അരിക്കും പാലിനും പിന്നാലെ പച്ചക്കറിയും പൊള്ളിത്തുടങ്ങി! വായു ഭക്ഷിക്കേണ്ടി വരും?

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: അരിക്കും പാലിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറിക്കും തീപിടിച്ച വില. പച്ചക്കറി വില നാലിരട്ടിയായിട്ടാണ് വര്‍ധിച്ചിരിക്കുന്നത്. വരള്‍ച്ചയെ തുടര്‍ന്ന് പച്ചക്കറി കിട്ടാനില്ലെന്നാണ് വില്‍പ്പനക്കാര്‍ പറയുന്നത്. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി എത്തുന്നതും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ഓണത്തിന് അഞ്ചു രൂപയായിരുന്ന പടവലത്തിന്റെ വില 50ലെത്തി. ഒരു കിലോ വെളളരിക്ക് 50 മുതല്‍70 രൂപയാണ് വില. പയറിന് 80 രൂപയും വെണ്ട, ബീന്‍സ് എന്നിവയ്ക്ക് 70 രൂപയുമാണ് വില . അതേസമയം വില കുതിച്ചുയര്‍ന്നിട്ടും സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന മട്ടാണെന്ന് ആരോപണമുണ്ട്.

vegetable price

വിപണിയില്‍ ഇടപെട്ട് വില നിയന്ത്രിക്കേണ്ട ഹോര്‍ട്ടി കോര്‍പ്പും ഇടപെടുന്നില്ല. വരള്‍ച്ച മുന്‍കൂട്ടി കണ്ട് വിലക്കയറ്റം നിയന്ത്രിക്കാന്‍ ഹോര്‍ട്ടികോര്‍പ്പ് നടപടികളൊന്നും തന്നെ സ്വീകരിച്ചിട്ടില്ല. ഹോര്‍ട്ടികോര്‍പ്പിലും പച്ചക്കറിക്ക് തീപിടിച്ച വില തന്നെയാണ്. പല പച്ചക്കറികള്‍ക്ക് വിപണിയിലുള്ളതിനേക്കാള്‍ അധിക വിലയാണ് ഹോര്‍ട്ടി കോര്‍പ്പ് ഈടാക്കുന്നത്.

വിപണിയില്‍ 45 രൂപയുള്ള വെള്ളരിക്ക് ഹോര്‍ട്ടികോര്‍പ്പില്‍ 55 രൂപയാണ്. 31 രൂപയുള്ള തക്കാളിക്ക് ഹോര്‍ട്ടി കോര്‍പ്പില്‍ 33 രൂപയുണ്ട്. 19 രൂപ വിലയുള്ള മത്തന് ഹോര്‍ട്ടികോര്‍പ്പ് ഈടാക്കുന്നത് 20 രൂപയാണ്.

അരിക്കും പാലിനു പിന്നാലെയാണ് പച്ചക്കറിക്കും വില കൂടിയിരിക്കുന്നത്. അവശ്യ സാധനങ്ങളുടെ വില കുത്തനെ ഉയരുമ്പോഴും സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത് സാധാരണക്കാരുടെ നട്ടെല്ലൊടിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് പാല്‍ വില ലിറ്ററിന് 4 രൂപ മില്‍മ വര്‍ധിപ്പിച്ചത്.

English summary
vegetable price high in state.
Please Wait while comments are loading...