട്ടോ റിക്ഷകള്‍, 11 കാര്‍, ആറ് മിനിലോറികള്‍, 24 ബൈക്കുകള്‍, രണ്ട് ട്രക്കുകള്‍, രണ്ട് മിനി ബസുകള്‍ എന്നിവ ഭാഗികമായി നശിപ്പിച്ചിട്ടുണ്ട്.

രാഷ്ട്രീയ പ്രതിനിധികള്‍ പറയുന്നത്

കൂടാതെ ഒരു ഫൈബര്‍ വള്ളം, 30 മല്‍സ്യബന്ധന വലകള്‍, രണ്ട് മല്‍സ്യബന്ധന ഔട്ട് ബോര്‍ഡ് എന്‍ജിനുകള്‍ എന്നിവയും നശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മൊത്തം നഷ്ടം വന്ന സംഖ്യ 1.40 കോടിയാണെന്നും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിന്റെ ഇരട്ടി നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രദേശം സന്ദര്‍ശിച്ച വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ പറയുന്നത്.

English summary
cpm-league conflict in malappuram tanur. all party meeting have not indicated action against police.
Please Wait while comments are loading...