കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രതിപക്ഷ നേതാവ് എത്ര അസൂയപ്പെട്ടിട്ടും കാര്യമില്ല. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യും',മറുപടി

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ മറവില്‍ ആരോഗ്യ മന്ത്രി കെകെ ശൈലജ ഇമേജ് ബില്‍ഡിംങിന് ശ്രമിക്കുകയാണെന്ന വിമര്‍ശനമായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തിയത്. ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയ വല്ലാതെ കൂടുകയാണ്. മന്ത്രി ദിവസത്തില്‍ നിരവധി മാധ്യമങ്ങളെ കാണുന്നത് എന്തിനാണ്. ഇതെല്ലാം ഒഴിവാക്കേണ്ടതാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

അതേസമയം ചെന്നിത്തലയ്ക്ക് ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്. ഫേസ്ബുക്കിലൂടെയാണ് ഐസകിന്‍റെ പ്രതികരണം. പോസ്റ്റ് വായിക്കാം

 പിന്നെയാണോ ഈ കൊറാണോ

പിന്നെയാണോ ഈ കൊറാണോ

കൊറോണാ വൈറസ് ആഗോള മഹാമാരിയായി മാറി. ഇതിനോടു പൊതുവിൽ കടുത്ത വലതുപക്ഷ നേതാക്കന്മാരുടെ പ്രതികരണത്തിന് ഒരു പൊതുസ്വഭാവമുണ്ട്. പ്രശ്നത്തെ നിസാരവത്കരിക്കുക, വിടുവായത്തം പറയുക. ഇതിലേറ്റവും പരിഹാസ്യനായത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ്. കൊറോണാഭീഷണിയെ നിസാരവത്കരിക്കാനായിരുന്നു ആദ്യശ്രമം. അമേരിക്കയിൽ ഒരു വർഷം ഇരുപത്തേഴായിരം മുതൽ എഴുപതിനായിരം പേരോളം ഫ്ലൂ വന്നു മരിക്കുന്നുണ്ട്. എന്നിട്ടും എക്കോണമി മുന്നോട്ടു പോയി പിന്നെയാണോ ഈ കൊറാണോ എന്നായിരുന്നു ട്രംപിന്റെ ഏറെ വിവാദമായ വിടുവായത്തം.

 പ്രതിപക്ഷ നേതാവും ഇടംപിടിച്ചിരിക്കുകയാണ്

പ്രതിപക്ഷ നേതാവും ഇടംപിടിച്ചിരിക്കുകയാണ്

ഇങ്ങനെ കൊറോണയെ നിസാരവത്കരിച്ച ട്രംപ് പോലും ഇപ്പോൾ പരിഭ്രാന്തനാണ്. ഓവൽ ഓഫീസിൽ നിന്നായി ജനങ്ങളോടുള്ള അഭിസംബോധന. രാജ്യം ഏറ്റവും പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണത്രേ ഓവൽ ഓഫീസിൽ നിന്ന് പ്രസിഡന്റ് ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്. ആ പ്രസംഗം കഴിഞ്ഞയുടനെ ഡൗജോൺസ് അഞ്ചു ശതമാനമാണ് ഇടിഞ്ഞത്. പറഞ്ഞത് ഏറ്റവും വലിയ കാര്യം എന്തായിരുന്നുവെന്നോ? യൂറോപ്പിൽ നിന്ന് ആരെയും ഇനി അമേരിക്കയിലേയ്ക്ക് കടത്തില്ലപോലും. ഇറ്റലിയിൽ നിന്ന് ആരെയും ഇന്ത്യയിലേയ്ക്ക് പ്രവേശിപ്പിക്കില്ലെന്ന് മോദി പറഞ്ഞതുപോലെ. ഇതുപോലുള്ള വിടുവായത്തങ്ങൾ പറയുന്നവരുടെ ശ്രേണിയുടെ താഴത്തെ പടിയിൽ നമ്മുടെ പ്രതിപക്ഷ നേതാവും ഇടംപിടിച്ചിരിക്കുകയാണ്.

