കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീപ്പയ്ക്കുള്ളിലെ കൊലപാതകത്തിന്റെ ചുരുളഴിച്ചത് ഈ ഫോറൻസിക് സർജൻ.. ശകുന്തളയെ തിരിച്ചറിഞ്ഞതിങ്ങനെ..

Google Oneindia Malayalam News

കൊച്ചി: കുമ്പളം കായലില്‍ വീപ്പയ്ക്കുള്ളില്‍ ശകുന്തള എന്ന ഉദയംപേരൂര്‍ സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിന്റെ ചുരുളുകളഴിഞ്ഞ് വരുന്നതേ ഉള്ളൂ. ശകുന്തളയെ കൊന്നത് മകളുടെ കാമുകനാണ് എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇയാളും ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ഇതോടെ ഈ രണ്ട് മരണങ്ങളുടേയും ചുരുളഴിക്കാന്‍ പോലീസ് പെടാപ്പാട് പെടുകയാണ്.

കൊല്ലപ്പെട്ടത് ശകുന്തളയാണ് എന്ന് തെളിയിക്കാന്‍ പോലീസിന് സഹായകമായത് ഒരു സ്‌ക്രൂ ആണ്. ശകുന്തളുടെ കാലില്‍ നിന്നും കണ്ടെത്തിയ മാളിയോലര്‍ സ്‌ക്രൂ. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ കൊച്ചി കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സര്‍ജന്‍ ഡോ. ഉന്മേഷ് എകെ, എങ്ങനെ കൊല്ലപ്പെട്ടത് ശകുന്തളയാണ് എന്ന കണ്ടെത്തലിലേക്ക് എത്തിയെന്ന് വിവരിക്കുന്ന ഫേസ്ബുക്ക് കുറിപ്പ് വായിക്കാം. ഇന്‍ഫോക്ലിനിക്കിലെ ജിനേഷ് പിഎസിന്റെതാണീ കുറിപ്പ്:

 65 മില്ലിമീറ്റർ നീളമുള്ള സ്ക്രൂ

65 മില്ലിമീറ്റർ നീളമുള്ള സ്ക്രൂ

"ഇല്ല, കൃത്യമായി വായിക്കാനാവുന്നില്ല." ഹാൻഡ് ലെൻസ് ഉപയോഗിച്ച് പലതവണ ശ്രമിച്ചു നോക്കി. ആ ഫോറൻസിക് സർജന് അത് വായിക്കാൻ സാധിച്ചില്ല. ഇടതുകാലിലെ റ്റിബിയ അസ്ഥിയിൽ കയറിയിരിക്കുന്ന 65 മില്ലിമീറ്റർ നീളമുള്ള സ്ക്രൂവിന്റെ ഹെഡിലാണ്. സ്ക്രൂ മുറുക്കാനുള്ള വെട്ടിന്റെ ചുറ്റിലുമായി എന്തോ എഴുതിയിട്ടുണ്ട്. പോലീസ് ഫോട്ടോഗ്രാഫറെ വീണ്ടും വിളിച്ചു.ഹൈ റസല്യൂഷൻ ക്യാമറയിൽ രേഖപ്പെടുത്തിയ ചിത്രം സൂം ചെയ്തു നോക്കി. "PITKAR" എന്ന് കമാനാകൃതിയിൽ എഴുതിയിരിക്കുന്നു. അതിനുള്ളിലായി ഒരു ഏഴക്ക നമ്പറും. സ്ക്രൂ കയറ്റിയ ആ അസ്ഥി കൂടി ചേർത്തിട്ടുണ്ടായിരുന്നില്ല. അതുകൂടാതെ പോസ്റ്റുമോർട്ടം ടേബിളിൽ നിരവധി അസ്ഥികൾ കിടപ്പുണ്ടായിരുന്നു. ചിലതിലൊക്കെ സിമിന്റ് പറ്റിപ്പിടിച്ചിരിപ്പുണ്ടായിരുന്നു.

