ഉണ്ണി മുകുന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി കോടതി, 'പൊലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാം'
കൊച്ചി: മുന്‍ മാനേജറെ മര്‍ദ്ദിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത് എന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി. എറണാകുളം ജില്ല കോടതിയാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കിയിരിക്കുന്നത്. അതേസമയം പൊലീസിന് അന്വേഷണം തുടരാം എന്നും കോടതി അറിയിച്ചു.
മര്‍ദ്ദിച്ചതിനും അസഭ്യം പറഞ്ഞതിനും ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ഉണ്ണിമുകുന്ദനെതിരെ ചുമത്തിയിരിക്കുന്നത് എന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഉണ്ണി മുകുന്ദനെതിരെ ഇന്‍ഫോപാര്‍ക്ക് പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്. കൂടുതല്‍ ഗുരുതര വകുപ്പുകള്‍ ചുമത്താനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഉണ്ണിമുകുന്ദന്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. താന്‍ വിപിനെ മര്‍ദ്ദിച്ചിട്ടില്ല എന്നും ഈ വാദം അടിസ്ഥാനരഹിതമാണെന്നും ഉണ്ണി പറയുന്നു.

തനിക്കെതിരെ നടക്കുന്ന സംഘടിത ഗൂഢാലോചനയുടെ ഭാഗമാണ് പരാതി എന്നും അദ്ദേഹം വ്യക്തമാക്കി. കേസില്‍ ഗൂഢാലോചന ആരോപിച്ച് ഉണ്ണി മുകുന്ദന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഡിജിപിക്കും ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കുമാണ് അദ്ദേഹം പരാതി നല്‍കിയത്. തനിക്ക് വധഭീഷണിയുണ്ടെന്നും ജീവനും കരിയറിനും ഭീഷണിയുണ്ടെന്ന മുന്നറിയിപ്പുമായി രണ്ടാഴ്ച മുന്‍പ് ഒരു ഫോണ്‍ കോള്‍ വന്നിരുന്നു എന്നും ഉണ്ണിമുകുന്ദന്‍ പറയുന്നു.
എന്നാല്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍ പറഞ്ഞു. കേസിന് പിന്നില്‍ ഗൂഢാലോചനയാണ് എന്ന ഉണ്ണിമുകുന്ദന്റെ വാദം അടിസ്ഥാന രഹിതമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടൊവിനോ തോമസ് ചിത്രം നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതില്‍ പ്രകോപിതനായി ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചു എന്നാണ് വിപിന്റെ പരാതി. മാര്‍ക്കോയ്ക്ക് ശേഷം പുതിയ പ്രൊജക്ടൊന്നും ഉണ്ണിമുകുന്ദനെ തേടി എത്തിയിട്ടില്ല.
അതിന്റെ നിരാശയാണ് താരത്തിന് എന്നുമാണ് വിപിന്‍ പറയുന്നത്. ഈ നിരാശയാണ് തന്നെ പോലുള്ളവരോട് തീര്‍ക്കുന്നത് എന്നും വിപിന്‍ കൂട്ടിച്ചേര്‍ത്തു. 'ഉണ്ണിയുടെ ട്രാക്ക് റെക്കോര്‍ഡ് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നെ കയ്യേറ്റം ചെയ്തതാണ് വിഷമിപ്പിച്ചത്. നിലവിലെ പൊലീസ് അന്വേഷണത്തില്‍ തൃപ്തനാണ്,' വിപിന്‍ കുമാര്‍ പറഞ്ഞു.
അതേസമയം സംഭവത്തില്‍ സിനിമാ സംഘടനകളായ അമ്മയും ഫെഫ്കയും ഇടപെട്ടിട്ടുണ്ട്. ഇരുവരോടും ചര്‍ച്ച നടത്തി പ്രശ്‌ന പരിഹാരത്തിനാണ് സംഘടനകള്‍ ശ്രമിക്കുന്നത്. വിപിനെ കേള്‍ക്കുന്നതിനൊപ്പം ഉണ്ണിമുകുന്ദനില്‍ നിന്ന് വിശദീകരണം തേടാനും തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ചയായിരിക്കും സിനിമ സംഘടനകള്‍ ഇരുകക്ഷികളേയും കേള്‍ക്കുക.












Click it and Unblock the Notifications