'ബാലചന്ദ്രകുമാറിന്റെ കൊലപാതകത്തേക്കുറിച്ചുള്ള വെളിപ്പെടുത്തൽ മാധ്യമങ്ങൾ എടുക്കാത്തതിന് കാരണം ഇത്'
കേരളത്തെ പോലീസിനെ നിയന്ത്രിക്കുന്നത് മാഫിയ സംഘമാണെന്ന് സംവിധായകൻ സനൽ കുമാർ ശശിധരൻ.കേരളത്തിൽ മാഫിയ ഭരണമാണെന്നും സിപിഎം നെ മാഫിയ കീഴടക്കിയിരിക്കുകയാണെന്നും പൊതുജനത്തോട് വിളിച്ചു പറഞ്ഞതിന് തനിക്കെതിരെ അറപ്പുളവാക്കുന്ന അപവാദപ്രചാരണങ്ങൾ നടക്കുകയാണ്. ദിലീപ് കേസിൽ മൊഴി പറഞ്ഞ ബാലചന്ദ്രകുമാറിന്റെ കൊലപാതകത്തേക്കുറിച്ചുള്ള വെളിപ്പെടുത്തൽ മുഖ്യധാരാമാധ്യമങ്ങൾ എടുക്കാത്തതിന് കാരണം അവയുടെ തലപ്പത്തെ മുതലാളിമാർ ഈ മാഫിയയുടെ പങ്കാളികളാണ് എന്നതാണെന്നും സനൽകുമാർ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം
'കേരളം ഭരിക്കുന്നത് ഒരു മാഫിയ ആണെന്ന് ആദ്യമായി പറഞ്ഞത് മാധ്യമപ്രവർത്തകൻ എസ്. വി പ്രദീപ് ആയിരുന്നു. ഷാലു എന്ന ട്രാൻസ്‌ജണ്ടറിന്റെ കൊലപാതകം, അവയവ മാഫിയ പ്രത്യക്ഷത്തിൽ നടത്തിയ സന്ധ്യയുടെ കൊലപാതകം എന്നിവയുടെ അന്വേഷണം പോലീസ് അട്ടിമറിക്കുന്നത് നേരിൽ കണ്ടറിയുന്നത് വരെ ഞാൻ അത് വിശ്വസിച്ചില്ല. പ്രദീപ് പറഞ്ഞത് സത്യമാണെന്നു ഞാൻ മനസിലാക്കിയപ്പോഴേക്കും അയാൾ കൊല്ലപ്പെട്ടു.

പ്രദീപിനെ ഭാരത് ലൈവ് എന്ന യുട്യൂബ് ചാനലിലേക്ക് ക്ഷണിച്ചുകൊണ്ടുപോയ ജസ്റ്റിൻ സോളമൻ എന്നയാൾ പ്രദീപിന്റെ കൊലയ്ക്ക് ദിവസങ്ങൾക്കു മുൻപ് അയാൾ അറിയാതെ അയാളുടെ വീട്ടിലേക്കുള്ള വഴിയിൽ പിന്തുടർന്നിരുന്നു എന്ന് എനിക്കറിയാം. പ്രദീപ് മരിച്ച സ്ഥലത്ത് ആദ്യം എത്തിയതും ഇയാൾ തന്നെയായിരുന്നു. പ്രദീപിന്റെ മരണത്തിൽ ഫോൺ രേഖകൾ പരിശോധിക്കുകയോ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയോ ചെയ്യാത്ത പോലീസ് നിരവധി സംശയങ്ങൾ അവശേഷിപ്പിച്ചുകൊണ്ട് അതൊരു അപകടമരണം എന്ന നിലയിൽ തന്നെ കേസ് അവസാനിപ്പിച്ചു.
