റീന തട്ടിപ്പിന്റെ റാണിയെന്ന് പോലീസ്; ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍, കവര്‍ന്നത് മൂന്നര കോടി

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് ദിനംപ്രതി പുതിയ തട്ടിപ്പ് കേസുകളാണ് പുറത്തുവരുന്നത്. ബന്ധങ്ങള്‍ ചൂഷണം ചെയ്ത് കോടികള്‍ തട്ടിയെടുത്ത വാര്‍ത്തയാണ് ഒടുവില്‍ തിരുവനന്തപുരത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇടതുമുന്നണിയുടെ നിയന്ത്രണത്തിലുള്ള അയിരൂപ്പാറ ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കിന്റെ ശാഖയില്‍ നിന്ന് കോടികള്‍ തട്ടിയത് ഒരു കൂട്ടം സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘമാണ്. ഇതില്‍ മുഖ്യപ്രതി ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മൂന്ന് പേരെ പിടികൂടാനുണ്ട്. ബാങ്ക് ജീവനക്കാരുമായുണ്ടായിരുന്ന അടുത്ത ബന്ധം ചൂഷണം ചെയ്താണ് തട്ടിപ്പുകള്‍ നടത്തിയത്. തട്ടിപ്പ് നടത്തിയവര്‍ ബന്ധുക്കളാണെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോള്‍ പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്....

ചെങ്കോട്ടുകോണം ശാഖ

ചെങ്കോട്ടുകോണം ശാഖ

സഹകരണ ബാങ്കിന്റെ ചെങ്കോട്ടുകോണം ശാഖയില്‍ നിന്നാണ് മുക്കുപണ്ടം പണയം വച്ച് സ്ത്രീകള്‍ പലപ്പോഴാണ് പണം കവര്‍ന്നത്. ആറ് പേരെ പ്രതിചേര്‍ത്ത് പോത്തന്‍കോട് പോലീസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ മൂന്ന് പേര്‍ പിടിയിലായി.

റീനയുടെ ബന്ധുക്കള്‍

റീനയുടെ ബന്ധുക്കള്‍

പോത്തന്‍കോട് റീനാ മന്‍സിലില്‍ റീനയാണ് പ്രധാന പ്രതി. റീനയുടെ ബന്ധുക്കളാണ് മറ്റു പ്രതികള്‍. എസ്ബി നിവാസില്‍ ഷീബ, അസ്മസ് മന്‍സിലില്‍ ഷീജ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ബാങ്ക് ജീവനക്കാരുമായി റീനക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

എട്ട് കോടിയുടെ മുക്കുപണ്ടം

എട്ട് കോടിയുടെ മുക്കുപണ്ടം

ഈ ബന്ധം ദുരുപയോഗം ചെയ്യുകയായിരുന്നു റീന. എട്ട് കോടിയുടെ മുക്കുപണ്ടമാണ് സ്ത്രീകള്‍ വിവിധ ശാഖകളിലായി പണയം വച്ചിരിക്കുന്നത്. മൂന്നര കോടിയിലധികം രൂപ സംഘം കൈക്കലാക്കുകയും ചെയ്തു. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.

എവിടെ നിന്ന് ലഭിച്ചു

എവിടെ നിന്ന് ലഭിച്ചു

ഒരു വര്‍ഷത്തിനിടെയാണ് ഇത്രയും തുക ബാങ്കുകളില്‍ നിന്ന് പണയം വച്ച് എടുത്തത്. ഇത്രയധികം മുക്കുപണ്ടം എവിടെ നിന്ന് ലഭിച്ചുവെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ജീവനക്കാര്‍ക്ക് തട്ടിപ്പ് സംബന്ധിച്ച് അറിയുമായിരുന്നോ എന്ന സംശയവും പോലീസിനുണ്ട്.

സമ്പന്ന കുടുംബാംഗം

സമ്പന്ന കുടുംബാംഗം

ജോയിന്റ് ആര്‍ടിഒയുടെ ഭാര്യയാണ് അറസ്റ്റിലായ റീന. സമ്പന്ന കുടുംബത്തിലെ അംഗവും. ഇവര്‍ കൊണ്ടുവരുന്ന പണയ ഉരുപ്പടികള്‍ ബാങ്ക് ജീവനക്കാര്‍ കൃത്യമായി പരിശോധിക്കാറില്ല. തുടക്കത്തില്‍ മുക്കുപണ്ടം പണയം വച്ച് പണം കൈക്കലാക്കിയ ശേഷം പ്രശ്‌നമാകുമോ എന്ന് ഇവര്‍ കാത്തിരുന്നിരുന്നു.

