
ഭരണം നഷ്ടപ്പെട്ടത് കപ്പിനും ചുണ്ടിനും ഇടയിൽ; ഇത്തവണ ഗുജറാത്ത് പിടിക്കുമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ വിജയം നേടുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ നേരിയ വോട്ടുകൾക്കായിരുന്നു കോൺഗ്രസ് പരാജയം രുചിച്ചത്. എന്നാൽ ഇത്തവണ എന്ത് വിലകൊടുത്തും കോൺഗ്രസ് വിജയിക്കും. ബി ജെ പി സർക്കാരിനെതിരെ വലിയ ജനവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു. കോൺഗ്രസിന്റെ ഗുജറാത്ത് തെരഞ്ഞെടുപ്പ് സ്ക്രീനിംഗ് കമ്മിറ്റി ചെയർമാനായി നിയമിതനായ പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
ഗുജറാത്ത് പിടിക്കണം; സകല തന്ത്രങ്ങളും പുറത്തെടുത്ത് കോൺഗ്രസ്, രമേശ് ചെന്നിത്തലയ്ക്ക് സുപ്രധാന പദവി

'വെല്ലുവിളി നിറഞ്ഞ ചുമതലയാണ് കോൺഗ്രസ് അധ്യക്ഷ ഏൽപ്പിച്ചിരിക്കുന്നത്. തന്റെ കഴിവിന്റെ പരമാവധി നൽകി ഭംഗിയായി അത് പൂർത്തിയാക്കാൻ ശ്രമിക്കും. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കപ്പിനും ചുണ്ടിനും ഇടയിലാണ് കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടത്. ഇത്തവണ വീണ്ടും വർധിച്ച ആവേശത്തോടെ പ്രവർത്തകരും നേതാക്കളും പ്രവർത്തനത്തിന് ഇറങ്ങിയിട്ടുണ്ട്. മികച്ച വിജയം നേടാനാകുമെന്ന് തന്നെയാണ് കോൺഗ്രസ് പ്രതീക്ഷ'.

'തിരഞ്ഞെടുപ്പ് സമിതി നൽകുന്ന ശുപാർശകൾ പരിശോധിച്ച് അഭിപ്രായങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി നൽകുകയെന്നുള്ളതാണ് സ്ക്രീനിംഗ് കമ്മിറ്റിയുടെ ചുമതല. ഈ വർഷം അവസാനത്തോടെയാകും ഗുജറാത്ത് തിരഞ്ഞെടുപ്പ് നടക്കുക. അതിന് അനുസരിച്ചുള്ള നടപടി ക്രമങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ബിജെപിയെ ഗുജറാത്തിൽ തന്നെ പരാജയപ്പെടുത്തുകയെന്ന ദൗത്യമാണ് കോൺഗ്രസ് പ്രവർത്തകർ ഏറ്റെടുത്തിരിക്കുന്നത്'.

'പല തരത്തിലുള്ള വെല്ലുവിളികൾ നിലനിൽക്കുന്നുണ്ട്. അക്കാര്യം പരിശോധിച്ച് ഒറ്റക്കെട്ടായി നേതൃത്വം തിരഞ്ഞെടുപ്പിനെ നേരിടും. മികച്ച വിജയം നേടാനാകുമെന്നാണ് പ്രതീക്ഷ.കഴിഞ്ഞ തവണ നേരിയ വോട്ടുകൾക്ക് മാത്രമായിരുന്നു പരാജയം. ബി ജെ പി സർക്കാരിനെതിരെ വലിയ ജനവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ട്. ഗുജറാത്തിലെ ജനങ്ങളോട് സംസാരിക്കുമ്പോഴെല്ലാം അത് പ്രകടമാണ്. ഗുജറാത്തിലെ ഏകാധിപത്യ സർക്കാരിനെതിരായിട്ടുളള ജനവികാരം ശക്തമാണ്. ജനവിരുദ്ധ സർക്കാരിനെ പുറത്താക്കണമെന്ന വികാരം ജനങ്ങൾക്ക് ഉണ്ട്.അത് പരമാവധി ഉയർത്തിപ്പിടിച്ചുള്ള പ്രവർത്തനങ്ങൾക്കായിരിക്കും നേതൃത്വം നൽകുക', ചെന്നിത്തല പറഞ്ഞു.

ആം ആദ്മി പാർട്ടി ബി ജെ പിയുടെ ബി ടീം ആണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ആം ആദ്മി പാർട്ടി ഉയർത്തുന്ന വെല്ലുവിളിയെ കോൺഗ്രസ് മറികടക്കുമെന്നും ചെന്നിത്തല പറഞ്ഞു. ആം ആദ്മി പാർട്ടുയുടെ വരവോടെ ഗുജറാത്തിൽ ശക്തമായ ത്രികോണ പോരാട്ടത്തിനാണ് വഴിതെളിഞ്ഞിരിക്കുന്നത്. കോൺഗ്രസിന്റെ ക്ഷീണം മുതലെടുത്ത് സംസ്ഥാനത്ത് പ്രധാന പ്രതിപക്ഷമാകാനുള്ള ശ്രമങ്ങളാണ് ആം ആദ്മി പാർട്ടി നടത്തുന്നത്. അട്ടിമറി മുന്നേറ്റം കാഴ്ച വെച്ചാൽ 2024 ൽ മോദിക്കെതിരായ പ്രതിപക്ഷ മുഖമായി കെജരിവാളിനെ ഉയർത്തിക്കാണിക്കാൻ സാധിക്കുമെന്നാണ് ആം ആദ്മി കരുതുന്നത്.

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുൻപ് തന്നെ ആം ആദ്മി സംസ്ഥാനത്ത് പ്രചരണം കൊഴുപ്പിക്കുകയാണ്. ചൊവ്വാഴ്ച വീണ്ടും സംസ്ഥാനത്ത് പൊതുപാരിപാടിയിൽ അരവിന്ദ് കെജരിവാൾ പങ്കെടുത്തിരുന്നു. അധികാരത്തിലെത്തിയാൽ അഞ്ച് വർഷത്തിനുള്ളിൽ 10 ലക്ഷം തൊഴിൽ, തൊഴിലില്ലാത്തവർക്ക് 3000 രൂപ പെൻഷൻ, ഒഴിവുള്ള അധ്യാപക തസ്തിക ഉടൻ നികത്തും തുടങ്ങിയ വാഗ്ദാനങ്ങളാണ് കെജരിവാൾ യോഗത്തിൽ പ്രഖ്യാപിച്ചത്. യുവാക്കളെ ലക്ഷ്യം വെച്ചുള്ള പ്രചരണങ്ങളാണ് ആം ആദ്മി നടത്തുന്നത്. ഗുജറാത്തിൽ ആം ആദ്മി വലിയ മുന്നേറ്റമാണ് നടത്തുന്നതെന്നും ഇതിൽ വിറളിപൂണ്ടാണ് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബി ജെ പി തങ്ങൾക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നും കഴിഞ്ഞ ദിവസം ആം ആദ്മിയെ വിമർശിച്ചിരുന്നു.ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരായ സിബിഐ കേസ് ഗുജറാത്തിൽ ആയുധമാക്കിയിരിക്കുകയാണ് ആം ആദ്മി.