ഈ പിണറായി എന്താ ഇങ്ങനെ? നിയമ ലംഘനം നടത്തിയ തോമസ് ചാണ്ടിക്കും അൻവറിനും പിന്തുണ!!
മന്ത്രി തോമസ് ചാണ്ടി, നിലമ്പൂർ എംഎൽഎ പിവി അൻവർ എന്നിവർക്കെതിരായ ആരോപണങ്ങൾ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം നോട്ടീസ് നൽകിയത്.
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കും നിലമ്പൂർ എംഎൽഎ പിവി അൻവറിനുമെതിരായ ആരോപണങ്ങളെ ചൊല്ലി നിയമസഭയിൽ ഭരണ പ്രതിപക്ഷ ബഹളം. ബഹളത്തിനു പിന്നാലെ വിഷയം സഭ നിർത്തിവയ്ക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ നിയമ ലംഘനങ്ങളും പിവി അൻവറിന്റെ പാർക്ക് സംബന്ധിച്ച വിവാദങ്ങളുമാണ് സഭയെ പ്രക്ഷുബ്ധമാക്കിയത്. വിടി ബൽറാം എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത്.
അതേസമയം പ്രതിപക്ഷത്തിൻറെ ആരോപണങ്ങൾ തള്ളി തോമസ് ചാണ്ടിക്കും അൻവറിനും പിന്തുണയുമായാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. ആരോപണങ്ങൾ മുഖ്യമന്ത്രി നിഷേധിച്ചു. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നുമായിരുന്നു പിണറായി സഭയിൽ പറഞ്ഞത്.

പ്രതിപക്ഷത്തിന്റെ നോട്ടീസ്
മന്ത്രി തോമസ് ചാണ്ടി, നിലമ്പൂർ എംഎൽഎ പിവി അൻവർ എന്നിവർക്കെതിരായ ആരോപണങ്ങൾ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം നോട്ടീസ് നൽകിയത്. ഇരുവരും അധികാര ദുർവിനിയോഗം നടത്തിയെന്നാരോപിച്ച് വിടി ബൽറാമാണ് നോട്ടീസ് നൽകിയത്.

ഇപി ജയരാജന് നൽകാത്ത നീതി ചാണ്ടിക്ക്
മന്ത്രി തോമസ് ചാണ്ടി നഗ്നമായ നിയമ ലംഘനമാണ് നടത്തുന്നതെന്ന് ബൽറാം പറഞ്ഞു. ഇപി ജയരാജന് ലഭിക്കാത്ത നീതി തോമസ് ചാണ്ടിക്ക് ലഭ്യമാക്കുന്നത് എന്തിനാണെന്നും ബൽറാം ചോദിച്ചു. നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കൊപ്പമാണ് സർക്കാരെന്നും ബൽറാം ആരോപിച്ചു.

പിന്തുണയുമായി മുഖ്യമന്ത്രി
മന്ത്രിക്കും എംഎൽഎയ്ക്കും പിന്തുണ പ്രഖ്യാപിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ നേരിട്ടത്. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും മുഖ്യമന്ത്രി പറയുന്നു.

ന്യായീകരണം ഇങ്ങനെ
റിസോർട്ടിനായി തോമസ് ചാണ്ടി കായൽ കൈയ്യേറിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.പ്ലാസ്റ്റിക് ബോയ കെട്ടിയത് മാലിന്യവും തടയാൻ വേണ്ടി മാത്രമാണെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി. പിജെ കുര്യനും കെഇ ഇസ്മായേലുമാണ് റോഡ് നിർമ്മാണത്തിന് അനുമതി നൽകിയതെന്നും അദ്ദേഹം.

നിയമാനുസൃതം
അൻവർ എംഎൽഎയുടെ വാട്ടർ തീം പാർക്ക് നിയമാനുസൃതമാണെന്നാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. അനുമതി ഇല്ലെന്ന വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കെട്ടിട നിർമ്മാണ ചട്ടങ്ങൾ അടക്കമുള്ള എല്ലാ ചട്ടങ്ങളും പാലിച്ചിട്ടുണ്ടെന്നും ആവശ്യായ എല്ലാ ലൈസൻസുകളും നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വെല്ലുവിളിച്ച് തോമസ് ചാണ്ടി
തനിക്കെതിരായ ആരോപണങ്ങൾ തെളിയിക്കാൻ തോമസ് ചാണ്ടി പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. ഒരു സെന്റ് ഭൂമി കൈയ്യേറിയിട്ടുണ്ടെന്ന് തെളിയിച്ചാൽ മന്ത്രി സ്ഥാനം മാത്രമല്ല എംഎൽഎ സ്ഥാനവും രാജിവയ്ക്കാമെന്ന് തോമസ് ചാണ്ടി പറഞ്ഞു. ഹോട്ടൽ മുറിയെ ചൊല്ലിയുള്ള തർക്കമാണ് ആരോപണങ്ങളിലേക്ക് നയിച്ചതെന്നും അദ്ദേഹം.

നിഷേധിച്ച് അൻവറും
ആരോപണങ്ങൾ അൻവറും നിഷേധിച്ചു. തന്നെ വ്യക്തിഹത്യ ചെയ്യുന്നതിന് വേണ്ടിയാണ് ശ്രമിക്കുന്നതെന്ന് അൻവർ പറഞ്ഞു. ആര്യാടൻ മുഹമ്മദിന്റെ ബിനാമിയാണ് തനിക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നതെന്നും അൻവർ ആരോപിക്കുന്നു.












Click it and Unblock the Notifications