ഇതേ ജസ്റ്റിൻ സോളമൻ തന്നെയാണ് ദിലീപിനെതിരെ മൊഴികൊടുത്ത ബാലചന്ദ്രകുമാറിനെതിരെ ഒരു വ്യാജ സ്ത്രീപീഡന പരാതിയ്ക്ക് പിന്നിലുണ്ടായിരുന്ന ആൾ എന്ന് അതുമായി ബന്ധപ്പെട്ട കേസിൽ പോലീസ് കണ്ടെത്തി. ആ കേസിൽ ചോദ്യം ചെയ്യാൻ കൊച്ചിയിലേക്ക് പോയ അയാൾ ട്രെയിനിൽ കുഴഞ്ഞു വീണു മരിച്ചു. ആ കേസിൽ ആർക്കും പരാതിയില്ലാത്തതുകൊണ്ട് അന്വേഷണം ഒന്നും നടക്കുന്നില്ല എന്നാണ് മനസ്സിലാക്കുന്നത്.
ഇപ്പോൾ Ananthu Sureshkumar എഴുതിയ പോസ്റ്റിലെ വിവരങ്ങൾ അനുസരിച്ച് ബാലചന്ദ്രകുമാറിന്റേത് വളരെ വലിയ ഗൂഡാലോചനയുടെ ഫലമായുണ്ടായ ആശുപത്രികൊലപാതകമാണ് എന്ന് മനസിലാക്കുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് കേരളത്തിലെ ഭരണം, പ്രത്യേകിച്ച് പോലീസ് വകുപ്പിനെ (എന്തിന് നീതിന്യായ വ്യവസ്ഥയെപ്പോലും) നിയന്ത്രിക്കുന്നത് ഒരു മാഫിയ ആണ് എന്ന് തന്നെയാണ്. ആ മാഫിയക്കെതിരെ പ്രവർത്തിച്ചാൽ, പ്രതികരിച്ചാൽ കൊല്ലപ്പെടും. ആരും ചോദിക്കാനുണ്ടാവില്ല എന്നതാണ് അവസ്ഥ.
കേരളത്തിൽ മാഫിയ ഭരണമാണെന്നും സിപിഎം നെ മാഫിയ കീഴടക്കിയിരിക്കുകയാണെന്നും പൊതുജനത്തോട് വിളിച്ചു പറഞ്ഞതിന് എനിക്കെതിരെ അറപ്പുളവാക്കുന്ന അപവാദപ്രചാരണങ്ങൾ നടക്കുന്നു. എനിക്ക് നേരെ ദീർഘകാലമായി വധ ഗൂഡാലോചന നടക്കുന്നു. മാഫിയയെ കുറിച്ച് ഞാൻ പറയുന്നത് മാനസിക രോഗം കൊണ്ടാണെന്നും ഞാൻ മയക്കുമരുന്നിന് അടിമയാണെന്നും അതിശക്തമായ പ്രചരണം നടക്കുന്നു. മലയാള സിനിമയിലെ സെക്സ് റാക്കറ്റിനെകുറിച്ച് പുറത്തു പറഞ്ഞതിന് എന്റെ ജീവിതം വരിഞ്ഞു മുറുക്കപ്പെട്ടു.
ഒരു കാര്യം ശ്രദ്ധിച്ചാൽ മനസ്സിലാവും ഈ മാഫിയ രാഷ്ട്രീയത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. ബാലചന്ദ്രകുമാറിന്റെ കൊലപാതകത്തേക്കുറിച്ചുള്ള വെളിപ്പെടുത്തൽ മുഖ്യധാരാമാധ്യമങ്ങൾ എടുക്കാത്തതിന് കാരണം അവയുടെ തലപ്പത്തെ മുതലാളിമാർ ഈ മാഫിയയുടെ പങ്കാളികളാണ് എന്നതാണ്.
