'രാഹുൽ രാജിവയ്ക്കണം, ഒരു നിമിഷം പോലും വൈകരുത്, തെറ്റെങ്കിൽ മാനനഷ്‌ട കേസ് കൊടുക്കാമായിരുന്നല്ലോ'; ഉമാ തോമസ്
കൊച്ചി: സ്ത്രീകൾക്ക് എതിരായ മോശം പെരുമാറ്റം ഉൾപ്പെടെയുള്ള ആരോപണങ്ങൾ നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ രാജി വയ്ക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് ഉമാ തോമസ്. മറ്റ് പ്രസ്ഥാനങ്ങളുടെ രീതി എങ്ങനെയാണ് എന്ന് പരിഗണിച്ചല്ല ചെയ്യേണ്ടതെന്നും ഒരു നിമിഷം പോലും ഇനി രാഹുലിന്റെ രാജി വൈകരുതെന്നും ഉമാ തോമസ് പറഞ്ഞു. വിവാദം കത്തി നിൽക്കെയാണ് ശക്തമായ പ്രതികരണവുമായി ഉമാ തോമസ് രംഗത്ത് വന്നിരിക്കുന്നത്.
കോണ്‍ഗ്രസ് എന്നും സ്ത്രീകളെ ചേര്‍ത്തുപിടിച്ചിട്ടേയുള്ളൂ. ഇന്നലെ തന്നെ അങ്ങനെയൊരു തീരുമാനം ഉണ്ടാകുമെന്നാണ് വിചാരിച്ചിരുന്നതെന്നും തൃക്കാക്കര എംഎൽഎ പറഞ്ഞു. ഇന്നലെ പത്രസമ്മേളനം നടത്താന്‍ തീരുമാനിച്ചതിനു പിന്നാലെ അത് മറ്റിവെച്ചത് എന്തിനാണെന്ന് മനസിലായില്ലെന്നും ഉമാ തോമസ് പറയുന്നു. വിഷയത്തിൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ രാഹുലിനെതിരെ രംഗത്ത് വരുന്നതിന്റെ സൂചനയാണ് ഈ വാക്കുകൾ.

ജനങ്ങള്‍ തിരഞ്ഞെടുത്താണ് രാഹുൽ എംഎല്‍എ സ്ഥാനത്ത് എത്തിയത്. ഒന്നിനുപിറകേ ഒന്നായി ആരോപണങ്ങള്‍ ഉയരുമ്പോള്‍ ധാര്‍മ്മികമായ ഉത്തരവാദിത്വത്തോടെ രാജിവെച്ച് മാറിനില്‍ക്കണം എന്നാണ് എന്റെ അഭിപ്രായം. ആരോപണം തെറ്റാണെങ്കില്‍ ആ നിമിഷംതന്നെ മാനനഷ്‌ടക്കേസ് കൊടുക്കാമായിരുന്നു. എന്നാൽ അങ്ങനെ ചെയ്‌തിട്ടില്ല. അപ്പോള്‍ ഇത് ശരിയാണെന്നല്ലേ അർത്ഥമാക്കുന്നത്; ഉമാ തോമസ് പറഞ്ഞു.
രാഹുലിന്റെ മൗനം ശരിയല്ലെന്നും പാർട്ടി അങ്ങോട്ട് രാജി ആവശ്യപ്പെടണമെന്നും ഉമാ തോമസ് നിലപാട് വ്യക്തമാക്കി. ഇന്നലെത്തന്നെ രാഹുലിന്റെ രാജി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് പ്രതികരിക്കാന്‍ ഇത്രയും വൈകിയതെന്നും അവർ ചൂണ്ടിക്കാട്ടി. പരിചയപ്പെട്ടത് മുതല്‍ ഇത്തരമൊരു സൂചന പോലും കിട്ടിയിരുന്നില്ലെന്നും ഉമാ തോമസ് കൂട്ടിച്ചേർത്തു
അതിനിടെ കോൺഗ്രസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യം മുറുകുകയാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശനും മുൻ മന്ത്രി രമേശ് ചെന്നിത്തലയും രാഹുലിന്റെ രാജി ആവശ്യം ശക്തമാക്കിയിരുന്നു. ഇരുവരും രാഹുലിനെ പൂർണമായി കൈയൊഴിഞ്ഞ മട്ടായിരുന്നു. ഇന്ന് രാവിലെയും രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ വന്നിരുന്നു.
ഇതോടെയാണ് നേതൃത്വം വെട്ടിലായത്. ഒരു വിഭാഗം നേതാക്കൾ രാഹുലിന്റെ രാജി വേണ്ടെന്ന നിലപാടാണ് വച്ച് പുലർത്തിയത്. അതിനിടെ ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ളവർ, രാഹുലിനെ ന്യായീകരിച്ചതും ചർച്ചയായി. രാഹുലിനെതിരെ ഇതുവരെയും പരാതികൾ ഒന്നും പോലീസിന് ലഭിച്ചിട്ടില്ലെന്നും എഫ്‌ഐആർ പോലും ഇട്ടിട്ടില്ലെന്നുമാണ് ഷാഫി പറഞ്ഞത്.
ഇന്ന് പക്ഷേ രംഗം ആകെ മാറിയ മട്ടായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ രാജി വയ്ക്കണം ഇല്ലെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കണം എന്ന നിലപാടാണ് ജോസഫ് വാഴയ്ക്കൻ മുന്നോട്ട് വച്ചത്. ഇതുവരെ പുറത്തുവന്ന വാത്തകളൊക്കെ ഞെട്ടിക്കുന്നതാണ്. വല്ലാത്ത രീതിയിൽ പാർട്ടി പ്രതിരോധത്തിലായി. ഇത് പാർട്ടി ഏൽക്കേണ്ട കാര്യവുമില്ലെന്നും ഈ വിഴുപ്പ് ചുമക്കേണ്ട ചുമതല പാർട്ടിക്കില്ലെന്നുമായിരുന്നു ജോസഫ് വാഴക്കൻ പറഞ്ഞത്.












Click it and Unblock the Notifications