വിദേശത്തെ എണ്ണത്തോണിയിൽ കിടന്നാണെങ്കിലും സതീശനുള്ള മരുന്ന് രാഹുല്‍ അയച്ചു കൊടുക്കണം: ആർഷോ പിഎം

മന്ത്രി പിഎ മുഹമ്മദ് റിയാസിനെ വിമർശിച്ച പ്രതിപക്ഷ നേതാവിനെതിരെ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. പൗഡറിട്ട് മിനുക്കിയ മുഖവുമായി ക്യാമറകൾക്ക് മുന്നിൽ ഭള്ള് പറയാൻ മാത്രം പ്രത്യക്ഷപ്പെടുന്ന സതീശൻ ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്ത് ഗോൾവാൾക്കർ പ്രതിമയെ തൊട്ട് തൊഴുത് വിളക്ക് കത്തിക്കുന്ന നേരം മുഹമ്മദ് റിയാസ് തെരുവിൽ പോലീസിന്റേയും വലതുപക്ഷ ക്രിമിനൽ സംഘത്തിന്റെയും അക്രമങ്ങളെ നേരിട്ട് രാഷ്ട്രീയ പ്രവർത്തനം നടത്തുകയായിരുന്നുവെന്നാണ് എസ് എഫ് ഐ നേതാവ് കുറിക്കുന്നത്. രാഹുൽ ഗാന്ധി രാജ്യത്തില്ലെങ്കിലും ഏത് വിദേശ രാജ്യത്തെ എണ്ണത്തോണിയിൽ കിടന്നാണെങ്കിലും വി.ഡി സതീശന്റെ അസുഖത്തിനുള്ള മരുന്ന് അയച്ചു കൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ആർഷോയുടെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
മുഹമ്മദ് റിയാസിന്റെയും വി.ഡി സതീശന്റേയും ഗൂഗിളിൽ തിരഞ്ഞാൽ കിട്ടുന്ന പ്രൊഫഷണൽ ഫോട്ടോകൾ അല്ലാത്ത മറ്റ് ചിത്രങ്ങൾ ശ്രദ്ധിച്ചു നോക്കൂ.
സഖാവ് റിയാസ് വിദ്യാർത്ഥിയായ കാലത്ത് എസ് എഫ് ഐ - യുടെ തൂവെള്ളക്കൊടി പിടിച്ച് മുദ്രാവാക്യം വിളിക്കുന്നതും, എസ് എഫ് ഐ- യുടെ സമരത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട് പോലീസ് ജീപ്പിൽ കയറുന്നതും, പോരാട്ട വീര്യം കുറയാതെ ഇൻക്വിലാബ് മുഴക്കുന്നതും, ഡി വൈ എഫ് ഐ ദേശീയ നേതൃത്വത്തിലിരിക്കുമ്പോൾ ജാതി വിരുദ്ധ പോരാട്ടങ്ങളെ തുടർന്ന് സവർണ്ണ ജാതിവാദി ക്രിമിനലുകൾ കൊല്ലപ്പെടുത്തിയ തമിഴ് നാട്ടിലെ സഖാവിന്റെ മൃതശരീരം ചുമക്കുന്നതും ഒക്കെ തെളിഞ്ഞുവരും.

