പിസി ജോര്‍ജ് വെട്ടില്‍; ചെന്നിത്തല പറയുന്നത്... യുഡിഎഫ് കേരള യാത്ര വരുന്നു, കൂടെ സീക്രട്ട് മൂവ്
തിരുവനന്തപുരം: നിമയസഭാ തിരഞ്ഞെടുപ്പിന് ശക്തമായ ഒരുക്കം നടത്താന്‍ യുഡിഎഫ് തീരുമാനം. കേരളത്തെ ഇളക്കിമറിച്ച് ഒരു യാത്ര സംഘടിപ്പിക്കാന്‍ യുഡിഎഫ് യോഗത്തില്‍ നേതാക്കള്‍ തീരുമാനിച്ചു. മൂന്ന് പ്രധാന കാര്യങ്ങളാണ് ഇന്നത്തെ യുഡിഎഫ് യോഗത്തില്‍ തീരുമാനം ആയത്. യുഡിഎഫിലേക്ക് കയറാന്‍ കാത്തിരിക്കുന്ന ജനപക്ഷം നേതാവ് പിസി ജോര്‍ജിന് ആഹ്ലാദം നല്‍കുന്ന മറുപടിയല്ല പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല യോഗ ശേഷം നല്‍കിയത്. സീറ്റ് വിഭജന ചര്‍ച്ച രഹസ്യമായി നടത്താനും യുഡിഎഫ് തീരുമാനിച്ചു. യോഗത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെയാണ്....

കേരള യാത്ര ഫെബ്രുവരി ഒന്നിന്
യുഡിഎഫിന്റെ കേരള യാത്ര നയിക്കുക രമേശ് ചെന്നിത്തലയാണ്. ഫെബ്രുവരി 1ന് കാസര്‍കോഡ് നിന്നാരംഭിച്ച് 22ന് തിരുവനന്തപുരത്ത് അവസാനിക്കുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. 140 മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന യാത്രയില്‍ എല്ലാ ഘടകകക്ഷി നേതാക്കളും പങ്കെടുക്കും.

23ന് സംസ്ഥാന വ്യാപക ധര്‍ണ
രമേശ് ചെന്നിത്തലയ്‌ക്കൊപ്പം ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ യാത്രയിലുണ്ടാകുമെന്നാണ് വിവരം. കൂടാതെ പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ഘടകകക്ഷി നേതാക്കളും ഭാഗമാകും. 23ന് സംസ്ഥാന വ്യാപകമായി ധര്‍ണ സംഘടിപ്പിക്കാനും യുഡിഎഫ് തീരുമാനിച്ചു. ഇടതുസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടുകയാണ് ലക്ഷ്യം.

പ്രകടന പത്രിക തയ്യാറാക്കാന്‍ സമിതി
തദ്ദേശ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിന് ലഭിച്ചില്ല എന്നാണ് വിലയിരുത്തല്‍. ഇത് തിരിച്ചുപിടിക്കുന്നതിന് മതനേതാക്കളുമായി ചര്‍ച്ച നടത്തി. പ്രകടന പത്രികയില്‍ അവര്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തും. ബെന്നി ബെഹന്നാന്‍ അധ്യക്ഷനായ കമ്മിറ്റിയാണ് യുഡിഎഫ് പ്രകടന പത്രിക തയ്യാറാക്കുക. സിപി ജോണ്‍ ഇതിന് ചുക്കാന്‍ പിടിക്കും.

മുന്നണി വിപുലീകരണം
കേരള യാത്ര, പ്രകടന പത്രിക തയ്യാറാക്കല്‍, സമരം ശക്തമാക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് ഇന്ന് തീരുമാനമായത്. അതേസമയം, മുന്നണി വിപുലീകരണം, സീറ്റ് വിഭജന ചര്‍ച്ച എ്ന്നിവയില്‍ ഇന്ന് തീരുമാനമായില്ല. ഇതിന് വേണ്ടി അടുത്ത ഒരു യോഗം ഉടന്‍ ചേരും.

പിസി ജോര്‍ജ് യുഡിഎഫിലെത്തുമോ
പിസി ജോര്‍ജ്, എന്‍സിപി എന്നിവര്‍ യുഡിഎഫിലെത്തുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പിസി ജോര്‍ജ് മാധ്യമങ്ങളില്‍ പറഞ്ഞ വിവരങ്ങള്‍ മാത്രമേ അറിയൂ എന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ആരും യുഎഫുമായി ഇങ്ങോട്ട് ചര്‍ച്ചയ്ക്ക് ഇതുവരെ വന്നിട്ടില്ല. അതുകൊണ്ടാണ് വിഷയം ചര്‍ച്ചയാകാതിരുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

സീറ്റ് വിഭജന ചര്‍ച്ച രഹസ്യമാക്കും
സീറ്റ് വിഭജനം സംബന്ധിച്ച് ചര്‍ച്ചകള്‍ അടുത്താഴ്ച തുടക്കും. സീറ്റുകള്‍ സംബന്ധിച്ച് പരസ്യമായി പ്രസ്താവന നടത്തരുത് എന്ന് യുഡിഎഫ് യോഗം തീരുമാനിച്ചു. രഹസ്യമായി ചര്‍ച്ചകള്‍ നടത്താനാണ് തീരുമാനം. അന്തിമ തീരുമാനം എടുത്ത ശേഷം വിവരങ്ങള്‍ പരസ്യമാക്കിയാല്‍ മതി എന്നാണ് ധാരണ.

മുസ്ലിം ലീഗ് അത്തരം പാര്‍ട്ടിയല്ല
കോണ്‍ഗ്രസ് വിഷയങ്ങളില്‍ ലീഗ് അനാവശ്യമായി ഇടപെടുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അവര്‍ അങ്ങനെയുള്ള പാര്‍ട്ടിയല്ല. മുസ്ലിം ലീഗ് യുഡിഎഫിലെ രണ്ടാമത്തെ കക്ഷിയാണ്. യുഡിഎഫില്‍ കെട്ടുറപ്പ് വേണം എന്നാണ് ലീഗ് ആവശ്യപ്പെട്ടത്. ലീഗിനെ മോശമാക്കി ചിത്രീകരിക്കാനും വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ആ വെള്ളം അങ്ങ് വാങ്ങി വെച്ചേക്ക് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നവതന്ത്രവുമായി സിപിഎം; കളത്തിലിറങ്ങുക യുവപട... യുഡിഎഫ് വിയര്‍ത്തേക്കും, ഘടകകക്ഷികള്‍ക്ക് ആധി