അമ്മയുടെ ട്രെഷറർ സ്ഥാനത്ത് നിന്ന് രാജിവെച്ച് ഉണ്ണി മുകുന്ദൻ; 'ഏറെ ഹൃദയവേദനയോടെ എടുത്ത തീരുമാനം', കുറിപ്പ്
നടൻ ഉണ്ണി മുകുന്ദൻ താരസംഘടനയായ അമ്മയുടെ ട്രഷറർ സ്ഥാനത്ത് നിന്നും രാജിവെച്ചു. ഏറെ ഹൃദയ വേദനയോടെയാണ് രാജിയെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഉണ്ണി മുകുന്ദൻ വിശദീകരിച്ചു. നടന്റെ വാക്കുകൾ ഇങ്ങനെ
'ഒരുപാട് ആലോചനകൾക്ക് ശേഷം താരസംഘടനയായ അമ്മയുടെ ട്രഷറർ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കാനുള്ള വിഷമകരമായ തീരുമാനത്തിലേക്ക് എത്തിയിരിക്കുകയാണ്. ഞാൻ വളരെ ഏറെ ആസ്വദിച്ചൊരു പദവിയായിരുന്നു ഇത്. എന്നെ സംബന്ധിച്ച് വളരെ അധികം ആവേശം നൽകിയതും അർഹതയ്ക്ക് ലഭിച്ച അംഗീകാരവുമായിട്ടാണ് ഈ പദവിയെ ഞാൻ കാണുന്നത്. എന്നാൽ കഴിഞ്ഞ ജോലിയിലുള്ള എന്റെ ഉത്തരവാദിത്തം ഏറിവരികയാണ്. പ്രത്യേകിച്ച് മാർക്കോയും മറ്റ് പ്രൊഡ്ക്ഷൻ കമ്മിറ്റ്മെന്റുകളും എന്റെ മാനസിക ആരോഗ്യത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ജോലിയിലെ സമ്മർദ്ദവും ഈ ഉത്തരവാദിത്തങ്ങളും ഒരുപോലെ നിർവഹിക്കുകയെന്നത് പ്രയാസകരമാണ്. എന്റേയും കുടുംബത്തിന്റേയും നല്ലതിന് വേണ്ടി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ഞാൻ തിരിച്ചറിയുന്നു.

ട്രഷർ പദവിയിൽ തന്നാൽ ആകുംവിധം മികച്ച പ്രവർത്തനം ഞാൻ കാഴ്ചവെച്ചിട്ടുണ്ട്. എന്നാൽ ജോലിയും മറ്റ് ഉത്തരവാദിത്തങ്ങളും കാരണം ഇനിയും ട്രെഷർ സ്ഥാനത്ത് തുടരുക എനിക്ക് എളുപ്പമാകില്ലെന്ന് മനസിലാക്കുന്നു. ഏറെ ഹൃദയവേദനയോടെയാണ് ട്രഷറർ സ്ഥാനത്ത് നിന്ന് ഞാൻ രാജിവെയ്ക്കുന്നത്. അതേസമയം പുതിയ ട്രഷററെ നിയമിക്കുന്നത് വരെ തത്സ്ഥാനത്ത് തുടരും.
തനിക്ക് ലഭിച്ച പിന്തുണയ്ക്കും സ്നേഹത്തിനും വളരെ അധികം നന്ദിയുണ്ട്. അടുത്ത ട്രഷറർക്ക് ഈ പദവി മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള എല്ലാ ഭാവുകങ്ങളും നൽകുന്ന. എല്ലാ പിന്തുണയ്ക്കും നന്ദിയും സ്നേഹവും അറിയിക്കുന്നു', ഉണ്ണി മുകുന്ദൻ കുറിച്ചു. അതേസമയം നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. സ്വരം നന്നായിരക്കുമ്പോൾ തന്നെ പാട്ട് നിർത്തുക എന്നത് നല്ല തീരുമാനമാണെന്നാണ് ചിലർ കുറിച്ചത്. മനസമാധാനത്തിന് കൂടുതൽ പ്രാധാന്യം നൽകൂവെന്നാണ് മറ്റ് ചിലരുടെ കമന്റ്. ഇനി ജോലിയിൽ പൂർണ ശ്രദ്ധ നൽകൂവെന്നും കരിയറിൽ ഒരുപാട് ദൂരം മുന്നോട്ട് പോകാനുള്ള താരമാണ് താങ്കളെന്നും മറ്റ് ചിലർ കുറിക്കുന്നു.
അതേസമയം ഹേമകമ്മിറ്റി റിപ്പോർട്ടിനെ ചൊല്ലിയുള്ള വിവാദത്തിന് പിന്നാലെ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി രാജിവെച്ചിരുന്നു. സംഘടനയുടെ വൈസ് പ്രസിഡന്റ് ആയിരുന്ന സിദ്ധിഖ് അടക്കമള്ള ഭാരവാഹികൾക്കെതിരെ ലൈംഗികാരോപണങ്ങൾ ഉയർന്നിരുന്നു. ഇത് വലിയ വിവാദമായതിന് പിന്നാലെയാണ് മോഹൻലാൽ അടക്കമുള്ളവർ രാജി പ്രഖ്യാപിച്ചത്.












Click it and Unblock the Notifications