കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെമഡോൾ ടാബ്‌ലെറ്റും ലഹരിമരുന്നു പട്ടികയിൽ: വിജ്ഞാപനം മലപ്പുറത്തെ മയക്കുമരുന്നു വേട്ടയോടെ!

  • By Desk
Google Oneindia Malayalam News

കൊച്ചി: വേദന സംഹാരിയായ ട്രെമഡോള്‍ ഗുളികയെ 1985 ലെ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ടില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ലഹരിമരുന്നായി ട്രെമഡോള്‍ ദുരുപയോഗം ചെയ്യുന്നതു ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണു സൈക്കോട്രോപിക് പട്ടികയില്‍ പെടുത്താന്‍ കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലുള്ള റവന്യു വകുപ്പു നടപടിയെടുത്തത്. ട്രെമഡോളിന്റെ ദുരുപയോഗം തടയാന്‍ കൈവശം വയ്ക്കാവുന്ന അളവു തിട്ടപ്പെടുത്തണമെന്നു കേരളമുള്‍പ്പെടെ സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ മാര്‍ച്ച് 28നു മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ പൊലീസ് 40000 ട്രെമഡോള്‍ ടാബ്ലെറ്റുകള്‍ പിടികൂടിയെങ്കിലും സൈക്കോട്രോപിക് പട്ടികയില്‍ പെടാത്തതിനാല്‍ ദുര്‍ബലമായ കേസാണ് എടുത്തത്. കോയമ്പത്തൂര്‍ വഴി വിദേശത്തേക്കു കടത്താന്‍ എത്തിച്ച ടാബ്ലെറ്റുകളാണ് അന്നു പിടികൂടിയത്. കേസില്‍ കാരിയര്‍മാര്‍ അറസ്റ്റിലായെങ്കിലും മുഖ്യപ്രതി ഇപ്പോഴും ഒളിവിലാണ്. കേരളത്തില്‍ ആദ്യമായിട്ടാണ് ഇത്രയധികം ട്രെമഡോള്‍ പിടികൂടിയതെങ്കിലും 1985ലെ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്റ്റില്‍ പെടാത്തതിനാല്‍ പ്രതികള്‍ക്കെതിരേ ലഹരിമരുന്നു കടത്തിനു കേസെടുക്കാന്‍ പൊലീസിന് സാധിച്ചില്ല.

-drug-addict

1940 ലെ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക് ആക്റ്റിലെ റൂള്‍സ് എച്ച് ഐയില്‍ 2013 മുതല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിനു മാത്രമാണ് ഈ നിയമപ്രകാരം തുടര്‍നടപടികള്‍ക്ക് അധികാരം. അവര്‍ക്കും ലഹരിമരുന്നു ദുരുപയോഗത്തിനു കേസെടുക്കാന്‍ സാധിക്കില്ല. ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണു കഴിഞ്ഞയാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.

നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്റ്റില്‍ പെടുത്തിയതോടെ സംസ്ഥാന പൊലീസിനും എക്‌സൈസിനും നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ക്കും ഇനി കേസെടുക്കാം. അഞ്ചു ഗ്രാമാണ് കുറഞ്ഞ അളവായി (സ്മാള്‍ ക്വാണ്ടിറ്റി) വിജ്ഞാപനത്തില്‍ നിശ്ചയിച്ചിരിക്കുന്നത്. ഈ അളവുമായി പിടിയിലായാല്‍ ഒരു കൊല്ലം വരെ തടവും പതിനായിരം രൂപ പിഴയുമാണു ശിക്ഷ. അഞ്ചു മുതല്‍ 250 ഗ്രാംവരെ മീഡിയം ക്വാണ്ടിറ്റിയില്‍ പെടും. 10 കൊല്ലം വരെ തടവും ഒരു ലക്ഷം രൂപ പിഴയുമാണു ശിക്ഷ. 250 ഗ്രാമിന് മുകളില്‍ കൊമേഴ്‌സ്യല്‍ ക്വാണ്ടിറ്റിയായി നിശ്ചയിച്ചു. പിടിയിലായാല്‍ 20 കൊല്ലം വരെ കഠിനതടവിനും രണ്ടു ലക്ഷം പിഴയ്ക്കും ശിക്ഷിക്കും. കുറ്റം തെളിഞ്ഞാല്‍ 10 വര്‍ഷമാണു കുറഞ്ഞ തടവ്.

cover-1

വിജ്ഞാപനത്തിന്റെ പകര്‍പ്പു ലഹരിമരുന്നു വേട്ടയ്ക്കു ചുമതലപ്പെട്ട എല്ലാ പൊലീസ് വിഭാഗങ്ങള്‍ക്കും കഴിഞ്ഞ ദിവസം കിട്ടി. മെഡിക്കല്‍ ആവശ്യത്തിന് ഉപയോഗിക്കാന്‍ വിലക്കില്ല. രാജ്യാന്തര തലത്തിലും ട്രെമഡോളിന്റെ ദുരുപയോഗം വ്യാപകമാണ്. ഏതാനും മാസം മുമ്പു നൈജീരിയന്‍ കസ്റ്റംസ് അധികൃതര്‍ നാലു കണ്ടെയ്‌നര്‍ ട്രെമഡോള്‍ പിടികൂടിയിരുന്നു. വടക്കുകിഴക്കന്‍ നൈജീരിയ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ബോക്കോ ഹാറം ഭീകരര്‍ ട്രെമഡോള്‍ ഉപയോഗിക്കുന്നതായി സ്ഥിരീകരിച്ചിരുന്നു. ഐഎസിസ് പ്രവര്‍ത്തകര്‍ക്കിടയിലും ഇതിന്റെ ഉപയോഗം വ്യാപകമാണെന്നു സംശയിക്കുന്നു.

English summary
Tremadol into drug list,Notiffication cames after incidents reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X