 ചിട്ടികള്‍ക്ക് ജാമ്യം

ചിട്ടികള്‍ക്ക് ജാമ്യം

പിടിക്കപ്പെടില്ലെന്ന് ബോധ്യമായപ്പോഴാണ് ബന്ധുക്കളുടെ പേരിലും ലക്ഷങ്ങളുടെ ഇടപാടുകള്‍ നടത്തിയത്. ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളില്‍ ഇവര്‍ തട്ടിപ്പ് നടത്തിയതായി പോലീസിന് വിവരം ലഭിച്ചു. റീന പിടിച്ച ചിട്ടികള്‍ക്ക് ജാമ്യമായി നല്‍കിയതും മുക്കുപണ്ടമാണത്രെ.

വസ്തു വാങ്ങി

വസ്തു വാങ്ങി

പണം കൈവശപ്പെടുത്തിയ ശേഷം പോത്തന്‍കോടും കോലിയക്കോടും വസ്തുവാങ്ങി കച്ചവടത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ വിചാരിച്ച പോലെ വസ്തു മറിച്ചുവില്‍ക്കാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് ബന്ധുക്കളെ ഉപയോഗിച്ച് മുക്കുപണ്ടം പണയം വച്ച് കൂടുതല്‍ പണം കൈവശപ്പെടുത്തിയത്.

കസ്റ്റഡിയില്‍ വാങ്ങും

കസ്റ്റഡിയില്‍ വാങ്ങും

റീനയെ കോടതിയില്‍ ഹാജരാക്കിയ ശേഷം കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. തട്ടിയെടുത്ത പണം വിവിധ ബാങ്കുകളില്‍ നിക്ഷേപിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. ഇത്രയും മുക്കുപണ്ടം പണയം വയ്ക്കണമെങ്കില്‍ ബാങ്ക് ജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്.

 നാല് കോടി കടക്കും

നാല് കോടി കടക്കും

ഇടപാടുകളില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയ പശ്ചാത്തലത്തില്‍ ശാഖ മാനേജര്‍ ശശികലയെയും ക്ലാര്‍ക്ക് കുശലകുമാരിയെയും സസ്‌പെന്റ് ചെയ്തിട്ടുണ്ട്. മൂന്നര കോടിയുടെ തട്ടിപ്പ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും പലിശ ഉള്‍പ്പെടുമ്പോള്‍ നാല് കോടി കടക്കുമെന്നാണ് നിഗമനം.

പ്രധാന അന്വേഷണം

പ്രധാന അന്വേഷണം

പ്രതികളുടെ വീടുകള്‍ പോലീസ് പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുക്കുന്നതിന് വേണ്ടിയാണിത്. മുക്കുപണ്ട് എവിടെ നിന്ന് കിട്ടിയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിച്ച വരികയാണ്.

 വിദേശരാജ്യങ്ങളില്‍

വിദേശരാജ്യങ്ങളില്‍

റീനയുമായും മറ്റു പ്രതികളുമായും പണമിടപാട് നടത്തിയവരെയും പോലീസ് തിരയുന്നുണ്ട്. വിദേശരാജ്യങ്ങളില്‍ സ്വര്‍ണത്തിന് പകരം ഉപയോഗിക്കുന്ന ഗോള്‍ഡ് കവറിങ് ഇനത്തില്‍പ്പെട്ട മുക്കുപണ്ടമാണത്രെ റീന പണയം വച്ചിരിക്കുന്നത്.

ചിലര്‍ റീനയുടെ വീട്ടില്‍ വന്നിരുന്നു

ചിലര്‍ റീനയുടെ വീട്ടില്‍ വന്നിരുന്നു

സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള മുന്നണിയാണ് അയിരൂപ്പാറ ഫാര്‍മേഴ്‌സ് ബാങ്ക് നടത്തുന്നത്. ചില ജീവനക്കാര്‍ക്ക് പുറമെ ഭരണസമിതിയിലെ ചിലരുമായും റീനക്ക് അടുത്ത ബന്ധമാണുള്ളതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതില്‍ ചിലര്‍ സ്ഥിരമായി റീനയുടെ വീട്ടില്‍ വന്നിരുന്നുവെന്നും വിവരം ലഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷമേ കൂടുതല്‍ വ്യക്തത വരൂവെന്ന് പോലീസ് അറിയിച്ചു.

English summary
Three Women arrested in Pothankode in Fake gold fraud case

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്