യുഡിഎഫിന്റെ അടുത്ത വിസ്‌മയമോ? മുൻ സിപിഎം എംഎൽഎ സികെപി പത്മനാഭനുമായി കൂടിക്കാഴ്‌ച നടത്തി കെ സുധാകരൻ
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും സിപിഎമ്മിൽ നിന്ന് ആളെ എത്തിക്കാൻ യുഡിഎഫ് കേന്ദ്രങ്ങളുടെ ശ്രമമെന്ന് വ്യക്തമാക്കുന്ന വാർത്തകൾ പുറത്ത്. കണ്ണൂർ ജില്ലയിലെ മുതിർന്ന സിപിഎം നേതാക്കളിൽ ഒരാളായ സികെപി പത്മനാഭനെയാണ് ഏറ്റവും ഒടുവിൽ കോൺഗ്രസ് മറുചേരിയിലേക്ക് കൊണ്ട് വരാൻ പദ്ധതിയിടുന്നതെന്നാണ് ലഭ്യമായ വിവരം. സികെപി പത്മനാഭനുമായി മുൻ കെപിസിസി അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ സുധാകരൻ എംപി കൂടിക്കാഴ്‌ച നടത്തി.
സികെപി പത്മനാഭന്റെ വീട്ടിലെത്തിയാണ് കെ സുധാകരൻ കൂടിക്കാഴ്‌ച നടത്തിയത്. ഇതോടെയാണ് ഐഷ പോറ്റിക്ക് ശേഷം വലത് നിരയിലേക്ക് അടുക്കുന്ന സിപിഎം നേതാവ് എന്ന നിലയിൽ സികെപിയുടെ പേര് ഉയർന്നുവരുന്നത്. ഇരുവരും ചർച്ച നടത്തുന്നതിന്റെയും കൂടിക്കാഴ്‌ചയുടെയും ചിത്രങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. സൗഹൃദ സന്ദർശനം മാത്രമാണ് ഉണ്ടായതെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ ഉൾപ്പെടെ അറിയിക്കുന്നത്.

എന്നാൽ ഏറെക്കാലമായി പാർട്ടിയുമായി ഇടഞ്ഞ് നിൽക്കുന്ന സികെപി പത്മനാഭനെ യുഡിഎഫിലേക്ക് ക്ഷണിച്ചതായാണ് വിവരം. കോൺഗ്രസിൽ സ്ഥാനം നൽകി ജില്ലയിൽ ഇടത് മുന്നണിയിൽ നിന്ന് പ്രമുഖനെ എത്തിക്കുക എന്നതാണ് നിലവിൽ കോൺഗ്രസ് ലക്ഷ്യം. എംഎൽഎയായി ഉൾപ്പെടെ പ്രവർത്തിച്ചിരുന്നെങ്കിലും അടുത്തകാലത്തായി സിപിഎമ്മുമായി അകന്ന് കഴിയുകയാണ് സികെപി പത്മനാഭൻ.
2006 മുതൽ 2011 വരെ തളിപ്പറമ്പ് മണ്ഡലത്തിൽ നിന്നും എംഎൽഎ ആയിരുന്ന സികെപി പത്മനാഭന്‍ കണ്ണൂർ ജില്ലയിൽ നിന്നുള്ള മുതിർന്ന സിപിഎം നേതാക്കളിൽ ഒരാൾ കൂടിയാണ്. കിസാൻ സഭ കേന്ദ്ര കമ്മിറ്റി അംഗവും കേരള കർഷക സംഘത്തിന്റെ സംസ്ഥാന സെക്രട്ടറിയുമായിരിക്കെ ഫണ്ട് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച്ച വരുത്തിയെന്ന് ആരോപിച്ചു കൊണ്ട് 2011 സെപ്റ്റംബറിൽ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തുകയും തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കുകയും ചെയ്യുകയായിരുന്നു.
എന്നാൽ പിന്നീട് മാടായി ഏരിയ കമ്മറ്റിയിലേക്ക് തിരികെ എടുത്തെങ്കിലും 2024 ലെ സമ്മേളനത്തില്‍ ഏരിയ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കുകയും ചെയ്‌തിരുന്നു. ഇക്കാലയളവിൽ ഒക്കെയും പാർട്ടിയുടെ പ്രധാന വിമർശകരിൽ ഒരാൾ എന്ന നിലയിലായിരുന്നു സികെപി പത്മനാഭൻ പ്രവർത്തിച്ചിരുന്നത്. അവസാനമായി ഏരിയ കമ്മിറ്റിയിൽനിന്ന് കൂടി തഴഞ്ഞതോടെ അദ്ദേഹം പാർട്ടി വിട്ടേക്കുമെന്ന കിംവദന്തികൾ പരന്നിരുന്നെങ്കിലും പിന്നീട് അതുമായി ബന്ധപ്പെട്ട നീക്കങ്ങൾ ഉണ്ടായിരുന്നില്ല.
കർഷക സംഘത്തിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന കാലത്ത് സംഘടനയുടെ അക്കൗണ്ടിൽ നിന്ന് 20 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നായിരുന്നു പാർട്ടി അദ്ദേഹത്തിനെതിരെ ഉന്നയിച്ച ആരോപണം. എന്നാൽ ഇത്രയും വലിയ തുക ഒരിക്കലും താൻ കൈകാര്യം ചെയ്‌തിട്ടില്ലെന്നും ഒരു തെറ്റും താൻ ചെയ്‌തിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
തുടർന്ന് പാർട്ടിയിലെ മറ്റ് മുതിർന്ന നേതാക്കൾക്ക് നേരെ അദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു. 20 ലക്ഷം രൂപ പിൻവലിച്ചത് ഇപി ജയരാജനും കെജി രാമകൃഷ്‌ണനും ചേർന്നാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. മാത്രമല്ല തന്റെ പേരിലുള്ള നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 15 പ്രാവശ്യം പാർട്ടിക്ക് അപ്പീൽ നൽകിയെങ്കിലും ഒരിക്കൽ പോലും അനുകൂല പ്രതികരണം അദ്ദേഹത്തിനെ തേടി എത്തിയിരുന്നില്ല.
അതിന് പിന്നാലെയാണ് ഇപ്പോൾ കോൺഗ്രസുമായും വലതുമുന്നണിയുമായും അദ്ദേഹം കൂടുതൽ അടുക്കുന്നുവെന്ന റിപ്പോർട്ടുകൾ വരുന്നത്. കഴിഞ്ഞ ദിവമാണ് കൊട്ടാരക്കര എംഎൽഎ ആയിരുന്ന ഐഷ പോറ്റി പാർട്ടി വിട്ട് കോൺഗ്രസിനൊപ്പം ചേർന്നത്. ഇതൊരു വിസ്‌മയം ആണെന്നും തുടർന്നും ഇത്തരം കാര്യങ്ങൾ ഉണ്ടാവുമെന്നും ആയിരുന്നു യുഡിഎഫ് ചൂണ്ടിക്കാട്ടിയത്.












Click it and Unblock the Notifications