 വല്ലാതെ അസ്വസ്ഥനാണ് അദ്ദേഹം

വല്ലാതെ അസ്വസ്ഥനാണ് അദ്ദേഹം

കൊറോണയെ പ്രതിരോധിക്കുന്നതിൽ കേരളം നേടിയ വിജയം പ്രകീർത്തിക്കപ്പെടുന്നത് അദ്ദേഹത്തിന് ഒട്ടും സഹിക്കുന്നില്ല. കേരളത്തിന് ലഭിക്കുന്ന അംഗീകാരത്തിൽ വല്ലാതെ അസ്വസ്ഥനാണ് അദ്ദേഹം. ഇക്കാര്യത്തിൽ ആരോഗ്യമന്ത്രി ദൈനംദിനം കാര്യങ്ങൾ നന്നായി ജനങ്ങളോട് വിശദീകരിക്കുന്നതും അദ്ദേഹത്തെ ചെറുതായിട്ടൊന്നുമല്ല അലോസരപ്പെടുത്തുന്നത്.ഒരു മന്ത്രി എന്തിനാണ് എന്നും പത്രസമ്മേളനം നടത്തുന്നത് എന്നു ചോദിക്കാൻ പത്രസമ്മേളനം വിളിച്ച ലോകത്തെ ആദ്യത്തെ രാഷ്ട്രീയ നേതാവ് എന്ന ബഹുമതിയ്ക്കാണ് അദ്ദേഹം അർഹനാവുന്നത്.

 കൂലങ്കഷമായ ചിന്ത

കൂലങ്കഷമായ ചിന്ത

ഇക്കണക്കിനു പോയാൽ ആരോഗ്യമന്ത്രി എന്തിനാണ് എല്ലാദിവസവും ഓഫീസിൽ പോകുന്നത് എന്നു ചോദിച്ചുള്ള പ്രതിപക്ഷ നേതാവിന്റെ പത്രസമ്മേളനവും നാം കണ്ടേയ്ക്കാം. നാട് ഒറ്റക്കെട്ടായി മഹത്തായ മാതൃകകൾ സൃഷ്ടിക്കുമ്പോൾ സ്വയം ദുരന്തമായി മാറുന്നതിൽ തങ്ങളോടു തന്നെ മത്സരിക്കുകയാണല്ലോ പ്രതിപക്ഷം. ഒരു ജനതയുടെ മുകളിൽ കോമാളി വേഷം കെട്ടാൻ രാഷ്ട്രീയതീരുമാനം എടുത്തു കഴിഞ്ഞ സ്ഥിതിയ്ക്ക്, നിങ്ങളിൽ നിന്ന് ഇതല്ല പ്രതീക്ഷിക്കുന്നത് എന്ന് അവരോടു പറഞ്ഞിട്ടു കാര്യമില്ല. തലേദിവസത്തെക്കാൾ ആഴത്തിൽ എങ്ങനെ തരം താഴാം എന്നാണല്ലോ കൂലങ്കഷമായ ചിന്ത.

"എന്നെ ചോദ്യം ചെയ്യരുത് ഞാൻ ദൈവമാണ്"

എത്ര സങ്കുചിതമാണ് പ്രതിപക്ഷത്തിന്റെ മനസ് എന്നു നോക്കൂ. "എന്നെ ചോദ്യം ചെയ്യരുത് ഞാൻ ദൈവമാണ്" എന്ന മട്ടിലാണ് ആരോഗ്യമന്ത്രിയുടെ പെരുമാറ്റം എന്നാണ് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ ഇന്ന് പത്രസമ്മേളനത്തിൽ ആക്ഷേപിച്ചത്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് ആരോഗ്യമന്ത്രി നൽകിയ മറുപടി വൈറലായിരുന്നല്ലോ. സോഷ്യൽ മീഡിയയിൽ അതു കാണാത്ത മലയാളികളില്ല. ഞങ്ങൾ സർവജ്ഞരാണെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും ഇത്രയും ബൃഹത്തായ പ്രവർത്തനങ്ങൾക്കിടയിൽ എവിടെയെങ്കിലും ഉണ്ടാകുന്ന പോരായ്മ ചൂണ്ടിക്കാണിച്ചാൽ തിരുത്താൻ തയ്യാറാണെന്നും മന്ത്രി ഇന്നലെ സഭയിൽ പറഞ്ഞത് ലോകം മുഴുവൻ കേട്ടതാണ്.

 ഇന്ത്യ ടുഡെ ചര്‍ച്ച

ഇന്ത്യ ടുഡെ ചര്‍ച്ച

ഒരുളുപ്പുമില്ലാതെ നിലമറന്ന് കൂവി വിളിച്ച് ആ പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ചവരാണ് പ്രതിപക്ഷാംഗങ്ങൾ. എന്നിട്ടവർ ഇന്ന് കടകം മറിയുന്നു. താൻ ദൈവമാണെന്ന് ആരോഗ്യമന്ത്രി എവിടെയോ പറഞ്ഞുവത്രേ. മനുഷ്യകുലത്തിനു തന്നെ അത്ഭുതമാണ് ഈ ഉളുപ്പില്ലായ്മ.കഴിഞ്ഞ ദിവസം എൻഡിറ്റിവി ചാനൽ രാജ്ദീപ് സർദേശായി ഈ വിഷയം ചർച്ചയ്ക്കെടുത്തിരുന്നു. ചർച്ച അവസാനിപ്പിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്, What Kerala thinks today, hopefully India will think tomorrow.

