ലക്ഷ്യം ദളിത് വോട്ടുകൾ; വാരണാസിയിൽ കബീർ മഠത്തിൽ പ്രിയങ്ക ഗാന്ധി..7 ജില്ലകളിലും പ്രചരണം നടത്തും
ദില്ലി; യുപി നിയമസഭ തിരഞ്ഞെടുപ്പിൽ ഇക്കുറി നേട്ടം ഉണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ശക്തമായ പ്രചരണമായിരുന്നു പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സംസ്ഥാനത്ത് നടത്തിയത്. തിരഞ്ഞെടുപ്പിന്റെ ഏറ്റവും ഒടുവിലെ ഘട്ടമായ ഏഴാം ഘട്ടത്തിൽ ദളിത് വോട്ടുകൾ ലക്ഷ്യം വെച്ച് വാരണാസി മണ്ഡലത്തിൽ വമ്പൻ പ്രചരണത്തിനൊരുങ്ങുകയാണിപ്പോൾ പ്രിയങ്ക.
ഇതിന്റെ ഭാഗമായി വാരണാസിയിലെ കബീർ ചൗര മഠത്തിലെത്തിയ പ്രിയങ്ക അടുത്ത മൂന്ന് ദിസം ഇവിടെ ചെലവഴിക്കും. അവർ ഇന്ന് സോൻഭദ്രയിലും ഒബ്രയിലും അടുത്ത ദിവസങ്ങളില് മറ്റ് പല സമീപ ജില്ലകളിലും പൊതുസമ്മേളനങ്ങളെ അഭിസംബോധന ചെയ്യുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. അതേസമയം കബീർ ദാസ് പ്രചരിപ്പിച്ച സാമൂഹിക നീതിയിലും സമത്വത്തിലും വിശ്വസിക്കുന്ന ഉത്തർപ്രദേശിലെ ദലിത്,പിന്നാക്ക വിഭാഗങ്ങളുടെ വോട്ടുറപ്പാക്കുകയാണ് കബീർ മഠത്തിലേക്കുള്ള പ്രിയങ്കയുടെ സന്ദർശനത്തിന്റെ ലക്ഷ്യം.

മൂന്ന് പതിറ്റാണ്ടായി സംസ്ഥാനത്ത് അതിദയനീയമാണ് കോൺഗ്രസിന്റെ അവസ്ഥ. 1967 ലും 77 ലും ഭരണം നഷ്ടപ്പെട്ടിട്ടും വമ്പൻ തിരിച്ച് വരവ് നടത്തിയ പാർട്ടിക്ക് 1989 ലെ നിയമസഭ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം സംസ്ഥാനത്തൊരു തിരിച്ച് വരവ് സാധ്യമായിട്ടില്ല. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയുമായി സഖ്യത്തിൽ മത്സരിച്ചിട്ട് പോലും കോൺഗ്രസ് ഏഴ് സീറ്റിലേക്ക് ഒതുക്കി.

ഇത്തവണ പാർട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിനും അധികാരത്തിലേക്ക് തിരിച്ചെത്തിക്കുന്നതിനുമായിരുന്നു നിയമസഭ തിരഞ്ഞെടുപ്പ് ചുമതല പ്രിയങ്ക ഗാന്ധിയ്ക്ക് കോൺഗ്രസ് നൽകിയത്.എന്നാൽ യു പിയെന്ന ദൗത്യം പ്രിയങ്കയ്ക്ക് വിജയിക്കാൻ സാധിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. തുടക്കത്തിൽ വലിയ അലയൊലികൾ സംസ്ഥാനത്ത് സൃഷ്ടിക്കാൻ പ്രിയങ്കയ്ക്ക് സാധിച്ചിരുന്നു.

ജനങ്ങൾക്കിടയിലെ വൈകാരിക വിഷയങ്ങളെ ഉയർത്തിക്കാട്ടിയും അതിൽ ഇടപെട്ടുമായിരുന്നു പ്രിയങ്ക ശ്രദ്ധാകേന്ദ്രമായത്. ലൈംഗികാതിക്രമത്തിന് ഇരയായവരുടെ കുടുംബങ്ങളെ സന്ദർശിച്ചും സാധാരണക്കാരുമായി ആശയവിനിമയം നടത്തിും കർഷകർക്ക് വേണ്ടി ശബ്ദമുയർത്തിയുമെല്ലാം അവർ കോൺഗ്രസിനെ നയിക്കാൻ നേതാവില്ലെന്ന വിമർശനങ്ങളുടെ മുനയൊടിച്ചു. എന്നാൽ തിരഞ്ഞെടുപ്പ് അടുക്കവേ യുപിയിൽ പോരാട്ടം സമാജ്വാദി- ബി ജെ പി എന്ന നിലയിലേക്കാണ് എത്തിയിരിക്കുന്നത്. അഭിപ്രായ സർവ്വേകളിളെല്ലാം കോൺഗ്രസ് ഇത്തവണയും ദയനീയ പരാജയം നേരിടേണ്ടി വരുമെന്നാണ് പ്രവചിക്കുന്നത്.

അതിനിടെ ഉത്തർപ്രദേശിൽ തൂക്കുമന്ത്രിസഭ വന്നാൽ സമാജ്വാദി പാർട്ടിയെ പിന്തുണയ്ക്കാൻ കോൺഗ്രസ് തയ്യാറാകുമോയെന്നുള്ള ചർച്ചകൾ സജീവമാണ്. ഇത്തവണ ആരുമായും സഖ്യമില്ലാതെയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. സമാജ്വാദി പാർട്ടിയേയും ബി എസ് പിയേയും കടന്നാക്രമിച്ച് കൊണ്ടാണ് പ്രിയങ്കയും കോൺഗ്രസും പ്രചരണം നടത്തുന്നത്. എന്നാൽ മാന്ത്രിക സംഖ്യ തൊടാൻ ബി ജെ പിക്ക് സാധിച്ചില്ലേങ്കിൽ കോൺഗ്രസ് എസ് പിയെ പിന്തുണച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യയശാസ്ത്രപരമായി സമാജ്വാദി പാർട്ടിയുമായി അകൽച്ചയിലാണെങ്കിലും ബി ജെ പിയെ അധികാരത്തിൽ നിന്നും പുറത്താക്കാൻ ആരുമായും സഖ്യത്തിന് തയ്യാറാണെന്ന നിലപാടാണ് കോൺഗ്രസ് നേതാക്കൾ ഇപ്പോൾ വ്യക്തമാക്കുന്നത്.
Recommended Video

ഏഴ് ഘട്ടങ്ങളായുള്ള യു പി നിയമസഭ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം മാർച്ച് ഏഴിനാണ്. ബി ജെ പി ഭരണതുടർച്ച നേടുമോ അതോ എസ് പി സഖ്യം ഇത്തവണ സംസ്ഥാനത്ത് അട്ടിമറി ഉണ്ടാക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. മാർച്ച് 10 നാണ് ഫലം വരിക. 403 അംഗ നിയമസഭയിൽ 325 സീറ്റുകൾ നേടിയായിരുന്നു 2017 ൽ ബി ജെ പി സംസ്ഥാനത്ത് അധികാരം പിടിച്ചത്. അഭിപ്രായ സർവ്വേകൾ ഇക്കുറി 250 സീറ്റുകൾ വരെയാണ് ബി ജെ പിക്ക് പ്രവചിക്കുന്നത്.












Click it and Unblock the Notifications