കായലിനരികിലെ വീപ്പ

കായലിനരികിലെ വീപ്പ

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് പോലീസ് ജീപ്പിൽ അദ്ദേഹം കായലിനടുത്തെത്തിയത്, കൃത്യമായി പറഞ്ഞാൽ 2018 ജനുവരി എട്ടാം തീയതി. ആ നീല വീപ്പയ്ക്ക് ചുറ്റും പോലീസ് നിൽപ്പുണ്ടായിരുന്നു. ഭാരമുള്ള ചുറ്റിക ഉപയോഗിച്ച് മൂന്നു പേർ അത് തല്ലിപ്പൊട്ടിക്കുകയാണ്. ശക്തമായ ഒരു പ്രഹരത്തിൽ സിമന്റ് പൊട്ടുന്നതിനോടൊപ്പം ഒരു എല്ലിന്റെ ഭാഗത്തും ക്ഷതമേൽക്കുന്നു. മുഖത്തെ എല്ലിൽ ആണ് പൊട്ടൽ വീണത്. ഈ പൊട്ടിക്കൽ പരിപാടിക്ക് ഡോക്ടർ തടസ്സമായി. ഡോക്ടറും ഇൻസ്പെക്ടറും കൂടി ചേർന്ന് സാവകാശം വീപ്പ പൊട്ടിച്ചു തുടങ്ങി. വീപ്പയുടെ രണ്ടുവശത്തും വൃത്തിയായി കോൺക്രീറ്റ് ചെയ്തിരിക്കുന്നു. അടിവശത്ത് ഏകദേശം 10 സെന്റീമീറ്റർ കനം. മുകൾവശത്ത് ചെറിയ ഇഷ്ടിക ചേർത്ത് കോൺക്രീറ്റ് ചെയ്തിരിക്കുന്നു. നിവർത്തിയിട്ടാൽ ഒരു മേശ പോലെ ഉപയോഗിക്കാം.

ജീർണിച്ച അസ്ഥികൂടം

ജീർണിച്ച അസ്ഥികൂടം

പൊട്ടിച്ചു വരുമ്പോൾ കാണുന്നത് ഒരു അസ്ഥികൂടമാണ്. ശരീരം തലകീഴായി നിറച്ചാണ് കോൺക്രീറ്റ് ചെയ്തിരിക്കുന്നത്. കൈകാലുകൾ മടക്കി ഇടുപ്പിനോട് ചേർത്ത് കെട്ടിയതിന്റെ കയർ കാണാനുണ്ട്. തോളെല്ലിന്റെ ഭാഗത്തും വയറിലും ഇടുപ്പെല്ലും കാൽമുട്ടിലും മാത്രം അല്പം മാംസപേശികൾ കാണാം. ബാക്കി ജീർണിച്ച് അസ്ഥികൂടമായി രൂപാന്തരപ്പെട്ടു കഴിഞ്ഞു. തലയോട്ടിയോട് ചേർന്ന് കനത്തിൽ മുടിയുണ്ട്, ഒരുകെട്ട് പോലെ. 50 സെന്റീ മീറ്റർ ശരാശരി നീളം. ഇതുവെച്ച് പുരുഷനോ സ്ത്രീയോ എന്ന് ഉറപ്പിക്കുക വയ്യ. മങ്ങിയ വരകളുള്ള മങ്ങിയ ബ്രൗൺ നിറത്തിലുള്ള 14 തുണിക്കഷണങ്ങൾ. അതിൽ ഒരെണ്ണം മാത്രം വളരെ നീളമുള്ളത്. 130 ലധികം സെന്റീമീറ്റർ നീളമുണ്ട്. നൈറ്റിയുടെ ഒരു വശം പോലെ ഇരിക്കും, അല്ലെങ്കിൽ നീളമുള്ള ഒരു ഗൗൺ.

