കലക്കി വന്ദേഭാരത്; 17 ദിവസം കൊണ്ട് 60000 യാത്രക്കാർ, ടിക്കറ്റിന് ഒടുക്കത്തെ ഡിമാൻഡ്
തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിന്റെ വരവ് ആകാംഷയോടെ കാത്തിരുന്നവരാണ് നമ്മൾ. ഏപ്രിൽ മാസത്തിലാണ് വന്ദേഭാരത് സർവ്വീസ് ആരംഭിച്ചത്. തിരുവനന്തപുരത്ത് നിന്ന് കാസർഗോട്ടേക്ക് എട്ട് മണിക്കൂർ 5 മിനിട്ടുകൊണ്ടാണ് എത്തുക. ഇത്ര വേഗത്തിൽ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് എത്തും എന്നതു കൊണ്ട് തന്നെ ടിക്കറ്റിന് ആവശ്യക്കാരും ഏറെയാണ്. ടിക്കറ്റിന് വൻ ഡിമാൻഡാണ് ഉള്ളതെന്നാണ് റിപ്പോർട്ട്.
ആകെ സീറ്റിന്റെ മൂന്നിരട്ടിയോളം യാത്രക്കാർ ആണ് ടിക്കറ്റിന് എത്തുന്നത്,. 230 ശതമാനം ആണ് സീറ്റ് ബുക്കിംഗ്. തിരുവനന്തപുരം - കാസർഗോഡ് ടിക്കറ്റിനല്ല ആവശ്യക്കാർ കൂടുതൽ. മധ്യ ദൂര യാത്രകൾക്കായി ആളുകൾ ബുക്ക് ചെയ്യുന്നുണ്ട്. തിരുവനന്തപുരം - എറണാകുളം ടിക്കറ്റിനാണ് ആവശ്യക്കാർ ഏറെ. വന്ദേഭാരതിന് കേരളത്തിൽ എങ്ങനെയായിരിക്കും സ്വീകാര്യത ലഭിക്കുക എന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നു. എന്നാൽ ഈ ആശങ്ക വെറുതേയായിരുന്നുവെന്നാണ് കണക്ക് വ്യക്തമാക്കുന്നതും. ചെയർകാറിൽ ഈ മാസം 28 വരെയും എക്‌സിക്യുട്ടീവ് ചെയർ കാറിൽ ജൂൺ 16 വരെയും ബുക്കിംഗ് തീർന്നു.

തിരുവനന്തപുരത്തു നിന്ന് കാസർകോട് വരെ ചെയർകാറിൽ 1590 രൂപയും എക്സിക്യുട്ടീവ് ചെയർകാറിൽ 2880 രൂപയുമാണ് നിരക്ക്. വില ഇത്തിരി അധികം ആണെങ്കിലും എക്സിക്യൂട്ടീവ് ചെയർകാറിന് ആവശ്യക്കാർ ഏറെയാണ്. പുലർച്ചെ 5.20ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന വന്ദേഭാരതിൽ എക്‌സിക്യുട്ടീവ് ചെയർകാറിനുള്ള ആവശ്യക്കാർ 238 ഉം ചെയർ കാറിന്റേത് 215 ഉം ശതമാനമാണ്. തിരിച്ച് ഇത് 235ഉം 203ഉം ശതമാനമാണ്.
വന്ദേഭാരതിൽ ഇത് വരെ 60,000 യാത്രക്കാർ ആണ് യാത്ര ചെയ്തത്. ഏപ്രിൽ 28ന് സർവീസ് ആരംഭിച്ച ശേഷം 60,000 പേർ വന്ദേഭാരതിൽ യാത്ര ചെയ്തതായാണ് അനൗദ്യോഗിക കണക്ക്. ആദ്യത്തെ രണ്ടാഴ്ച 27,000 പേരാണ് യാത്ര ചെയ്തത്. 32,000 പേർ സീറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും 5000 പേർ റദ്ദ് യാത്ര ചെയ്തിരുന്നു.
അതേസമയം, നേരത്തെ ആവശ്യത്തിന് യാത്രക്കാർ ഇല്ലെങ്കിൽ വണ്ടിയുടെ കോച്ചുകളുടെ എണ്ണം പതിനാറിൽ നിന്ന് എട്ടായി കുറയ്ക്കും എന്ന് അധികൃതർ പറഞ്ഞതാണ്. അങ്ങനെയാണ് കേരളത്തിൽ വന്ദേഭാരത് സർവീസ് ആരംഭിച്ചത് തന്നെ. എന്നാൽ നിലിവലെ സാഹചര്യത്തിൽ വെട്ടിച്ചുരുക്കേണ്ട ആവശ്യം വരില്ലെന്നാണ് സൂചന.












Click it and Unblock the Notifications