കോൺഗ്രസിൽ എന്തോ വലിയ മാറ്റം സംഭവിക്കുവാൻ പോകുന്നു എന്ന് കരുതിയർ വിഡ്ഡികളായി: പിഎസ് പ്രശാന്ത്
തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി അടുത്തിടെ പാർട്ടി വിട്ട് സി പി എമ്മിലെത്തിയ പിഎസ് പ്രശാന്ത്. 5 സംസ്ഥാനങ്ങളിലെ കുട്ടത്തോൽവിയ്ക്ക് ശേഷം കോൺഗ്രസിൽ എന്തോ വലിയ മാറ്റം സംഭവിക്കുവാൻ പോകുന്നു എന്ന് കരുതിയർ വിഡ്ഡികളായെന്നാണ് അദ്ദേഹം വിമർശിക്കുന്നത്. സോണിയാ കുടുംബത്തെ പ്രീതിപ്പെടുത്തി ചില നേതാക്കൻമാരുടെ സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കുവാൻ വേണ്ടി മാത്രമാണീ നാടകം. 'കോൺഗ്രസ് മുക്ത ഭാരതം' എന്നതിനായി ഫണം വിടർത്തിയാടുന്ന വർഗ്ഗീയ കോമരങ്ങളുടെ ആഗ്രഹം സഫലമാക്കി കൊടുക്കുവാൻ കുടുംബാധിപത്യ ഭക്തിയിൽ 'ആറാടി' ഇരിക്കുന്ന കൊമ്പ് മുറിക്കുവാൻ തീരുമാനിച്ചാൽ എന്താ ചെയ്കയെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

5 സംസ്ഥാനങ്ങളിലെ കുട്ടത്തോൽവിയ്ക്ക് ശേഷം കോൺഗ്രസിൽ എന്തോ വലിയ മാറ്റം സംഭവിക്കുവാൻ പോകുന്നു എന്ന് കരുതിയർ വിഡ്ഡികളായി..!
കോൺഗ്രസിൽ ജനാധിപത്യ രീതിയിൽ തെരെഞ്ഞെടുപ്പ് വേണം എന്ന് ആവശ്യപ്പെട്ട് ജ - 23 യോഗം കൂടിയെന്ന് അറിഞ്ഞപ്പോൾ തന്നെ അതിനെ പ്രതിരോധിക്കാൻ സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും രാജി വയ്ക്കാൻ പോകുന്നു എന്ന തരത്തിൽ വാർത്തകൾ എ ഐ സി സി ഓഫീസിൽ നിന്ന് തന്നെ സ്കൂപ്പായി മാധ്യമങ്ങൾക്ക് നൽകുന്നു. എ ഐ സി സി ആസ്ഥാനത്ത് വർക്കിംഗ് കമ്മിറ്റി കൂടുന്ന സമയത്ത് തന്നെ സോണിയ്ക്കും പ്രിയങ്കയ്ക്കുമായി അഭിവാദ്യമർപ്പിച്ച് കുടുംബ ഭക്തരായ നേതാക്കളുടെ പ്രകടനമെത്തുന്നു. ഇതോടെ ജി - 23 യുടെ നേതാക്കളും തങ്ങളുടെ ഉറച്ച നിലപാടിൽ നിന്നും പുറകോട്ട് പോകുന്നു..!
വർക്കിംഗ് കമ്മിറ്റി ഒന്നാകെ സോണിയാ കുടുംബത്തിന് മുൻപിൻ മൂക്കും കുത്തി സാഷ്ടാംഗം പ്രണാമമർപ്പിക്കുന്നു. മാത്രമല്ല കോൺഗ്രസിൻ്റെ സമസ്ത കാര്യവും സോണിയാ - രാഹുൽ - പ്രിയങ്ക - വാദ്ര ഗാന്ധിമാരുടെ തീരുമാനത്തിന് വിട്ട് കൊടുത്ത് ചായയും നട്സും കഴിച്ച് പിരിയുന്നു.സോണിയാ കുടുംബത്തെ പ്രീതിപ്പെടുത്തി ചില നേതാക്കൻമാരുടെ സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കുവാൻ വേണ്ടി മാത്രമാണീ നാടകം.
കോൺഗ്രസിൽ മത്സരിച്ച പല സ്ഥാനാർത്ഥികൾക്കും കെട്ടിവച്ച കാശ് പോലും കിട്ടാത്തതിൽ മനംനൊന്ത് കഴിയുന്ന പാവം പ്രവർത്തകർ വീണ്ടും വിഡ്ഢികളായി..! 'കോൺഗ്രസ് മുക്ത ഭാരതം' എന്നതിനായി ഫണം വിടർത്തിയാടുന്ന വർഗ്ഗീയ കോമരങ്ങളുടെ ആഗ്രഹം സഫലമാക്കി കൊടുക്കുവാൻ കുടുംബാധിപത്യ ഭക്തിയിൽ 'ആറാടി' ഇരിക്കുന്ന കൊമ്പ് മുറിക്കുവാൻ തീരുമാനിച്ചാൽ എന്താ ചെയ്ക.! ഇങ്ങനൊരു പാർട്ടി ലോകത്ത് തന്നെ ഒന്നേ ഉണ്ടാവു..! അതാണ് കോൺഗ്രസ്..!!












Click it and Unblock the Notifications