തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസ്; കെ ബാബുവിന് ആശ്വാസം, വിജയം ശരിവച്ച് ഹൈക്കോടതി
കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ കെ ബാബുവിന്റെ തിരഞ്ഞെടുപ്പുവിജയം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. എതിർ സ്ഥാനാർത്ഥിയായിരുന്ന എം സ്വരാജ് നൽകിയ ഹർജിയാണ് കോടതി തള്ളിയത്. ജസ്റ്റിസ് പിജി അജിത് കുമാറിന്റേതാണ് വിധി.
വിധിയിൽ വളരെയേറെ സന്തോഷമുണ്ടെന്ന് കെ ബാബു പ്രതികരിച്ചു. ജനകീയ കോടതി വിധി മാനിക്കാത്ത സിപിഎം, കോടതി വിധിയെങ്കിലും മാനിക്കാൻ തയ്യാറാകണമെന്നും ബാബു പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന പ്രവർത്തകർക്ക് ഈ വിധി ആവേശമാണ്. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി അയ്യപ്പന്റെ ചിത്രം വെച്ചിട്ടുള്ള സ്ലിപ്പ് അച്ചടിച്ചിട്ടില്ല. കൃത്രിമമായിട്ടാണ് ഈ തെളിവുകളെല്ലാം കോടതിയിൽ സമർപ്പിച്ചിരിക്കുന്നതെന്നും ബാബു ആരോപിച്ചു.

2021 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വീറും വാശിയും നിറഞ്ഞ പോരാട്ടമായിരുന്നു മണ്ഡലത്തിൽ നടന്നത്. കെ ബാബ മൂന്ന് വട്ടം എംഎൽഎയായിരുന്നു മണ്ഡലം 2017 ലായിരുന്നു എം സ്വരാജ് പിടിച്ചെടുത്തത്. മണ്ഡലം തിരിച്ചുപിടിക്കുമെന്ന് പ്രഖ്യാപിച്ച് കൊണ്ടായിരുന്നു കെ ബാബു 2021 ൽ മത്സരത്തിനിറങ്ങിയത്.
ശബരിമല വിഷയം കത്തി നിൽക്കുന്ന സമയമായതിനാൽ തന്നെ പ്രചരണത്തിൽ ഏറ്റവും കൂടുതൽ ഇടംപിടിച്ചതും ഇത് തന്നെയായിരുന്നു. ഫലം വന്നപ്പോൾ മണ്ഡലത്തിൽ കനത്ത തിരിച്ചടിയായിരുന്നു സ്വരാജ് നേരിട്ടത്. 992 വോട്ടിന് കെ ബാബു തൃപ്പൂണിത്തുറയിൽ വിജയിക്കുകയായിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് സ്വരാജ് ബാബുവിന്റെ നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്ത് കൊണ്ട് കോടതിയെ സമീപിച്ചത്.
മതചിഹ്നങ്ങള്‍ ഉപയോഗിച്ചാണ് ബാബു വോട്ട് പിടിച്ചതെന്നും 2021ൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.ശബരിമല വിഷയം എടുത്ത് പറഞ്ഞുകൊണ്ടായിരുന്നു മണ്ഡലത്തില്‍ കെ ബാബു പ്രചരണം നടത്തിയതെന്നായിരുന്നു സ്വരാജ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. അയ്യപ്പന് ഒരു വോട്ട് എന്ന അച്ചടിച്ച തിരഞ്ഞെടുപ്പ് സ്ലിപ്പുകള്‍ കെ ബാബുവിന് വേണ്ടി തൃപ്പൂണിത്തുറ മണ്ഡലത്തില്‍ വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരുന്നുവെന്നും ചുവരെഴുത്തുകളിലും അയ്യപ്പന്റെ പേര് ഉപയോഗിച്ചിരുന്നുവെന്നും ഹർജിയിൽ പറയുന്നു. പ്രചാരണ സാമഗ്രികളുടെ ചിത്രങ്ങളടക്കം തെളിവായി സ്വരാജ് കോടതിയിൽ സമർപ്പിച്ചു തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ അയ്യപ്പന് ദൈവകോപം ഉണ്ടാകുമെന്നും തൻറെ പരാജയം അയ്യപ്പൻറെ പരാജയമാണെന്നും പറഞ്ഞ് കെ ബാബു വോട്ടര്‍മാരെ ഭയപ്പെടുത്തിയെന്നും ഹർജിയിൽ സ്വരാജ് ചൂണ്ടിക്കാട്ടിയിരുന്നു.












Click it and Unblock the Notifications