കൊറോണ നിർദേശങ്ങൾ ലംഘിച്ചു: രോഗബാധിതരായ രണ്ട് പ്രവാസികളുടെ പാസ്പോർട്ട് റദ്ദാക്കും, സംഭവം കാസർഗോട്ട്
കാസർഗോഡ്: കൊറോണ നിയന്ത്രണം ലംഘിച്ച സംഭവത്തിൽ കാസർഗോഡ് സ്വദേശികളായ രണ്ട് പേരുടെ പാസ്പോർട്ട് റദ്ദാക്കും. വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷവും സ്വയം നിരീക്ഷണത്തിൽ കഴിയാതെ വ്യാപനത്തിന് ഇടയാക്കുന്ന തരത്തിൽ പെരുമാറിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കാസർഗോഡ് ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചത്. കേരളത്തിൽ ഇതിനകം 105 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഒരു ആരോഗ്യ പ്രവർത്തക ഉൾപ്പെടെ
14 പേർക്കാണ് ചൊവ്വാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 14 പേരിൽ എട്ട് പേരും ദുബായിൽ നിന്ന് നാട്ടിലെത്തിയിട്ടുള്ളവരാണ്. ഇതിൽ ആറ് പേർ കാസർഗോട്ടുകാരാണ്. 164 പേരെയാണ് ഒറ്റ ദിവസത്തിനകം കേരളത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രോഗവാഹകരായെന്ന്
നിർദേശങ്ങൾ ലംഘിച്ച് രണ്ട് പ്രവാസികൾ പുറത്തിറങ്ങിയതുകാരണം നിരവധി പേരിലേക്ക് രോഗം വ്യാപിച്ചിട്ടുണ്ട്. ഇതേത്തുടർന്നാണ് പാസ്പോർട്ട് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി. വിലക്ക് ലംഘിക്കുന്നത് തുടരുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ കുടുതൽ കർശന നടപടികൾ സ്വീകരിക്കുമെന്നാണ് കളക്ടറുടെ മുന്നറിയിപ്പ്.

ഉടനടി നടപടി
99.9 ശതമാനം ആളുകളും സർക്കാർ നൽകുന്ന നിർദേശങ്ങൾ പാലിക്കുന്നവരാണ്. ചെറിയൊരു ശതമാനം ജനങ്ങൾ സർക്കാർ നിർദേശങ്ങൾ പിന്തുടരില്ലെന്ന് നിർബന്ധമുള്ളവരാണ് അത്തരക്കാരെ നേരിടുമെന്നാണ് കാസർഗോഡ് ജില്ലാ കളക്ടർ വ്യക്തമാക്കിയത്. ഇനി നിർദേശങ്ങൾ നൽകുകയില്ലെന്നും നിരോധനാജ്ഞക്കിടെ നിയമം ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിയന്ത്രണങ്ങൾ എങ്ങനെ
അവശ്യ സാധനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി കടകൾ കുറക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. രാവിലെ 11 മുതൽ അഞ്ച് മണിവരെയുള്ള സമയത്താണ് കടകൾ തുറക്കാൻ അനുവദിച്ച സമയം. ആളുകൾ കൂട്ടം കൂടരുതെന്ന കർശന നിർദേശം നിലനിൽക്കെ ഇത് ലംഘിച്ചാൽ കടകൾ അടപ്പിക്കുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കാപ്പി, ചായ ജ്യൂസ് എന്നിവ കടകൾ വഴി വിൽക്കാൻ അനുവദിക്കില്ല. ഈ സാഹചര്യത്തിൽ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് എന്നിവ നടത്തുന്നതായി ശ്രദ്ധയിൽപ്പെടുകയോ സാധനങ്ങൾക്ക് അമിത വില ഈടാക്കുകയോ ചെയ്താൽ ഇത്തരം സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുമെന്നും കളക്ടർ വ്യക്തമാക്കി.

ഏറ്റവുമധികം കേസുകൾ
കേരളത്തിൽ ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് കാസർഗോഡ് ജില്ലയിലാണ്. ജില്ലയിൽ മടങ്ങിയെത്തിയ രണ്ട് പ്രവാസികളിൽ നിന്നാണ് കൂടുതൽ പേരിലേക്ക് കൊറോണ വ്യാപിച്ചിട്ടുള്ളത്. ഇതോടെ ജില്ലയിലെ ജനങ്ങൾക്ക് വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതിന് കർശന നിയന്ത്രണങ്ങളാണ് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിട്ടുള്ളത്. നിർദേശങ്ങൾ പാലിക്കാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവർക്കെതിരെ പോലീസ് നടപടി സ്വീകരിച്ച് വരികയാണ്.












Click it and Unblock the Notifications