Get Updates
Get notified of breaking news, exclusive insights, and must-see stories!

ദ്വിദിന രാജ്യവ്യാപക പണിമുടക്ക്: യാത്രകള്‍ ഒഴിവാക്കിയും കടകളടച്ചും സഹകരിക്കണം: എളമരം കരീം എംപി

ഈ മാസം 28നും 29നും നടക്കുന്ന രാജ്യവ്യാപക പണിമുടക്കിനോട് എല്ലാവരും സഹകരിക്കണമെന്ന് സി ഐ ടി യു ദേശീയ നേതാവും രാജ്യസഭ എംപിയുമായ എളമരം കരീം. യാത്രകള്‍ ഒഴിവാക്കിയും കടകളടച്ചും പണിമുടക്കിയും പ്രതിഷേധത്തോടെ സഹകരിക്കണമെന്നാണ് അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. "ജനങ്ങളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക' എന്ന മുദ്രാവാക്യം ഉയർത്തിയാണ് പണിമുടക്ക്. തൊഴിലാളികളുടെ സാമ്പത്തിക ആവശ്യങ്ങൾമാത്രം ഉന്നയിച്ചുകൊണ്ടല്ല, മറിച്ച് രാജ്യത്തിന്റെ വിശാല താൽപ്പര്യം ഉയർത്തിപ്പിടിച്ചാണ് ഈ പണിമുടക്കെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..

ഈ മാസം 28നും 29നും ഇന്ത്യൻ തൊഴിലാളിവർഗം ദേശവ്യാപകമായി പണിമുടക്കുകയാണ്. "ജനങ്ങളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക' എന്ന മുദ്രാവാക്യം ഉയർത്തിയാണ് പണിമുടക്ക്. തൊഴിലാളികളുടെ സാമ്പത്തിക ആവശ്യങ്ങൾമാത്രം ഉന്നയിച്ചുകൊണ്ടല്ല, മറിച്ച് രാജ്യത്തിന്റെ വിശാല താൽപ്പര്യം ഉയർത്തിപ്പിടിച്ചാണ് ഈ പണിമുടക്ക്. താഴെ പറയുന്ന ആവശ്യങ്ങളാണ് പണിമുടക്കിനാധാരമായി ഉന്നയിച്ചിരിക്കുന്നത്.

ലേബർകോഡുകൾ പിൻവലിക്കുക. എസൻഷ്യൽ ഡിഫൻസ് സർവീസ് നിയമം പിൻവലിക്കുക. സ്വകാര്യവൽക്കരണവും പൊതുആസ്തി വിൽപ്പനയും നിർത്തുക. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, മറ്റ് പ്രധാന പൊതുസേവനമേഖലകൾ എന്നിവയ്‌ക്കുള്ള ബജറ്റ് വിഹിതം വർധിപ്പിക്കുക. തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതൽ തുക അനുവദിക്കുക-, പദ്ധതി നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുക. സംയുക്ത കർഷക മുന്നണി ഉന്നയിച്ച ആറ് ആവശ്യം അംഗീകരിക്കുക. മേൽപ്പറഞ്ഞ കാര്യങ്ങൾക്ക് പണം സ്വരൂപിക്കാൻ സമ്പന്നരുടെ മേൽ കൂടുതൽ നികുതി ചുമത്തുക. പെട്രോളിയം ഉൽപ്പന്നങ്ങളുടെ മേലുള്ള കേന്ദ്ര എക്സൈസ് നികുതി ഗണ്യമായി കുറയ്‌ക്കുക. പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിച്ച്, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക.