നാല് നോട്ടുകൾ

നാല് നോട്ടുകൾ

പക്ഷേ തയ്യൽ പ്രൊഫഷണൽ അല്ല. കയറിയും ഇറങ്ങിയും ഉള്ള തുന്നലുകൾ. കുറെയൊക്കെ ദ്രവിച്ചു തുടങ്ങിയെങ്കിലും ഒരു സ്ത്രീയുടെ വസ്ത്രമാകാൻ സാധ്യത കൂടുതൽ. പക്ഷേ ഉറപ്പിക്കാൻ പറ്റുന്നില്ല. തുണി കഷണങ്ങളിൽ കുറച്ച് സിമന്റിൽ ഉറച്ച് പോയിരിക്കുന്നു. തലയോട്ടിയും ഇടുപ്പെല്ലും ലഭിച്ചു. രണ്ടും താരതമ്യേന സ്മൂത്ത്. ചെറിയ ത്രികോണാകൃതിയിലുള്ള ഓബ്റ്റുറേറ്റർ ഫൊറാമെൻ. വലിയ, വീതി കൂടിയ, ആഴം കുറഞ്ഞ ഗ്രേറ്റർ സയാറ്റിക്ക് നോച്ച്. തിരിച്ചറിയാൻ സാധിക്കുന്ന പ്രീ ഓറിക്കുലർ സൾക്കസ്. ഇതായിരുന്നു ഇടുപ്പെല്ലിന്റെ വിവരണം. താടിയെല്ലും പരിശോധിച്ചു. സ്ത്രീയുടേത് എന്നുറപ്പിച്ചു. 4 നോട്ടുകൾ കൂടി കിട്ടി. 3 അഞ്ഞൂറിന്റെയും ഒരു നൂറിന്റെയും. ഇടുപ്പെല്ലിന് ചുറ്റുമായി 80 സെന്റീമീറ്റർ നീളമുള്ള ഒരു അരഞ്ഞാണം ഉണ്ടായിരുന്നു. കുറച്ച് പോളിത്തീൻ കവറുകളും ലഭിച്ചു. 15 സെന്റീമീറ്റർ നീളമുള്ള ഒരു ബ്രൗൺ പ്ലാസ്റ്റർ ടേപ്പും.

സിമന്റ് കട്ട പിടിച്ച എല്ലുകൾ

സിമന്റ് കട്ട പിടിച്ച എല്ലുകൾ

എല്ലുകളെല്ലാം വേർതിരിച്ചെടുത്തു. മിക്കതിലും സിമന്റ് കട്ട പിടിച്ച് ഇരിപ്പുണ്ടായിരുന്നു. എല്ലാം ഡിപ്പാർട്ട്മെന്റിലേക്ക് മാറ്റി. 2016 ഡിസംബർ മാസത്തിലാണ് നീലനിറമുള്ള വീപ്പ അവിടെ നിക്ഷേപിക്കപ്പെടുന്നത്. അരൂർ-കുമ്പളം ഭാഗത്തുള്ള കായൽക്കരയിൽ ഉള്ള ആ സ്വകാര്യ സ്ഥലം വൃത്തിയാക്കുമ്പോൾ ജെസിബിയിൽ കുടുങ്ങിയതാണ് ഇത്. കായലിൽ നിന്നും സിമന്റ് നിറച്ച ഇത്തരമൊരു വീപ്പ ലഭിച്ചപ്പോൾ ജെസിബി ഓപ്പറേറ്റർക്ക് കൗതുകം തോന്നിയിരുന്നു. ജെസിബി ഉപയോഗിച്ച് ഒന്ന് പൊട്ടിക്കാൻ ശ്രമിച്ചു നോക്കി. പക്ഷേ ആൾക്ക് അതിൽ വിജയിക്കാൻ സാധിച്ചില്ല. 2016 ഡിസംബർ മുതൽ അത് ആ പറമ്പിന്റെ അരികിൽ കിടന്നു. ചെരിഞ്ഞായിരുന്നു കിടന്നത്.

