'ഇത്തവണ കൂടി തിരുവനന്തപുരത്ത് മത്സരിക്കും,അടുത്ത തവണ മാറും'; ചെറിയാൻ ഫിലിപ്പിന്റെ പോസ്റ്റിനോട് തരൂർ
തിരുവനന്തപുരം: യുവാക്കൾക്ക് അവസരം കൊടുക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് തിരുവനന്തപുരം എംപി ശശി തരൂർ. ഒരിക്കൽ കൂടി തിരുവനന്തപുരത്ത് നിന്ന് മത്സരിക്കാൻ താൻ തയ്യാറാണെന്നും അതേസമയം പാർട്ടിയാണ് അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതൃത്വം യുവാക്കൾ പിടിച്ചെടുക്കണമെന്ന ചെറിയാൻ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ഇത്തവണ തിരുവനന്തപുരത്ത് നിന്ന് മത്സരിക്കും. എന്നാൽ അടുത്ത തവണ മാറി നിൽക്കാൻ ഞാൻ തയ്യാറാണ്. പാർട്ടിയാണ് തീരുമാനിക്കേണ്ടത്. പക്ഷേ മുതിർന്ന ആളുകൾ മാറി നിന്ന് ചെറുപ്പക്കാർക്ക് അവസരം കൊടുക്കണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം.തിരുവനന്തപുരത്ത് നിന്ന് ഇപ്പോൾ തന്നെ മാറി നിൽക്കാൻ ധൃതിയൊന്നുമില്ല. പാർട്ടി തീരുമാനം ആണെങ്കിൽ കൂടിയും ഒരു തവണ കൂടി മത്സരിക്കാൻ ഞാൻ തയ്യാറാണ്. മാറി നിൽക്കേണ്ട ഒരു സമയം എല്ലാവർക്കും വരും', തരൂർ പറഞ്ഞു.

കേരളത്തിൽ കോൺഗ്രസ് രക്ഷപ്പെടണമെങ്കിൽ വിവിധ തലങ്ങളിലെ നേതൃത്വം ത്യാഗ പൂർണ്ണവും സാഹസികവുമായ പ്രവർത്തനങ്ങളിലൂടെ യുവാക്കൾ പിടിച്ചെടുക്കണം എന്നായിരുന്നു ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചത്.. ഗ്രൂപ്പ് രാഷ്ട്രീയം സൃഷ്ടിച്ച ജീവനില്ലാത്ത സ്ഥിരം പ്രതിഷ്ഠകളെ തച്ചുടയ്ക്കുന്ന ബുൾഡോസർ ആയി യൂത്ത് കോൺഗ്രസ് മാറണമെന്നും അദ്ദേഹം പറഞ്ഞു.
ഭരണ വിരുദ്ധ വികാരം ആളി കത്തുന്ന രാഷ്ട്രീയ കാലാവസ്ഥയിൽ ജനഹിതം മാനിച്ചുള്ള പുതിയ കർമ്മമാർഗ്ഗങ്ങൾ സ്വീകരിച്ചാൽ യൂത്ത് കോൺഗ്രസിനും കെ.എസ്.യുവിനും വീണ്ടും സമൂഹത്തിലെ തിരുത്തൽ ശക്തിയാവാൻ കഴിയും. ഈ ജനാധിപത്യ യുഗത്തിലും അധികാരം സർവാധിപത്യം ആക്കുന്നവർക്കെതിരെ പോരാടേണ്ടത് യുവാക്കളുടെ കടമയാണ്. കേരളത്തിലെ കോൺഗ്രസിൽ സംഘടനാ രംഗത്തും പാർലമെന്ററി രംഗത്തും ഒരു തലമുറ മാറ്റം അനിവാര്യമാണ്. കാൽറ്റാണ്ടിലേറെയായി യുവാക്കളെ അവഗണിച്ചതാണ് കോൺഗ്രസിന്റെ തകർച്ചയ്ക്ക് കാരണം. യൂത്ത് കോൺഗ്രസിനെയും കെ.എസ്.യുവിനെയും വന്ധ്യംകരിച്ചതിനാൽ പുതുരക്തപ്രവാഹം നിലച്ചു. ഒരു യുവജന മുന്നേറ്റത്തിലൂടെ മാത്രമേ കോൺഗ്രസിന് തിരിച്ചു വരാനാവൂ.
കോൺഗ്രസിലെ അധികാര കുത്തകയെ വെല്ലുവിളിക്കാനുള്ള ആർജ്ജവമാണ് ഇന്നത്തെ യൂത്ത് കോൺഗ്രസ് നേതാക്കൾ കാട്ടേണ്ടത്. സ്വന്തം സ്ഥാപിത താല്പര്യം മാത്രം സംരക്ഷിക്കുന്ന കോൺഗ്രസിലെ ഗ്രൂപ്പു നേതാക്കളുടെ അടിമകളായി യൂത്ത് കോൺഗ്രസ് വ്യക്തിത്വം ബലി കഴിക്കരുത്', എന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.












Click it and Unblock the Notifications