കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് രണ്ട് വര്‍ഷം

  • By Soorya Chandran
Google Oneindia Malayalam News

വടകര: സിപിഎം വിട്ട് റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയിട്ട് മെയ് 4 ന് രണ്ട് വര്‍ഷം തികയുന്നു. മലാളിയുടെ മനസ്സില്‍നിന്ന് ഒരിക്കലും മാഞ്ഞുപോകാത്ത ദൃശ്യങ്ങളായിരുന്നു ടിപി ചന്ദ്രശേഖരന്‍ എന്ന വ്യക്തിയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. കേരളത്തില്‍ ഏറെ രാഷ്ട്രീയ മാറ്റങ്ങള്‍ക്കും ടിപി ചന്ദ്രശേഖരന്റെ കൊലപാതകം വഴിവച്ചു.

2012 മെയ് 4 ന് രാത്രിയാണ് ക്വട്ടേഷന്‍ സംഘം ടിപി ചന്ദ്രശേഖരനെ ഓര്‍ക്കാട്ടേരിക്കടുത്ത് വള്ളിക്കാട് വച്ച് ക്രൂരമായി വെട്ടിക്കൊന്നത്. കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് ആരോപണം. ഇതിനെ ശരിവച്ചുകൊണ്ട് പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗം പികെ കുഞ്ഞനന്തനേയും ലോക്കല്‍ കമ്മിറ്റി അംഗം കെസി രാമചന്ദ്രനേയും ബ്രാഞ്ച് അംഗം ട്രൗസര്‍ മനോജിനേയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. ക്വട്ടേഷന്‍ സംഘാംഗങ്ങളായ എംസി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, മുഹമ്മദ് ഷാഫി തുടങ്ങിയവരേയും കോടതി കുറ്റക്കാരെന്ന് കണ്ട് ശിക്ഷ വിധിച്ചു.

ഒഞ്ചിയം പ്രദേശത്ത് ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു ടിപി ചന്ദ്രശേഖരന്‍. സിപിഎമ്മിനെ വൈകാരികമായി ജീവിതത്തോട് ചേര്‍ത്ത് പിടിച്ചവരായിരുന്നു ഒഞ്ചിയംകാര്‍. എന്നാല്‍ ചന്ദ്രശേഖരന്റെ വധത്തോടെ വലിയൊരു വിഭാഗം സിപിഎമ്മില്‍ നിന്ന് അകന്നു. ഒരു വിഭാഗം ആര്‍എംപിയുടെ സജീവ പ്രവര്‍ത്തകരായി.

ഏറാമല പഞ്ചായത്ത് ഭരണം സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങളായിരുന്നു തര്‍ക്കത്തിലേക്കും ആശയ വ്യതിയാനത്തിലേക്കും ഒടുവില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകുന്നതിലേക്കും ഒക്കെ നയിച്ചത്. സമാന്തര സിപിഎമ്മിനെപോലെയാണ് തുടക്കത്തില്‍ ടിപി ചന്ദ്രശേഖരനും സംഘവും പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ പ്രദേശത്ത് ഇവര്‍ സ്വന്തമാക്കിയ വേരോട്ടമാണ് ടിപിയുടെ വധത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം.

സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ക്കും ടിപി വധത്തില്‍ പങ്കുണ്ടെന്ന് ടിപിയുടെ വിധവ കെകെ രമ ആരോപിച്ചിരുന്നു. ഉന്നത ഗൂഢാലോചന കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണം എന്ന ആവശ്യവുമായി രമ നിരാഹാര സത്യാഗ്രഹം നടത്തുകയും ചെയ്തു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും സിബിഐ കേസ് അന്വേഷണം ഏറ്റെടുത്തില്ല.

TP

സിപിഎമ്മില്‍ വിഎസ് അച്യുതാനന്ദനും പിണറായി വിജയും രണ്ട് ധ്രുവങ്ങളില്‍ നിന്ന് പോരാടിയ കാലമായിരുന്നു ടിപി വധത്തിന്റേത്. ടിപി ചന്ദ്രശേഖരന്‍ ധീരനായ കമ്യൂണിസ്റ്റായിരുന്നുവെന്ന് വിഎസ് പറഞ്ഞപ്പോള്‍, കുലംകുത്തികള്‍ എന്നും കുലംകുത്തികള്‍ തന്നെയാണെന്നാണ് പിണറായി തിരിച്ചടിച്ചത്.

വിഎസിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഒടുവില്‍ പാര്‍ട്ടി തല അന്വഷണം പ്രഖ്യാപിക്കുകയും കെസി രാമചന്ദ്രനെ കുറ്റക്കാരനെന്ന് കണ്ടെത്തുകയും ചെയ്തു. രാമചന്ദ്രന്റെ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പാര്‍ട്ടിയുടെ കണ്ടെത്തല്‍.

എന്തൊക്കെയായാലും അടുത്ത കാലത്ത് സിപിഎമ്മിന് നേരിടേണ്ടി വന്ന രാഷ്ട്രീയമായ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ടിപി ചന്ദ്രശേഖരന്റെ കൊലപാതകം. അതിന്‍ നിന്ന് മുക്തി നേടാന്‍ ഇതുവരേയും സിപിഎമ്മിന് കഴിഞ്ഞിട്ടില്ല.

English summary
TP Chandrasekharan Murder: Second anniversary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X