രാസപരിശോധനയും ഡിഎൻഎ ടെസ്റ്റും

രാസപരിശോധനയും ഡിഎൻഎ ടെസ്റ്റും

2017 ഡിസംബർ മാസത്തിൽ വള്ളത്തിൽ മീൻ പിടിക്കാൻ പോയവരാണ് അത് കാണുന്നത്. ആ ഭാഗത്ത് കായൽ പരപ്പിൽ എണ്ണ പടർന്നു കിടക്കുന്നത് പോലെ കാണുന്നു. രണ്ടാഴ്ചയ്ക്കുശേഷം 2018 ജനുവരിയിലാണ് ആ ഗന്ധം അവിടെ നിന്നും വരുന്നത്, ജീർണ്ണിച്ച ശരീരത്തിന്റെ ഗന്ധം. അവരാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്. അങ്ങനെയാണ് പൊലീസ് അന്വേഷണം ആരംഭിക്കുന്നത്. അതിനുവേണ്ടിയാണ് സി ഐ സിബി ടോമിനൊപ്പം ആ ഫൊറൻസിക് സർജൻ അവിടെ എത്തുന്നത്. എല്ലുകളിൽ നിന്നും സിമന്റിന്റെ ഭാഗങ്ങൾ വേർതിരിച്ചു. അവശേഷിച്ചിരുന്ന മാംസഭാഗവും കൂടെ ലഭിച്ച വസ്തുക്കളും രാസപരിശോധനയ്ക്ക് ശേഖരിച്ച് അയച്ചു. എല്ലുകളും പല്ലുകളും ഒരുഭാഗം ശേഖരിച്ച് ഡിഎൻഎ പരിശോധനയ്ക്കും.ഓരോ എല്ലും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി.

ശസ്ത്രക്രിയയുടെ സ്ക്രൂ

ശസ്ത്രക്രിയയുടെ സ്ക്രൂ

വീണ്ടും വീണ്ടും ഉള്ള പരിശോധനയ്ക്കിടയിലാണ് അത് കണ്ടുപിടിച്ചത്. ഇടതുകാലിലെ റ്റിബിയയുടെ മീഡിയൽ മാലിയോലസിൽ ഒരു സ്ക്രൂ കയറ്റിയിട്ടുണ്ട്. ആ സ്ക്രൂവിന്റെ ഹെഡിൽ എന്തോ രേഖപ്പെടുത്തിയിട്ടുണ്ട്. അത് വായിക്കാൻ സാധിക്കാത്തതിനാലാണ് ഡോക്ടർ പോലീസ് ഫോട്ടോഗ്രാഫറെ വിളിച്ചുവരുത്തിയത്. ചിത്രത്തിൽ നിന്നും ഒരു 7 അക്ക നമ്പരും, PITKAR എന്നപേരും ലഭിച്ചു. എറണാകുളത്തെ സർജിക്കൽ ഷോപ്പുകളിൽ അന്വേഷിച്ചു. പൂനെ ആസ്ഥാനമാക്കി ശസ്ത്രക്രിയ ഉപകരണങ്ങൾ നിർമ്മിക്കുന്ന ഒരു കമ്പനിയാണ് പിറ്റ്കാർ എന്നറിഞ്ഞു. സർക്കിൾ ഇൻസ്പെക്ടർ കമ്പനിയുമായി ബന്ധപ്പെട്ടു. ആ ഏഴക്ക നമ്പർ ഒരു ബാച്ച് നമ്പരാണ്. സീരിയൽ നമ്പർ ആയിരിക്കും എന്ന് കരുതിയ ഡോക്ടർ നിരാശനായി. ആ ബാച്ചിൽ അത്തരത്തിലുള്ള 306 സ്ക്രൂകൾ നിർമിച്ചിട്ടുണ്ട്. അതിൽ പന്ത്രണ്ടെണ്ണം കേരളത്തിലേക്ക് കയറ്റി അയച്ചതാണ്. ഇതിൽ ആറെണ്ണം എറണാകുളത്തും.