elamaram-kareem

ഇതിനുപുറമെ, ഒരു ദശകത്തിലധികമായി ഉന്നയിക്കുന്ന മറ്റാവശ്യങ്ങളും- എല്ലാ തൊഴിലാളികൾക്കും മിനിമം വേതനം, സാർവത്രിക സാമൂഹ്യസുരക്ഷ, കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, പ്രൊവിഡന്റ്‌ ഫണ്ട്- മിനിമം പെൻഷൻ തുക വർധിപ്പിക്കുക, സ്കീം തൊഴിലാളികളെ "തൊഴിലാളി' എന്ന നിർവചനത്തിൽ ഉൾപ്പെടുത്തുക- എന്നതും പണിമുടക്കിന്റെ ഭാഗമായി ഉയർത്തുന്നുണ്ട്. മഹാമാരി കാലത്ത് തൊഴിൽ നഷ്ടപ്പെട്ടവർക്ക് ആശ്വാസം നൽകണമെന്ന ആവശ്യവും ഉയർത്തുന്നു. ഈ മുദ്രാവാക്യങ്ങൾക്ക് ആധാരമായ പ്രശ്നങ്ങൾ, രാജ്യത്ത് നടപ്പാക്കിവരുന്ന നവ-ഉദാരവൽക്കരണ നയങ്ങളുടെ ഭാഗമായിട്ടുള്ളതാണ്. ലോകത്താകെ ജനങ്ങളുടെ ജീവിതം ദുരിതത്തിലേക്ക് നയിച്ച ഉദാരവൽക്കരണ നയങ്ങളിൽനിന്ന് രാജ്യത്തെ രക്ഷിക്കുക എന്നതാണ് ദേശീയ പണിമുടക്കിന്റെ പ്രധാന ലക്ഷ്യം.

1991ൽ നരസിംഹറാവു സർക്കാർ ആഗോളവൽക്കരണവും ഉദാരവൽക്കരണവും ആരംഭിച്ചതുമുതൽ തൊഴിലാളികൾ പ്രക്ഷോഭം നടത്തുകയാണ്. 1991 നവംബർ 29ന് ആദ്യത്തെ ദേശീയ പണിമുടക്ക്‌ നടന്നു. 2020 നവംബർ 26ന് 20---ാമത്തെ പണിമുടക്കും നടത്തി. ഓരോ പണിമുടക്കിലും തൊഴിലാളികളുടെ പങ്കാളിത്തം വർധിച്ചു. തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ സർക്കാർ നയങ്ങളുടെ പ്രത്യാഘാതമായിട്ടാണെന്ന് ബോധ്യപ്പെട്ട തൊഴിലാളികൾ ഈ നയങ്ങൾക്കെതിരായി സമരം തിരിച്ചുവിട്ടു.

ഇത്തവണത്തെ പണിമുടക്കും രാജ്യത്തെ വിവിധ വിഭാഗം ജനങ്ങളുടെ ജീവിതവുമായി നേരിട്ട് ബന്ധപ്പെടുന്ന പ്രശ്നങ്ങൾ ഉയർത്തിയാണ്. ബിഎംഎസ് ഒഴികെ സംഘടനകൾ ഒറ്റക്കെട്ടായിട്ടാണ് അണിനിരക്കുന്നത്. - രാജ്യത്തെ കാർഷിക മേഖല കോർപറേറ്റുകൾക്ക് തീറെഴുതാൻ ലക്ഷ്യംവച്ച മൂന്ന് കാർഷിക നിയമം പാർലമെന്റ്‌ പാസാക്കിയത് മോദിസർക്കാർ നടപ്പാക്കുന്ന ഉദാരവൽക്കരണ നയങ്ങളുടെ അടിസ്ഥാനത്തിലാണ്. ഒരുവർഷത്തിലേറെ കർഷകർ നടത്തിയ ധീരോദാത്തമായ പോരാട്ടങ്ങളെത്തുടർന്ന് നിയമങ്ങൾ പിൻവലിക്കേണ്ടിവന്നു. രാജ്യത്തെ തൊഴിലാളിവർഗം കർഷകസമരത്തിന് സജീവ പിന്തുണ നൽകി. "ഭാരതബന്ദ്' ഉൾപ്പെടെ വിജയിപ്പിക്കാൻ തൊഴിലാളികളും രംഗത്തിറങ്ങി.

