'നീണ്ട പോരാട്ടത്തിനുള്ള മറുപടി പോലും ആ കുട്ടിക്ക് ലഭിച്ചില്ല, പ്രതികൾക്ക് നൽകിയത് കുറഞ്ഞ ശിക്ഷ'; ഉമാ തോമസ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷാ വിധി വന്നതിന് പിന്നാലെ പ്രതികരിച്ച് ഉമാ തോമസ് എംഎൽഎ. ഇത്രയുംനാൾ പോരാടിയ അതിജീവിതയ്ക്ക് അതിനുള്ള മറുപടി പോലും കോടതിയിൽനിന്ന് ലഭിച്ചില്ലെന്ന് ഉമാ തോമസ് ആരോപിച്ചു. സെൻഷേണൽ കേസിൽ വിധിവരുമ്പോൾ സമൂഹത്തിന് ഒരു സന്ദേശം ഉണ്ടാകേണ്ടതായിരുന്നു. എന്നാൽ, ഏറ്റവും കുറഞ്ഞ ശിക്ഷയാണ് പ്രതികൾക്ക് ലഭിച്ചിരിക്കുന്നതെന്നും ഉമാ തോമസ് കൂട്ടിച്ചേർത്തു.
ഇത്തരം കേസിൽ വിധിവരുമ്പോൾ സമൂഹത്തിന് ഒരു സന്ദേശം കൊടുക്കണം. നിർഭയ കൊലക്കേസുമായി ബന്ധപ്പെട്ട് പാർലമെന്റ് പാസാക്കിയ പുതിയ നിയമം അനുസരിച്ച് ഇതിനേക്കാൾ കുറഞ്ഞ ശിക്ഷ കൂട്ടബലാത്സംഗത്തിന് കൊടുക്കാൻ പറ്റില്ലായിരുന്നു. ഏറ്റവും കുറഞ്ഞ ശിക്ഷയാണ് കൊടുത്തിരിക്കുന്നത്. ജീവപര്യന്തമെങ്കിലും പ്രതികൾക്ക് ലഭിക്കുമെന്ന് വിചാരിച്ചിരുന്നു; തൃക്കാക്കര എംഎൽഎ പറഞ്ഞു.

കോടതിയെ മാനിക്കാതെയല്ല. ഞങ്ങളുടെ സങ്കടമാണ് പറയുന്നത്. ഒരു കുട്ടി വഴിയിൽ അപമാനിക്കപ്പെട്ടിട്ട് ഇത്രയും നാൾ ഇതിനും വേണ്ടി പോരാടിയിട്ടും അതിനുള്ള മറുപടി പോലും ആ കുട്ടിക്ക് ലഭിച്ചില്ല. നാടിനുവേണ്ടി സന്ദേശം നൽകാൻ, എട്ട് വർഷത്തോളമായി ദുഃഖം മുഴുവൻ സഹിക്കുന്ന അവൾക്ക് നീതി ലഭിച്ചില്ല; ഉമാ തോമസ് മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.
നീതി കിട്ടുമോയെന്ന സംശയം അതിജീവിത പങ്കുവെച്ചിരുന്നു. ആലോചിച്ചുറച്ച് വളരെ ആസൂത്രണത്തോടെ നടത്തിയിരിക്കുന്ന ക്രിമിനൽ ഗൂഢാലോചനയാണ് ഇത് എന്ന കാര്യത്തിൽ സംശയമില്ലെന്നും ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെങ്കിൽ സർക്കാരിന് വീഴ്‌ച സംഭവിച്ചെന്നും ഉമാ തോമസ് കൂട്ടിച്ചേർത്തു. അതേസമയം, ശിക്ഷാ വിധിക്ക് പിന്നാലെ വ്യാപക വിമർശനമാണ്പലയിടത്ത് നിന്നും ഉയരുന്നത്.
കേസിൽ പൾസർ സുനി ഉൾപ്പെടെയുള്ള എല്ലാ പ്രതികൾക്കും 20 വർഷം കഠിന തടവാണ് വിധിച്ചത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി ഹണി എം വർഗീസാണ് ശിക്ഷ വിധിച്ചത്. പ്രതികൾ 50,000 രൂപ പിഴയും അടയ്ക്കണം. ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠൻ, നാലാം പ്രതി വി പി.വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
അതിന് പിന്നാലെ ശിക്ഷ കുറഞ്ഞതിന് എതിരെ രൂക്ഷ പ്രതികരണവുമായാണ് അതിജീവിതയുടെ അഭിഭാഷക ടിബി മിനി രംഗത്തെത്തിയിരുന്നു. അപമാനഭാരത്താൽ തല കുനിക്കുന്നു എന്നായിരുന്നു ടിബി മിനിയുടെ പ്രതികരണം. പ്രോസിക്യൂഷനും വിധിയിൽ അതൃപ്‌തി പരസ്യമാക്കിയിരുന്നു. സർക്കാരിനോട് അപ്പീലിന് ശുപാർശ ചെയ്യുമെന്നാണ് പ്രോസിക്യൂഷൻ അറിയിച്ചിരിക്കുന്നത്.
കേസിലെ ശിക്ഷാവിധി ദിനമായ ഇന്നും അത്യന്തം നാടകീയത നിറഞ്ഞുനിന്നിരുന്നു. സമൂഹത്തിന് വേണ്ടിയാണോ വിധിയെഴുതേണ്ടതെന്ന് പ്രോസിക്യൂഷനോട് കോടതി ചോദിച്ചിരുന്നു. എന്നാൽ യഥാർത്ഥ കുറ്റവാളി മറഞ്ഞിരുപ്പുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. ശിക്ഷയുമായി ബന്ധപ്പെട്ട വാദത്തിനിടെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിയും ആറാം പ്രതി പ്രദീപും പൊട്ടി കരയുന്നതിനും കോടതി മുറി സാക്ഷിയായി.












Click it and Unblock the Notifications