'വീണയുടെ കൈയില്‍ രേഖയുണ്ടെന്ന് അന്നേ പറഞ്ഞതാണ്'; കുഴല്‍നാടന്‍ മാപ്പ് പറയണമെന്ന് ബാലന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരായ ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ മാത്യു കുഴല്‍നാടന്‍ മാപ്പ് പറയണമെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍. സ്വകാര്യ കരിമണല്‍ കമ്പനിയായ സി എം ആര്‍ എലിന് വീണാ വിജയന്റെ ഐ ടി കമ്പനി നല്‍കിയ സേവനത്തിന് നികുതി നല്‍കിയിട്ടുണ്ടെന്ന ധന വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബാലന്റെ പ്രതികരണം.
വീണ ജി എസ് ടി കൊടുത്തിട്ടുണ്ടെങ്കില്‍ ക്ഷമാപണം നടത്താമെന്ന് പറഞ്ഞയാളാണ് മാത്യു കുഴല്‍നാടന്‍ എന്നും മാപ്പ് പറയുന്നതാണ് പൊതുപ്രവര്‍ത്തനത്തിന് അദ്ദേഹത്തിന്റെ വിശ്വാസ്യത കൂട്ടുക എന്നും ബാലന്‍ പറഞ്ഞു. എല്ലാ രേഖയും വീണയുടെ കൈയില്‍ ഉണ്ടെന്ന് താന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നതാണ് എന്നും ബാലന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ അതിന് മുന്‍പാണ് മാത്യു കുഴല്‍നാടന്‍ ഔപചാരിക കത്ത് കൊടുത്തത്.

കത്ത് നല്‍കിയ സ്ഥിതിക്ക് അതിന്റെ മറുപടി വരുന്നത് വരെ കാത്തിരിക്കണം എന്നതിനാലും അതിനിടയില്‍ തങ്ങള്‍ കൊടുക്കുന്നത് ശരിയല്ല എന്നതിനാലുമാണ് തങ്ങള്‍ നല്‍കാതിരുന്നത് എന്നും ബാലന്‍ പറഞ്ഞു. വിവരാവകാശ നിയമപ്രകാരം വ്യക്തികളുടെ നികുതി വിവരം കൊടുക്കാന്‍ കഴിയില്ലെന്ന് മാത്യു കുഴല്‍നാടന് അറിയാമല്ലോ എന്നും അദ്ദേഹം പറഞ്ഞു. അതറിഞ്ഞുകൊണ്ട് തന്നെയാണ് അപേക്ഷ നല്‍കിയത്.
നിയമവിരുദ്ധമായി നല്‍കിയ ഒരു അപേക്ഷയില്‍ സര്‍ക്കാരിന് ഒരു വിവരവും നല്‍കാന്‍ കഴിയില്ല എന്നും ധനകാര്യ മന്ത്രിക്ക് അദ്ദേഹം നല്‍കിയ ഒരു ഇ-മെയിലിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ധനകാര്യ വകുപ്പ് അദ്ദേഹത്തിന് കൃത്യമായ കണക്കുകള്‍ നല്‍കിയിരിക്കുകയാണ് എന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ദേവഗൗഡയുടെ വിവാദ പരാമര്‍ശത്തിലും ബാലന്‍ പ്രതികരിച്ചു.
കോണ്‍ഗ്രസ്-ബി ജെ പി നേതാക്കള്‍ നേരം വെളുത്താല്‍ പച്ച നുണ പറയല്‍ തുടങ്ങുമെന്നും ദേവഗൗഡയുമായി ബന്ധപ്പെട്ട് നുണ പറഞ്ഞെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'മുഖ്യമന്ത്രിയെ അദ്ദേഹം വിളിച്ചില്ലെന്ന് ദേവഗൗഡ തന്നെ പറഞ്ഞതാണ്. കേരളത്തിലെ മതന്യൂനപക്ഷങ്ങളുടെ മനസില്‍ പിണറായി വിജയനുള്ള സ്ഥാനം എന്താണെന്ന്അവര്‍ക്കറിയാം,' ബാലന്‍ പറഞ്ഞു.
അതിനൊന്നും ഒരു പോറലും ഏല്‍പ്പിക്കാന്‍ ഈ ശ്രമങ്ങള്‍ക്കാകില്ല എന്നും നുണ കച്ചവടത്തിന്റെ ഹോള്‍സെയില്‍ ഡീലറവാകുകയാണ് യു ഡി എഫും കോണ്‍ഗ്രസുമെന്നും ബാലന്‍ ആരോപിച്ചു. എന്നാല്‍ വിവാദത്തില്‍ നിന്ന് ഒളിച്ചോടില്ലെന്നും മാപ്പ് പറയണോ വേണ്ടയോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നുമായിരുന്നു മാത്യു കുഴല്‍നാടന്റെ പ്രതികരണം.












Click it and Unblock the Notifications