എല്ലാ പ്രധാന വ്യവസായമേഖലകളിലെയും- മാനുഫാക്ചറിങ്‌, വൈദ്യുതി, കൽക്കരി, ബാങ്ക്, ഇൻഷുറൻസ്, ട്രാൻസ്പോർട്ട്‌, തുറമുഖങ്ങൾ, നിർമാണം, അസംഘടിതമേഖല തുടങ്ങിയ രംഗങ്ങളിലെയെല്ലാം തൊഴിലാളികൾ ഒന്നിച്ചാണ് പണിമുടക്കിൽ അണിനിരക്കുന്നത്. ബാങ്ക് ജീവനക്കാർ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ 62 പണിമുടക്കാണ് നടത്തിയത്. ദേശസാൽകൃത ബാങ്കുകളെ സ്വകാര്യവൽക്കരിക്കുന്ന, രാജ്യത്തിന് വിനാശകരമായ നയങ്ങൾക്കെതിരെയായിരുന്നു ഈ സമരങ്ങൾ. വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ്‌, കൊച്ചിൻ റിഫൈനറി, പാലക്കാട് ബെമൽ ഫാക്ടറി, തിരുവനന്തപുരത്തെ എച്ച്എൽഎൽ എന്നീ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിനെതിരെ സമരം നടത്തിവരികയാണ്. വൈദ്യുതി മേഖല സ്വകാര്യവൽക്കരിക്കുന്നതിനെതിരെ ചണ്ഡിഗഢ്‌, ജമ്മു കശ്മീർ, പുതുച്ചേരി സംസ്ഥാനങ്ങളിൽ തൊഴിലാളി സമരത്തിന് മുന്നിൽ സർക്കാരുകൾ മുട്ടുമടക്കി.

തൊഴിലാളികളുടെ യോജിച്ച സമരങ്ങൾ ശക്തിപ്പെട്ട് വരുന്നതിനാൽ ഉദ്ദേശിച്ചതുപോലെ സ്വകാര്യവൽക്കരണം നടത്താൻ കേന്ദ്രസർക്കാരിന് കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് ദേശീയ ആസ്തികൾ ദീർഘകാലത്തേക്ക് പാട്ടത്തിന് നൽകുന്ന "മോണിറൈസേഷൻ' പദ്ധതി പ്രഖ്യാപിച്ചത്. ആറ്‌ ലക്ഷം കോടി രൂപ സംഭരിക്കാൻ ദേശീയ പാതകൾ, വൈദ്യുതി ലൈനുകൾ, ഗ്യാസ് വിതരണ ലൈനുകൾ, ബിഎസ്എൻഎൽ ടവറുകൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ട്രെയിനുകൾ, സ്റ്റേഡിയങ്ങൾ മുതലായ പൊതു ആസ്തികൾ മുപ്പത് വർഷത്തേക്ക് സ്വകാര്യമുതലാളിമാരെ എൽപ്പിക്കുന്നതാണ് ഈ നയം.

ഇന്ത്യൻ തൊഴിലാളിവർഗം സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പും നടത്തിയ നിരവധി സമരങ്ങളുടെ ഫലമായിട്ടാണ് തൊഴിലാളികളുടെ അവകാശങ്ങൾ പരിമിതമായ നിലയിലെങ്കിലും സംരക്ഷിക്കാൻ ഉതകുന്ന തൊഴിൽ നിയമങ്ങൾ ഉണ്ടായത്. ഐഎൽഒ അംഗീകരിച്ച പ്രമാണങ്ങൾ അംഗീകരിച്ചാണ് ഇന്ത്യയിൽ ചില നിയമങ്ങൾ പാസാക്കിയത്.ഇപ്പോൾ അതെല്ലാം തകർത്ത്, തൊഴിലാളികളെ അടിമസമാനമായി തൊഴിൽ ചെയ്യിക്കാൻ കോർപറേറ്റുകൾക്ക് സ്വാതന്ത്ര്യം നൽകുന്ന നിയമങ്ങളാണ് മോദി സർക്കാർ പാസാക്കിയിരിക്കുന്നത്. 2019ലും 2020ലും പാർലമെന്റ്‌ പാസാക്കിയ നാല്‌ ലേബർ കോഡ്‌, നിലവിലുണ്ടായിരുന്ന 29 തൊഴിൽനിയമത്തിന്റെ അലകും പിടിയും മാറ്റിക്കൊണ്ടുള്ളതാണ്. തൊഴിലാളികൾക്ക് ട്രേഡ് യൂണിയൻ രൂപീകരിക്കാനുള്ള അവകാശം ലേബർകോഡ് പരിമിതപ്പെടുത്തി. പണിമുടക്ക് സമരം ഫലത്തിൽ അസാധ്യമാക്കി. എട്ട് മണിക്കൂർ ജോലി എന്ന തത്വവും "മിനിമം വേതനം' എന്ന തത്വവും ദുർബലമാക്കി, "നിശ്ചിതകാല ജോലി' എന്ന ഒരു പുതിയ സമ്പ്രദായം നിയമാനുസൃതമാക്കി. മേലിൽ ഒരു വ്യവസായത്തിലും സ്ഥിരം ജോലികൾ ഉണ്ടാകില്ല.