ഇന്ന് ഡോ. ബി. അശോക് IAS പറഞ്ഞത് തുടർഭരണത്തിനായി ആറുമാസമായി ഉദ്യോഗസ്ഥതലത്തിൽ ഒരു കൊക്കസ് പ്രവർത്തിക്കുന്നു എന്നാണ്. ജനാധിപത്യം അട്ടിമറിക്കാനുള്ള ഈ കൊക്കസ് കേരളം ഭരിക്കുന്ന മാഫിയയുടെ ഒരു നീരാളിക്കൈ മാത്രമാണ് എന്ന് മനസ്സിലാക്കിയാൽ മതി. എത്ര വലിയ തുറന്നു പറച്ചിലുകൾ ഉണ്ടായാലും അതേക്കുറിച്ച് അന്വേഷണമോ ചർച്ചകളോ ഉണ്ടാവില്ല എന്ന് ഉറപ്പാക്കുന്ന മാഫിയാ വിംഗ്.
ഈ സർക്കാരിനെ നിയന്ത്രിച്ചിരുന്ന മാഫിയക്ക് ഏത് രീതിയിലും ഭരണം നിലനിർത്തിയെ കഴിയൂ എന്ന അവസ്ഥയിലാണ് ഇപ്പോൾ. അതിനുള്ള അവസാന ശ്രമങ്ങളും നടത്താതെ അത് ഒഴിഞ്ഞു പോകില്ല. കാരണം മറ്റൊരു സർക്കാർ വരികയും ഇക്കാര്യങ്ങളിൽ അന്വേഷണം നടക്കുകയും ചെയ്‌താൽ അത് കൊട്ടാരത്തിൽ തീപിടിക്കുന്നപോലെ വലിയ നാശം ഈ മാഫിയക്ക് ഉണ്ടാക്കും. പുതിയ സർക്കാർ വന്നാലും ഇല്ലെങ്കിലും സമൂഹം നേരിടുന്ന ഈ വലിയ അപകടത്തെക്കുറിച്ച് ഉറക്കെ സംസാരിച്ചവരും അതിന്റെ ഇരകളാക്കപ്പെട്ട് നാവ് കെട്ടി ജീവിക്കുന്നവരും എല്ലാം വേട്ടമുനയിലാണ്.
രഹസ്യങ്ങൾ അറിയാവുന്നവർ അങ്ങേയറ്റം സൂക്ഷിച്ചില്ലെങ്കിൽ ഒത്തുകിട്ടുന്ന ഏതൊരു അവസരത്തിലും കൊല്ലപ്പെടും. അപകടമരണമെന്നോ, ആത്മഹത്യയെന്നോ സ്വഭാവികമായ ആശുപത്രി മരണമെന്നോ അവയെല്ലാം എഴുതി ഒതുക്കപ്പെടുകയും ചെയ്യും. ഒന്നും തന്നെ ചർച്ചയാവാതെ മാധ്യമങ്ങൾ സൂക്ഷിക്കും.
എനിക്കെതിരെയുള്ള ഒരു ആക്രമണം ഏത് നിമിഷത്തിലും ഞാൻ പ്രതീക്ഷിക്കുന്നുണ്ട്. ഇതിൽ ഒരു കാര്യം മാത്രമേ എനിക്ക് പറയാനുള്ളു. കേരളത്തെ മനുഷ്യത്വമില്ലാതെ തുരന്നു തിന്നുന്ന ഈ മാഫിയയെ തുറന്നു കാട്ടാൻ എനിക്ക് കഴിയുന്നതൊക്കെ ചെയ്തു എന്നതിൽ എനിക്ക് അങ്ങേയറ്റം അഭിമാനമാണുള്ളത്. കസേരകൾക്കോ പണത്തിനോ ശരീരിക സുഖങ്ങൾക്കോ വേണ്ടി ഞാൻ സത്യത്തെ ഒറ്റു കൊടുത്തില്ല എന്ന ആത്മാഭിമാനം. സമീപകാലത്ത് എന്റെ മരണം ഉണ്ടായാൽ, അത് പരാജയബോധം കൊണ്ടുണ്ടായ ഒരു ആത്മഹത്യയാണ് എന്ന പ്രചരണം ഉണ്ടായാൽ അത് ഒരിക്കലും വിശ്വസിക്കരുത് എന്ന അഭ്യർത്ഥന മാത്രമാണ് എനിക്ക് കേരളത്തോടുള്ളത്.












Click it and Unblock the Notifications