ചെന്നിത്തലയെ ഞെട്ടിച്ച് ഈ 11 പേരും പിന്തുണച്ചത് വിഡി സതീശനെ.. എ ഗ്രൂപ്പിൽ നിന്നും ഈ മൂന്ന് നേതാക്കൾ
തിരുവനന്തപുരം; വിഡി സതീശനെ പുതിയ പ്രതിപക്ഷ നേതാവായി നിയമിച്ചിരിക്കുകയാണ് ഹൈക്കമാന്റ്. ചെന്നിത്തലയെ നേതൃസ്ഥാനത്ത് നിലനിർത്താനുള്ള എ,ഐ ഗ്രൂപ്പുകളിലെ ചില നേതാക്കളുടെ ഒറ്റക്കെട്ടായുള്ള നീക്കത്തെ തള്ളിയാണ് ഹൈക്കമാന്റ് തിരുമാനം.
എ ഗ്രൂപ്പിൽ നിന്നുള്ള എംഎൽഎമാരുടെ പിന്തുണയും ഒപ്പം സ്വന്തം ഗ്രൂപ്പിൽ നിന്നുള്ളവർ കൂടി കൂടുന്നതോടെ പ്രതിപക്ഷ സ്ഥാനത്ത് തുടരാമെന്നുമുള്ള ചെന്നിത്തലയുടെ മോഹത്തിനാണ് അവസാന നിമിഷം തിരിച്ചടി ഉണ്ടായത്. ചെന്നിത്തലയുടെ പ്രതീക്ഷകൾക്ക് പാലം വലിച്ചതാകട്ടെ ഈ നേതാക്കളും.

ആത്മവിശ്വാസത്തിൽ
തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ നേതൃമാറ്റം വേണമെന്ന ഒരു വിഭാഗം വേതാക്കളുടെ ആവശ്യത്തിനിടയിലും കടുത്ത ആത്മവിശ്വാസത്തിലായിരുന്നു രമേശ് ചെന്നിത്തല. യുവ നേതാക്കളായ ഒരു വിഭാഗം ചെന്നിത്തലയെ മാറ്റണമെന്ന ആവശ്യം ഉയർത്തിയപ്പോഴും ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചെന്നിത്തലയ്ക്ക് പിന്നിൽ ഉറച്ച് നിന്നും.

ഗ്രൂപ്പ് നേതാക്കളും
മാത്രമല്ല എ ഗ്രൂപ്പിലെ ചില നേതാക്കളും ചെന്നിത്തല തന്നെ തുടരട്ടെയെന്ന നിലപാടെടുത്തു. ഹൈക്കമാന്റ് നിരീക്ഷണ സംഘം എംഎൽഎമാരുടെ അഭിപ്രായം തേടുമ്പോഴും പിന്തുണ തനിക്ക് തന്നെ ലഭിക്കുമെന്ന് ചെന്നിത്തല ഉറപ്പിച്ചെങ്കിലും 21 എംഎൽഎമാരിൽ 10 പേരുടെ പിന്തുണ മാത്രമാണ് ചെന്നിത്തലയ്ക്ക് ലഭിച്ചത്.

ചെന്നിത്തലയുടെ കണക്ക് കൂട്ടൽ
ചെന്നിത്തലയ്ക്ക് പിന്നിൽ ഉറച്ച് നിന്ന മുതിർന്ന നേതാക്കളെ ഞെട്ടിച്ച് കൊണ്ട് യുവ നിര നേതാക്കൾ വിഡി സതീശന് വേണ്ടി രംഗത്തെത്തിയെന്ന് മനോരമ റിപ്പോർട്ട് ചെയ്തു. കുറഞ്ഞത് 3 പേരുടെ പിന്തുണ മാത്രമേ ഐ ഗ്രൂപ്പിൽ നിന്നും സതീശന് ലഭിക്കുകയൂള്ളൂവെന്നായിരുന്നു ചെന്നിത്തല പക്ഷം കണക്ക് കൂട്ടിയത്.