ഇൻഷുറൻസ് മേഖലയിൽ സ്വകാര്യ മൂലധനത്തിന് പ്രവേശനം നൽകിയത് വാജ്പേയി സർക്കാരാണ്. 43 സ്വകാര്യ ഇൻഷുറൻസ് കമ്പനി ഇന്ത്യയിൽ സ്ഥാപിച്ചെങ്കിലും പൊതുമേഖലയിലെ എൽഐസിയും ജിഐസിയും മേധാവിത്വം തുടർന്നു. അന്തർദേശീയ ധനമേഖലാ കുത്തകകളുടെ സമ്മർദത്തിന് വഴങ്ങിയ മോദി സർക്കാർ ആദ്യം ജിഐസി സ്വകാര്യവൽക്കരണ നിയമം പാസാക്കി. തുടർന്ന്, എൽഐസി സ്വകാര്യവൽക്കരണം ആരംഭിച്ചു. 42 കോടി പോളിസി ഉടമകളുള്ള എൽഐസിയുടെ ആസ്തി 38 ലക്ഷം കോടി രൂപയാണ്. രാജ്യത്തിന്റെ വികസന പദ്ധതികളിൽ എൽഐസി നൽകിയ സംഭാവനകൾ മറക്കാനാകാത്തതാണ്. അത്തരമൊരു സ്ഥാപനത്തെയാണ് ലാഭക്കൊതിയന്മാരായ സ്വകാര്യകുത്തകകൾക്ക് കൈമാറുന്നത്.

രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കിൽ പൊതുമേഖലയെ സംരക്ഷിക്കാനാകും എന്നതിന്റെ ഉദാഹരണമാണ് കേരളം. കേന്ദ്രസർക്കാർ, സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ച "വെള്ളൂർ ന്യൂസ് പ്രിന്റ്‌' ഫാക്ടറി കേരള സർക്കാർ ഏറ്റെടുത്തു. "ഹിന്ദുസ്ഥാൻ ലാറ്റെക്സ്' ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു. തിരുവനന്തപുരം വിമാനത്താവളവും ഏറ്റെടുക്കാൻ കേരളസർക്കാർ സന്നദ്ധമായിരുന്നു. അതിനെ അവഗണിച്ചാണ് മോദി സർക്കാർ "അദാനിക്ക്' ഏൽപ്പിച്ചു കൊടുത്തത്. കൊച്ചിൻ റിഫൈനറി, എൽഐസി സ്വകാര്യവൽക്കരണം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള അസംബ്ലിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം സഭ ഏകകണ്ഠമായി പാസാക്കി. പൊതുമേഖലാ സംരക്ഷണത്തിനായി പൊരുതുന്ന തൊഴിലാളികൾക്കെല്ലാം ആത്മവിശ്വാസം നൽകുന്ന നടപടിയാണിത്.

