പ്രസംഗിക്കാൻ വൈകി വിളിച്ചതിൽ ക്ഷുഭിതനായി ഷാഫി പറമ്പിൽ; പുതുയുഗ യാത്രയിൽ കയ്യാങ്കളി
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര'യുടെ കുറ്റ്യാടിയിലെ സ്വീകരണ വേദിയിൽ നാടകീയ സംഭവങ്ങൾ. പ്രസംഗിക്കാൻ ക്ഷണിക്കുന്നതിലെ മുൻഗണനയെച്ചൊല്ലി ഷാഫി പറമ്പിൽ എം.പി അതൃപ്തി പ്രകടിപ്പിച്ചതാണ് വേദിയിൽ തർക്കങ്ങൾക്കും ഉന്തും തള്ളലിനും കാരണമായത്.
തർക്കത്തിന് പിന്നിൽ
സ്വാഗത പ്രസംഗകനായ ഡി.സി.സി സെക്രട്ടറി പ്രമോദ് കക്കട്ടിൽ, ജാഥാ ക്യാപ്റ്റനായ വി.ഡി സതീശനെ പ്രസംഗിക്കാനായി ആദ്യം ക്ഷണിച്ചതാണ് തർക്കത്തിന് തുടക്കമിട്ടത്. മുതിർന്ന കോൺഗ്രസ് നേതാവ് എം.കെ രാഘവൻ എം.പി പ്രസംഗിച്ച ശേഷം അടുത്തതായി ഷാഫി പറമ്പിലിനെയാണ് വിളിക്കേണ്ടിയിരുന്നത്. എന്നാൽ ഇതിനിടെ വി.ഡി സതീശൻ വേദിയിലെത്തിയതോടെ ക്യാപ്റ്റനെ പ്രസംഗിക്കാൻ വിളിക്കുകയായിരുന്നു. തന്നെ വിളിക്കാൻ വൈകിയതിൽ അതൃപ്തി പ്രകടിപ്പിച്ച ഷാഫി പറമ്പിൽ, സതീശന്റെ പ്രസംഗത്തിന് ശേഷം സ്വാഗത പ്രസംഗകൻ ക്ഷണിച്ചപ്പോൾ ആദ്യം നിരസിക്കുകയും പിന്നീട് ബലമായി മൈക്കിന് മുന്നിലെത്തുകയും ചെയ്തു.

നേതാക്കൾക്ക് വീഴ്ച
വേദിയിലുണ്ടായ ഉന്തും തള്ളലിനിടെ സമീപത്ത് നിന്നിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ താഴെ വീണു. ഇത് പ്രവർത്തകർക്കിടയിലും വലിയ ചർച്ചയായിട്ടുണ്ട്. അധികമൊന്നും സംസാരിക്കാനില്ലെന്ന് വ്യക്തമാക്കിയ ഷാഫി പറമ്പിൽ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടുന്ന 100 സീറ്റുകളിൽ കുറ്റ്യാടിയുമുണ്ടാകുമെന്ന് പറഞ്ഞ് പ്രസംഗം അവസാനിപ്പിച്ചു.
വിശദീകരണവുമായി ഡി.സി.സി
സംഭവം വിവാദമായതോടെ ഡി.സി.സി സെക്രട്ടറി വിശദീകരണവുമായി രംഗത്തെത്തി. ജാഥാ ക്യാപ്റ്റൻ വേദിയിലെത്തിയാൽ ഉടൻ അദ്ദേഹത്തിന് സംസാരിക്കാൻ അവസരം നൽകുക എന്നതാണ് കീഴ്വഴക്കമെന്നും അതാണ് താൻ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഷാഫി പറമ്പിലിന് യാതൊരു വിധത്തിലുള്ള നീരസവുമില്ലെന്നും സമയം വൈകിയത് കൊണ്ട് മാത്രമാണ് അത്തരമൊരു മാറ്റം വരുത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് കൂട്ടിചേർത്തു. വരും ദിവസങ്ങളിൽ യു.ഡി.എഫ് ക്യാമ്പുകളിൽ ഈ സംഭവം ചർച്ചയാകാൻ സാധ്യതയുണ്ട്.












Click it and Unblock the Notifications