വേങ്ങര; പച്ചക്കോട്ട പൊളിക്കാൻ നിയാസ് പുളിക്കലകത്ത്? സ്വതന്ത്ര സ്ഥാനാർത്ഥി മതിയെന്ന് സിപിഎം തീരുമാനം
സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടേറിയേറ്റിന്റെ അഭിപ്രായം കൂടി പരിഗണിച്ചാകും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുക.
തിരുവനന്തപുരം: വേങ്ങര ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർത്ഥിയെ സെപ്റ്റംബർ 19 ചൊവ്വാഴ്ച പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടേറിയേറ്റിന്റെ അഭിപ്രായം കൂടി പരിഗണിച്ചാകും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുക. പാർട്ടി സ്ഥാനാർത്ഥിയല്ലാതെ, ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയെ വേങ്ങരയിൽ മത്സരിപ്പിക്കണമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിലുയർന്ന അഭിപ്രായം. മലപ്പുറം ജില്ലാ കമ്മിറ്റിക്കും ഇതേ അഭിപ്രായമാണുള്ളത്.

ലീഗിന് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തിൽ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയെ രംഗത്തിറക്കുന്നതിലൂടെ മുന്നണിക്കതീതമായ വോട്ടുകളും സ്വന്തമാക്കാനാകുമെന്നാണ് എൽഡിഎഫിന്റെ കണക്കുക്കൂട്ടൽ. കഴിഞ്ഞ
നിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ ഇടത് സ്വതന്ത്രർ മത്സരിച്ച നിലമ്പൂർ, താനൂർ മണ്ഡലങ്ങളിൽ വിജയിക്കാനായതും, തിരൂരങ്ങാടിയിൽ ശക്തമായ മത്സരം കാഴ്ചവെയ്ക്കാനയതുമാണ് സിപിഐഎം ഇത്തരമൊരു
തീരുമാനത്തിലെത്താൻ കാരണം.
മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച അഡ്വക്കേറ്റ് എംബി ഫൈസലിനെ മത്സരിപ്പിക്കണമെന്നും മലപ്പുറത്തെ പാർട്ടിക്കുള്ളിൽ അഭിപ്രായമുണ്ട്. എന്നാൽ പാർട്ടി സ്ഥാനാർത്ഥിയെക്കാൾ നല്ലത് ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയെ രംഗത്തിറക്കുന്നതാണെന്നാണ് ഭൂരിപക്ഷ അഭിപ്രായം. അങ്ങനെയാണെങ്കിൽ തിരൂരങ്ങാടിയിൽ കഴിഞ്ഞതവണ എൽഡിഎഫിനായി മത്സരിച്ച മുൻ കോൺഗ്രസുകാരൻ നിയാസ് പുളിക്കലകത്തിനാകും അവസരം ലഭിക്കുക.












Click it and Unblock the Notifications