എന്നാൽ വി.ഡി സതീശന്റെയോ?
ഏറ്റവും ലളിതമായി പറഞ്ഞാൽ , പൗഡറിട്ട് മിനുക്കിയ മുഖവുമായി ക്യാമറകൾക്ക് മുന്നിൽ ഭള്ള് പറയാൻ മാത്രം പ്രത്യക്ഷപ്പെടുന്ന സതീശൻ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത് ഗോൾവാൾക്കർ പ്രതിമയെ തൊട്ട് തൊഴുത് വിളക്ക് കത്തിക്കുന്ന നേരം സഖാവ് മുഹമ്മദ് റിയാസ് തെരുവിൽ പോലീസിന്റേയും വലതുപക്ഷ ക്രിമിനൽ സംഘത്തിന്റെയും അക്രമങ്ങളെ നേരിട്ട് രാഷ്ട്രീയ പ്രവർത്തനം നടത്തുകയായിരുന്നു.
ഇന്നും കോഴിക്കോട് ഫാറൂഖ് കോളേജിൽ എസ് എഫ് ഐ പ്രവർത്തകർ ക്യാമ്പസിനകത്തുള്ള എം എസ് എഫ്-കെ എസ് യു പ്രവർത്തകരുടെ ( പോരാഞ്ഞു ക്യാമ്പസ്സിന് പുറത്തുള്ള യൂത്തും മൂത്തതുമായ ലീഗ് ഗൂണ്ടകളുടെയും കൂടി ) അക്രമങ്ങളെ നേരിട്ടാണ് സംഘടനാ പ്രവർത്തനം നടത്തുന്നത്. ഇതിനും രണ്ടര പതിറ്റാണ്ട് മുൻപ് ഇതിലും കലുഷിതമായ ഫാറൂഖ് കാലത്ത് ആ അക്രമങ്ങളെ അതിജീവിച്ച് എസ് എഫ് ഐ - യെ നയിച്ച് യൂണിയനെ വിജയത്തിന് തൊട്ടടുത്ത് വരെയെത്തിച്ച സംഘടനാ ശേഷിയാണ് സഖാവ് മുഹമ്മദ് റിയാസിന്റെ ചരിത്രവും രാഷ്ട്രീയ മൂലധനവും.
അങ്ങനെ ഉയർന്നു വന്ന ഒരു യുവ നേതാവിനെയാണ് പെട്ടി ചുമന്നും ആസനം താങ്ങിയും മാത്രം സീറ്റൊപ്പിക്കുന്ന ഒരു പാർട്ടിയുടെ നേതാവായി നിന്നുകൊണ്ട് വി.ഡി സതീശൻ അധിക്ഷേപിക്കുന്നത്. രാജീവ് - രാഹുൽ ഗാന്ധിമാർ മുതൽ കെ.എസ് ശബരി നാഥൻ വരെ, ഇന്ദിരാ - സോണിയാ ഗാന്ധിമാർ മുതൽ ഉമാ തോമസ് വരെ, അച്ഛൻ ചത്തിട്ട് കട്ടിൽ ഒഴിയാൻ കാത്തിരിക്കുന്ന നൂറ് കണക്കിന് പേരുള്ള , പാർട്ടിയിലെ സകല മനുഷ്യരും ഒരു കുടുംബത്തിന്റെ ഇട്ടാവട്ടത്തിൻ്റെ അടിമകളായി ജീവിക്കുന്ന ഒരു പാർട്ടിയുടെ ഓർക്കാപ്പുറത്ത് ലോട്ടറിയടിച്ച് നേതാവായ സതീശനാണ് സഖാവ് റിയാസിനെ മാനേജ്‌മെന്റ് സീറ്റ് എന്ന് പറഞ്ഞ് ആക്ഷേപിക്കാൻ ശ്രമിക്കുന്നത്.
കോൺഗ്രസിലെ ഒരു രീതി വച്ച് വി.ഡി സതീശന്റെ സീറ്റ് സതീശന്റെ ഭാര്യയോ മക്കളോ ഇപ്പോഴേ കണ്ണ് വച്ച് നിൽക്കുന്നുണ്ടാകണം. ആ പേടിയിലാകണം മഞ്ഞപ്പിത്തം ബാധിച്ചവൻ കാണുന്നതൊക്കെ മഞ്ഞയായി കരുതും പോലെ അദ്ദേഹം ഈ മുക്രയിട്ട് അലയുന്നത്. നാട്ടിൽ നല്ല ചൂടാണ്, രാഹുൽ ഗാന്ധി രാജ്യത്തുണ്ടോ എന്നറിയില്ല. ഇല്ലെങ്കിൽ ഏത് വിദേശ രാജ്യത്തെ എണ്ണത്തോണിയിൽ കിടന്നാണെങ്കിലും വി.ഡി സതീശന്റെ അസുഖത്തിനുള്ള മരുന്ന് അയച്ചു കൊടുക്കണം. അല്ലെങ്കിൽ നാട്ടുകാർക്ക് അദ്ദേഹത്തെ പിടിച്ച് ചങ്ങലക്കിടേണ്ടി വരും.












Click it and Unblock the Notifications