8 പേർ മാത്രം
8 പേരാണ് വിഡി സതീശനെ ഐ ഗ്രൂപ്പിൽ നിന്നും പിന്തുണച്ചത്. അതേസമയം എ ഗ്രൂപ്പിൽ നിന്ന് ഷാഫി പറമ്പിൽ, ടി സിദ്ധിഖ് എന്നിവർ കൂടി വിഡി സതീശന് വേണ്ടി രംഗത്തെത്തിയതോടെ ചെന്നിത്തലയുടെ പ്രതീക്ഷകൾ അസ്ഥാനത്തായി. എ ഗ്രൂപ്പിൽ നിന്നും നാല് എംഎൽഎമാരുടെ പിന്തുണ മാത്രമായിരുന്നു രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ചത്.

മുതിർന്ന നേതാക്കളും
കൂടാതെ മുതിർന്ന നേതാക്കളായ വിഎം സുധീരൻ, പിജെ കുര്യൻ, കെ സുധാകരൻ, കെ മുരളീധരൻ ടിഎൻ പ്രതാപൻ എന്നിവരും വിഡി സതീശൻ നയിക്കട്ടെ എന്ന നിലപാടാണ് സ്വീകരിച്ചത്. ബെന്നി ബെഹനാൻ ഒഴികെയുള്ള എംപിമാരും പുതിയ നേതാവ് തന്നെ നയ നയിക്കട്ടെ എന്ന നിലപാടാണ് കൈക്കൊണ്ടതെന്ന് മനോരമ റിപ്പോർട്ടിൽ പറയുന്നു.

സിപിഎം നിലപാടും
അതേസമയം സിപിഎമ്മിന്റെ നിലപാടുകളും മാറി ചിന്തിക്കാൻ ഹൈക്കമാന്റിനെ പ്രേരിപ്പിച്ചെന്നാണ് വിവരം. കെകെ ശൈലജ ഉൾപ്പെടെയുള്ള അതിശക്തരായ നേതാക്കളെ പോലും യുവ തലമുറയ്ക്ക് വേണ്ടി മാറ്റി നിർത്താൻ സിപിഎം കാണിച്ച ധൈര്യം പിന്തുടരേണ്ടതുണ്ടെന്ന വികാരം ഹൈക്കമാന്റിലുണ്ടായിരുന്നു.

തിരിച്ചടിയുടെ കാരണം
അതിനിടെ കേരളത്തിൽ എത്തിയ കോൺഗ്രസ് നിരീക്ഷക സംഘവും സംസ്ഥാനത്തെ ഗ്രൂപ്പ് രാഷ്ട്രീയത്തെ കുറിച്ച് ഹൈക്കമാന്റിനെ അറിയിച്ചതായാണ് സൂചന. നേരത്തേ സംസ്ഥാനത്തിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് താരിഖ് അൻവറും തിരിച്ചടിയുടെ പ്രധാന കാരണം ഗ്രൂപ്പിസമാണെന്ന് റിപ്പോർട്ട് നൽകിയിരുന്നു.
Recommended Video

കെസിയുടെ തിരുമാനവും
അതേസമയം കെസി വേണുഗോപാലിന്റെ നിലപാടുകളും വിഡി സതീശനെ തിരഞ്ഞെുക്കുന്നതിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കേരളത്തിൽ ഗ്രൂപ്പുകളിയുടെ അതിപ്രസരത്തെ കുറിച്ച് ഹൈക്കമാന്റിനെ അദ്ദേഹം ബോധ്യപ്പെടുത്തിയിരുന്നു. കെസിയുടെ നിർണായക ഇടപെടൽ രാഹുലിന്റെ തിരുമാനത്തേയും സ്വാധീനിക്കാൻ കാരണമായിട്ടുണ്ടെന്നാണ് വിവരം.












Click it and Unblock the Notifications