 മുഖ്യമന്ത്രിയുടെ മേൽനോട്ടം

മുഖ്യമന്ത്രിയുടെ മേൽനോട്ടം

എന്താണ് നാം ചെയ്യുന്നത്? ആരോഗ്യമന്ത്രി അത് സഭയിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കി. നമ്മുടെ എല്ലാ വിഭവങ്ങളും ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുകയാണ്. അതിൽ മന്ത്രി മുതൽ ആരോഗ്യവകുപ്പിലെ മുഴുവൻ ഉദ്യോഗസ്ഥരും, ഡോക്ടർമാരും നെഴ്സുമാരും മറ്റ് ആശുപത്രി ജീവനക്കാരും, ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ ജനപ്രതിനിധികൾ, ആശാ വാളണ്ടിയർമാർ, സദാ ബോധവത്കരണത്തിന് ജാഗരൂഗരായി സോഷ്യൽ മീഡിയയിൽ നിസ്വാർത്ഥപ്രയത്നം നടത്തുന്ന സുമനസുകൾ, മറ്റു വിദഗ്ധർ തുടങ്ങി കൂടെക്കൂട്ടാവുന്ന എല്ലാവരെയും ചേർത്തു നിർത്തിയാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. എല്ലാ പ്രവർത്തനങ്ങൾക്കും മുഖ്യമന്ത്രിയുടെ മേൽനോട്ടം.

 അസൂയയും അസഹിഷ്ണുതയും

അസൂയയും അസഹിഷ്ണുതയും

അങ്ങനെ അതിവിപുലമായ ഒരു കൂട്ടായ്മയുടെ മാതൃകയാണ് കേരളം സൃഷ്ടിക്കുന്നത്. അതിൽ പ്രതിപക്ഷത്തിന് എന്താണിത്ര അസൂയയും അസഹിഷ്ണുതയും.എന്തിനാണ് ആരോഗ്യമന്ത്രിയുടെ പത്രസമ്മേളനങ്ങൾ? ഓരോ ദിവസവുമുണ്ടാകുന്ന സംഭവവികാസങ്ങൾ ആധികാരികമായി ജനങ്ങളെ അറിയിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ആ ഇടം ഊഹാപോഹങ്ങൾ പിടിച്ചെടുക്കും. ഇതിനെ പ്രതിരോധിക്കുന്ന ധർമ്മമാണ് ആരോഗ്യമന്ത്രി ചെയ്യുന്നത്. ഈ വിഷയത്തിൽ ആരോഗ്യമന്ത്രിയുടെ പത്രസമ്മേളനങ്ങളിലെ വിവരങ്ങൾ സംക്ഷിപ്തമായി ഡോക്ടർമാരടക്കം പോസ്റ്റു ചെയ്യാറുണ്ട്.

 അസൂയപ്പെട്ടിട്ട് കാര്യമില്ല

അസൂയപ്പെട്ടിട്ട് കാര്യമില്ല

വിവരങ്ങൾ ആധികാരികമാണെന്നും അവ ലഭിക്കാൻ വേറേ സോഴ്സുകൾ തപ്പിപ്പോകേണ്ട ആവശ്യമില്ലെന്നും വ്യാജവാർത്തയും ഉഹാപോഹങ്ങളും വഴിയുണ്ടാകുന്ന ഡാമേജും പരിഭ്രാന്തിയും പരിഹരിക്കാൻ പത്രസമ്മേളനം ഉതകുന്നുവെന്നുമൊക്കെ ഈ മേഖലയിലുള്ളവരാണ് സാക്ഷ്യപ്പെടുത്തുന്നത്. അതുകൊണ്ട് പ്രതിപക്ഷ നേതാവ് എത്ര അസൂയപ്പെട്ടിട്ടും കാര്യമില്ല. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യും. പറയേണ്ട കാര്യങ്ങളെല്ലാം മന്ത്രി പറയുകയും ചെയ്യും. ജനങ്ങൾ ആരുടെ ഒപ്പമെന്ന് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ വായിച്ചാൽ സാമാന്യബുദ്ധിയുള്ളവർക്ക് മനസിലാവുകയും ചെയ്യും.

English summary
Thomas Isaac against oppostion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X