'ഇതുപോലൊരു വൃത്തികെട്ട ഭരണം, ഞാന്‍ പിണറായിയെ പോലെ മോദിക്ക് ഉമ്മ കൊടുത്തിട്ടില്ല'; വീണ്ടും മറിയക്കുട്ടി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ രൂക്ഷ വിമര്‍ശനവുമായി ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് പിച്ചച്ചട്ടി എടുത്ത് പ്രതിഷേധിച്ച് ശ്രദ്ധ നേടിയ മറിയക്കുട്ടി. പിണറായിയുടേത് അല്ലാത്ത എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടിക്കും താന്‍ പോകുമെന്ന് മറിയക്കുട്ടി പറഞ്ഞു. സേവ് കേരള ഫോറം സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ അവകാശ സംരക്ഷണ ധര്‍ണയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മറിയക്കുട്ടി.
ക്ഷേമ പെന്‍ഷന്‍ കൃത്യമായി കൊടുക്കാന്‍ നടപടി വേണം എന്ന് ആവശ്യപ്പെട്ടായിരുന്നു ധര്‍ണ. അനേകം പേര്‍ കേരളം ഭരിച്ചിട്ടുണ്ട് എന്നും ഇത്രയും വൃത്തികെട്ട ഭരണം ഉണ്ടായിട്ടില്ല എന്നും മറിയക്കുട്ടി ആരോപിച്ചു. എത്ര പെണ്‍കുട്ടികളുടെ വസ്ത്രമാണ് സമരത്തിനിടെ പൊലീസ് വലിച്ചു കീറുന്നത് എന്നും അവര്‍ ചോദിച്ചു. സ്ത്രീകളുടെ ദേഹത്ത് തൊടാന്‍ പുരുഷ പൊലീസിന് അധികാരമില്ല.

ഇതൊക്കെയാണ് താന്‍ വിളിച്ചു പറയുന്നത് എന്നും അല്ലാതെ ഒരു പാര്‍ട്ടിയുമായും തനിക്ക് ബന്ധമില്ലെന്നും മറിയക്കുട്ടി പറഞ്ഞു. തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ബി ജെ പി പരിപാടിയില്‍ പങ്കെടുത്തതിനെ കുറിച്ചും മറിയക്കുട്ടി പ്രതികരിച്ചു. പിണറായിയെ പോലെ മോദിയെ താന്‍ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തില്ലെന്നായിരുന്നു മറിയക്കുട്ടി ഇതിനെ കുറിച്ച് പറഞ്ഞത്.
മോദിക്ക് മുന്നില്‍ മുഖ്യമന്ത്രി കൈകൂപ്പി നില്‍ക്കുന്ന ചിത്രം ഉയര്‍ത്തി കാട്ടിയായിരുന്നു മറിയക്കുട്ടിയുടെ പ്രതികരണം. സി പി എമ്മുകാര്‍ എന്നെ കുറിച്ച് പറയുന്നത് രാവിലെ കോണ്‍ഗ്രസും രാത്രി ബി ജെ പിയും ആണെന്നാണ്. എന്റെ പണി അതല്ല. പാവപ്പെട്ടവര്‍ക്ക് പെന്‍ഷന്‍ വേണം എന്ന് മറിയക്കുട്ടി പറഞ്ഞു. ജനങ്ങളുടെ നികുതിപ്പണം സര്‍ക്കാര്‍ വാങ്ങിക്കുന്നുണ്ട് എന്ന് അവര്‍ ചൂണ്ടിക്കാട്ടി.
അതിനാല്‍ ജനങ്ങളുടെ അവകാശമാണ് ചോദിക്കുന്നത് എന്നും മാസപ്പടിയില്‍ നിന്നല്ല നികുതിയില്‍ നിന്നാണ് പെന്‍ഷന്‍ ചോദിക്കുന്നത് എന്നും മറിയക്കുട്ടി പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെതിരെ യാചനാ സമരം നടത്തി സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചതോടെയാണ് മറിയക്കുട്ടി മാധ്യമ ശ്രദ്ധ നേടുന്നത്. ഇതിന് പിന്നാലെ സി പി എം മറിയക്കുട്ടിക്കെതിരെ രംഗത്തെത്തിയിരുന്നു.
രാവിലെ ബി ജെ പി, ഉച്ച കഴിഞ്ഞാല്‍ കോണ്‍ഗ്രസ് എന്നതാണ് മറിയക്കുട്ടിയുടെ നിലപാട് എന്നായിരുന്നു സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് പറഞ്ഞത്. സി പി എം ഒഴിച്ച് ഏത് പാര്‍ട്ടി വിളിച്ചാലും പോകുമെന്ന പ്രസ്താവന അതിന് തെളിവാണ് എന്നും കേരളത്തിന്റെ രാഷ്ട്രീയ അധപതനത്തിന്റെ തെളിവാണിത് എന്നും സിവി വര്‍ഗീസ് പറഞ്ഞിരുന്നു.












Click it and Unblock the Notifications