മോദി സർക്കാരിന്റെ 'ചങ്ങാത്ത മുതലാളിത്ത' നയങ്ങൾ ജനങ്ങളെയും രാജ്യത്തെയും പാപ്പരാക്കുന്നു. കോർപറേറ്റുകൾ തടിച്ചുകൊഴുക്കുന്നു. തൊഴിലില്ലായ്മ അതിരൂക്ഷമാണ്. 2014ൽ മോദി വാഗ്ദാനം ചെയ്തത് വർഷംതോറും രണ്ട്‌ കോടി വീതം പുതിയ തൊഴിൽ സൃഷ്ടിക്കുമെന്നായിരുന്നു. അത് അമ്പേ പൊളിഞ്ഞു. ലേബർ സർവേപ്രകാരം 45 വർഷത്തിനിടയിലെ ഏറ്റവും കൂടിയ തൊഴിലില്ലായ്മയാണ് രാജ്യത്ത്. സെന്റർ ഫോർ മേണിറ്ററിങ്‌ ഇന്ത്യൻ ഇക്കോണമി (സിഎംഐഇ) റിപ്പോർട്ട് പ്രകാരം 2020 ഫെബ്രുവരിയിൽ രാജ്യത്തെ ആകെ തൊഴിൽ ചെയ്യുന്നവർ 405.9 ദശലക്ഷം എന്നാണ്. 2021 ആഗസ്ത്‌ ആകുമ്പോൾ അത് 397.8 ദശലക്ഷമായി കുറഞ്ഞു. രൂക്ഷമായ ഈ പ്രശ്നത്തിന് ഒരു പരിഹാരവും നിർദേശിക്കുന്നില്ല. 2022--23 വർഷത്തേക്കുള്ള ബജറ്റിൽ പറഞ്ഞത് അടുത്ത അഞ്ച്‌ വർഷത്തിനുള്ളിൽ 60 ലക്ഷം പുതിയ തൊഴിൽ സൃഷ്ടിക്കുമെന്നാണ്.

പട്ടിണിക്കാരുടെ എണ്ണവും വർധിച്ചുവരുന്നു. 2012ൽ പട്ടിണിക്കാർ 21.7 കോടിയായിരുന്നത്, 2019---20ൽ 28.3 കോടിയായി ഉയർന്നു. കഴിഞ്ഞ എട്ട്‌ വർഷത്തിനുള്ളിൽ രാജ്യത്ത് 7.6 കോടി ജനങ്ങൾ ദരിദ്രരായി മാറി. ഈ സാഹചര്യത്തിലും കുത്തകകളുടെ സമ്പത്ത് വർധിച്ചു. സാമ്പത്തിക അസമത്വം ഏറെ കൂടിയ രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ. ദേശീയ വരുമാനത്തിൽ സ്വകാര്യസമ്പത്തിന്റെ തോത് 1980ൽ 290 ശതമാനമായിരുന്നത് 2020ൽ 555 ശതമാനമായി ഉയർന്നു. ജനസംഖ്യയുടെ മുകൾതട്ടിലെ ഒരു ശതമാനം(അതിസമ്പന്നർ) രാജ്യത്തെ ആകെ സമ്പത്തിന്റെ മൂന്നിൽ ഒരു ഭാഗം കൈക്കലാക്കി.

1995നും 2001നുമിടയിൽ അംബാനി, അദാനി എന്നിവരടങ്ങുന്ന ലോകത്തിലെ 52 ശതകോടീശ്വരന്മാരുടെ സമ്പത്ത് വർഷംപ്രതി 10 ശതമാനമെന്ന തോതിൽ വർധിച്ചിരുന്നു. ഏറ്റവും കൂടിയ വർധനയുണ്ടായത് ഗൗതം അദാനിയുടെ സമ്പത്തിലാണ്. കോവിഡ് കാലത്ത് അദാനിയുടെ സമ്പത്തിൽ എട്ട്‌ മടങ്ങ് വർധിച്ചു. ഈ കാലത്ത് ഇന്ത്യയിലെ തൊഴിലാളികൾ ജോലിയും വരുമാനവും നഷ്ടപ്പെട്ട് നെട്ടോട്ടമോടുകയായിരുന്നു. കോവിഡ് ബാധിച്ച് പാവപ്പെട്ട ജനങ്ങൾ മരുന്നും ഓക്സിജനും കിട്ടാതെ മരിച്ചുവീഴുകയായിരുന്നു. ഈ അവസ്ഥ സൃഷ്ടിക്കാൻ കാരണമായ നയങ്ങൾക്കെതിരായിട്ടാണ് തൊഴിലാളികൾ സമരം നടത്തുന്നത്. ദേശാഭിമാന പ്രചോദിതമായ ദേശീയ പണിമുടക്ക് വൻ വിജയമാക്കാൻ എല്ലാവരോടും അഭ്യർഥിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+