നോട്ട് അസാധുവാക്കും മുൻപ് മരണം

നോട്ട് അസാധുവാക്കും മുൻപ് മരണം

കുറച്ചു കാര്യങ്ങൾ കൂടി ഡോക്ടർക്ക് പറഞ്ഞുകൊടുക്കാൻ ഉണ്ടായിരുന്നു. ശസ്ത്രക്രിയ ചെയ്ത സമയം; സ്ക്രൂ പിടിപ്പിച്ചിട്ടുണ്ടായിരുന്നെങ്കിലും പൊട്ടൽ കൂടി ചേർന്നിട്ടുണ്ടായിരുന്നില്ല. അതായത് ശസ്ത്രക്രിയ നടന്നതിന്റെ ആറാഴ്ചയ്ക്കുള്ളിൽ ആണ് മരണം സംഭവിച്ചിരിക്കുന്നത്. ഒരു കാര്യംകൂടി ചൂണ്ടിക്കാട്ടാൻ പോലീസിനായി. മരണം സംഭവിച്ചിരിക്കുന്നത് ഡീമോണിട്ടൈസേഷന് മുൻപാണ്. അതായത് 2016 നവംബർ എട്ടിന് മുൻപ്. കയ്യിലുണ്ടായിരുന്ന മൂന്ന് 500 രൂപ നോട്ടുകളാണ് ഈ നിഗമനത്തിലേക്ക് നയിച്ചത്. തലയോട്ടിയും ഇടുപ്പെല്ലും പരിശോധിച്ചതിൽ നിന്നും 50 വയസ്സിന് അടുത്തായിരിക്കും ഏകദേശ പ്രായം എന്ന് പറഞ്ഞു കൊടുക്കാനും ഡോക്ടർക്ക് സാധിച്ചു. വിവിധ സൂത്രവാക്യങ്ങൾ ഉപയോഗിച്ച് ഏകദേശം ഉയരവും കണ്ടുപിടിച്ചിരുന്നു. 150 സെന്റിമീറ്റർ അടുത്തായിരിക്കും ഏകദേശം ഉയരം എന്നായിരുന്നു നിഗമനം. എല്ലുകളുടെ നീളം അടിസ്ഥാനമാക്കി ഉയരം കണക്കാക്കാൻ വിവിധ ഫോർമുലകളുണ്ട്.

ആ ആറ് പേരെ തേടി

ആ ആറ് പേരെ തേടി

അരഞ്ഞാണത്തിന്റെ നീളം 80 സെന്റീമീറ്റർ മാത്രമായിരുന്നതിനാൽ വണ്ണം അധികമില്ലാത്ത സ്ത്രീയാണ് എന്നും കണക്കാക്കി. ഒരു പടികൂടിക്കടന്ന്, മരിച്ച സ്ത്രീക്കോ അടുത്ത ബന്ധുക്കൾക്കോ തയ്യൽ അറിയാമെന്നും അനുമാനിച്ചു. ധരിച്ച വസ്ത്രത്തിന്റെ തയ്യൽ പരിശോധിച്ചതിൽ നിന്നും ഉള്ള അനുമാനം ആണിത്. മാലിയോലാർ സ്ക്രൂ ശസ്ത്രക്രിയ നടത്തിയ ആശുപത്രിയുടെ വിവരങ്ങൾ ശേഖരിച്ചു. ആ ആറ് മാലിയോലാർ ശസ്ത്രക്രിയകളും ചെയ്തിരിക്കുന്നത് എറണാകുളം വികെഎം ആശുപത്രിയിലാണ്. വികെഎം ആശുപത്രിയുമായി ബന്ധപ്പെട്ടു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ രോഗിയേയും ട്രേസ് ചെയ്തു. അഞ്ചു പേരുടെ വിവരങ്ങൾ വ്യക്തമായി ലഭിച്ചു. ഒരാൾ മാത്രം ശസ്ത്രക്രിയയ്ക്കുശേഷം ഫോളോ അപ്പ് ചെയ്യാൻ വന്നിട്ടില്ലായിരുന്നു.

