തൃശ്ശൂർ പൂരം വെറും ചടങ്ങ് മാത്രമാകുമോ? പിണറായി ക്ഷേത്രങ്ങൾ ലേലം ചെയ്യുന്ന ദിവസം വിദൂരമല്ല: കെസി വേണുഗോപാല്‍
പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടർന്നാൽ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം പിരിക്കാൻ ക്ഷേത്രങ്ങൾ ലേലം ചെയ്യുന്ന ദിവസം വിദൂരമല്ലെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. തൃശ്ശൂർ പൂരം ഗ്രൗണ്ട് ഫീസ് 39 ലക്ഷത്തിൽ നിന്ന് 2.2 കോടിയായി ഉയർത്തിയ കൊച്ചിൻ ദേവസ്വം ബോർഡിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കെസി വേണുഗോപാലിന്റെ പ്രതികരണം. സഹായങ്ങള്‍ നല്‍കേണ്ടതിന് പകരം ക്ഷേത്രങ്ങളെ പണം ഊറ്റിയെടുക്കാനുള്ള സ്രോതസ്സ് മാത്രമായാണ് ദേവസ്വം ബോർഡും സർക്കാരും കാണുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാണിക്കുന്നു.
കെസി വേണുഗോപാലിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

കേരളത്തിന്റെ സാംസ്കാരിക ഉത്സവങ്ങളിൽ ഏറ്റവും തലപ്പൊക്കത്തോടെ നിൽക്കുന്ന ആഘോഷമാണ് തൃശ്ശൂർ പൂരം. തൃശ്ശൂരുകാർ മാത്രമല്ല, മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന പൂരങ്ങളുടെ പൂരം. എന്നാൽ അടുത്ത തവണ മുതൽ തൃശ്ശൂർ പൂരം വെറുമൊരു ചടങ്ങ് മാത്രമായി മാറുമോ എന്നതിൽ കടുത്ത ആശങ്കയുണ്ട്. കാരണം, തൃശ്ശൂർ പൂരം ഗ്രൗണ്ട് ഫീസ് 39 ലക്ഷത്തിൽ നിന്ന് 2.2 കോടിയായി കൊച്ചിൻ ദേവസ്വം ബോർഡ് ഉയർത്തിക്കഴിഞ്ഞു. ഈ തീരുമാനം പിൻവലിച്ചില്ലെങ്കിൽ തൃശ്ശൂർ പൂരം ചടങ്ങിൽ മാത്രമായി ഒതുക്കേണ്ടി വരുമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.
ജാതി, മത, വർഗ, വർണ്ണ ഭേദമന്യേ മലയാളികൾ ഒഴുകിയെത്താറുള്ള പൂരം കൂടുതൽ സൗകര്യപ്രദമായി, സുഗമമായി നടത്താൻ എല്ലാവിധ സഹായവും ചെയ്തുനൽകേണ്ടവരാണ് ദേവസ്വം ബോർഡും സർക്കാരും. എന്നാൽ അതിനുപകരം, ക്ഷേത്രങ്ങളെ പണം ഊറ്റിയെടുക്കാനുള്ള സ്രോതസ്സ് മാത്രമായാണ് ഇവർ കാണുന്നത്. കോടിക്കണക്കിന് വരുന്ന ഭക്തരോടും പൂരപ്രേമികളോടും അല്പമെങ്കിലും ബഹുമാനമുണ്ടായിരുന്നെങ്കിൽ സർക്കാരിൽ നിന്ന് ഇതുണ്ടാകുമായിരുന്നില്ല.
കേരളത്തിലെ ക്ഷേത്രങ്ങൾ സർക്കാരിൽ നിന്ന് തന്നെ ഭീഷണി നേരിടുന്ന സമയം കൂടിയാണിത്. ക്ഷേത്ര മൈതാനം തന്റെ പി.ആർ വർക്കായ നവകേരളാ സദസ്സിന്റെ വേദിയായി ഉപയോഗിക്കാനുള്ള പിണറായി വിജയന്റെ ശ്രമം നേരത്തെ പരാജയപ്പെട്ടിരുന്നു. ഹൈക്കോടതി തന്നെ അതിനെതിരെ രംഗത്തുവന്നു. ഇപ്പോഴിതാ തൃശ്ശൂർ പൂരത്തിന് കേരളം കാണാത്തത്ര 'ചുങ്കം' ചുമത്തി ജനങ്ങളെ വെല്ലുവിളിക്കുകയാണ് സർക്കാർ ചെയ്യുന്നത്. പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടർന്നാൽ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം പിരിക്കാൻ ക്ഷേത്രങ്ങൾ ലേലം ചെയ്യുന്ന ദിവസം വിദൂരമല്ല.
അടിയന്തരമായി 2.2 കോടി രൂപയെന്ന കൊള്ളഫീസ് ആവശ്യപ്പെട്ടുകൊണ്ടുള്ള തീരുമാനം ദേവസ്വം ബോർഡ് പിൻവലിക്കണം. സർക്കാർ അതിനുള്ള നിർദേശം നൽകണം. അല്ലാത്ത പക്ഷം കേരളത്തിന്റെ അഭിമാനമായ തൃശ്ശൂർ പൂരത്തിന്റെ കടയ്ക്കൽ കത്തി വെയ്ക്കുന്നതിന് തുല്യമായിരിക്കും അത്.












Click it and Unblock the Notifications