 ഒടുക്കം ശകുന്തളയിലേക്ക്

ഒടുക്കം ശകുന്തളയിലേക്ക്

സ്കൂട്ടർ അപകടത്തിൽ പരിക്ക് പറ്റിയതിനെത്തുടർന്ന് 2016 സെപ്റ്റംബർ മാസത്തിൽ ശസ്ത്രക്രിയ ചെയ്ത തൃപ്പൂണിത്തുറ സ്വദേശിയായിരുന്നു ആൾ. മറ്റുവിവരങ്ങൾ അന്വേഷിച്ചപ്പോൾ നിഗമനങ്ങളുമായി എല്ലാം യോജിച്ചു പോകുന്നു. ഒരു കാര്യം കൂടി, ഡിഎൻഎ അനാലിസിസിന്റെ ഫലവും ഈ കണ്ടെത്തലുകളെ 100% ഉറപ്പിച്ചു. ഒരാളെ കാണാതായിട്ട് ഇന്നേവരെ എന്തുകൊണ്ട് പരാതിയൊന്നും ഉണ്ടായില്ല എന്നതായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനെ ബുദ്ധിമുട്ടിപ്പിച്ച മറ്റൊരു ചോദ്യം. ഭർത്താവുമായി വേർപിരിഞ്ഞ് മകനോടും മകളോടും ഒപ്പം ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു മരിച്ച സ്ത്രീ. കുറച്ചുനാളുകൾക്ക് മുമ്പ് മകൻ ആത്മഹത്യ ചെയ്തിരുന്നു. ഭർത്താവുമായി വേർപിരിഞ്ഞ് മകൾ മറ്റൊരാളോടൊത്ത് ജീവിക്കാനാരംഭിച്ചു. ഈ വ്യക്തിക്ക് മറ്റൊരു ഭാര്യയും കുട്ടികളും ഉണ്ട് എന്ന് മനസ്സിലാക്കിയ അമ്മ ഈ ബന്ധത്തെ എതിർത്തിരുന്നു.

അതൊരു കാവ്യ നീതി മാത്രം

അതൊരു കാവ്യ നീതി മാത്രം

വീപ്പയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തിയ വാർത്ത വന്നതിന്റെ പിറ്റേന്ന് മകളുടെ ബന്ധക്കാരൻ മരണമടഞ്ഞു. കാരണങ്ങളിലേക്ക് പോലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു. മുകളിലെഴുതിയത് ഷെർലക്ഹോംസ് നോവലിലെ കഥയല്ല. പോസ്റ്റ്മോർട്ടം ചെയ്തത് സിഡ്നി സ്മിത്തും അല്ല. കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന ഒരു ഫോറൻസിക് മെഡിസിൻ വിഭാഗം ഡോക്ടർ ആണ് ഈ പോസ്റ്റ്മോർട്ടം പരിശോധന നടത്തിയത്. ഡോ. ഉന്മേഷ് എ. കെ. സത്യം പറഞ്ഞതിന്റെ പേരിൽ സൗമ്യ കേസിൽ സമൂഹം പ്രതിസ്ഥാനത്തു നിർത്തിയ ആ ഡോക്ടർ തന്നെ. ഈ പോസ്റ്റ് മോർട്ടം പരിശോധനയുടെ കണ്ടെത്തലുകൾ ജനങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. ആത്മാർത്ഥതയോടെ ജോലി ചെയ്യുന്ന ഫോറൻസിക് മെഡിസിൻ ഡോക്ടർമാരുടെ അർപ്പണബോധവും മനസ്സിലാക്കേണ്ടതുണ്ട്. അങ്ങനെയുണ്ടായാൽ അതൊരു കാവ്യ നീതി മാത്രമാണ്, ഏറ്റവും കുറഞ്ഞത് ഡോക്ടർ ഉന്മേഷിനെ സംബന്ധിച്ചെങ്കിലും.

നിഷ ജോസിന്റെ പുസ്തക വിവാദം കത്തുന്നു.. ലൈംഗികാരോപണത്തെക്കുറിച്ച് പ്രതികരിച്ച് ജോസ് കെ മാണി!നിഷ ജോസിന്റെ പുസ്തക വിവാദം കത്തുന്നു.. ലൈംഗികാരോപണത്തെക്കുറിച്ച് പ്രതികരിച്ച് ജോസ് കെ മാണി!

ഷമിക്കുള്ള കുരുക്ക് മുറുക്കി ഹസിൻ ജഹാൻ.. പാക് സുന്ദരിയോടൊപ്പം ഒത്തുകളി.. തെളിവുകൾ കൈമാറി!ഷമിക്കുള്ള കുരുക്ക് മുറുക്കി ഹസിൻ ജഹാൻ.. പാക് സുന്ദരിയോടൊപ്പം ഒത്തുകളി.. തെളിവുകൾ കൈമാറി!

English summary
Facebook post about Udayamperoor Sakunthala murder Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X