ശ്രീനിവാസന്റെ മരണം അറിയാതെ വിനീത്, വിമാനം ഇറങ്ങുമ്പോൾ കാത്തിരിക്കുന്നത് തീരാനോവ്
കൊച്ചി: മലയാളികളെ ഏറെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ആണ് ശ്രീനിവാസന്‍ വിടവാങ്ങിയിരിക്കുന്നത്. ഇന്ന് രാവിലെ അമൃത ആശുപത്രിയിലേക്ക് ഡയാലിസിസിന് പോകുന്ന വഴിയിലാണ് അദ്ദേഹത്തിന്റെ അന്ത്യം. മരണസമയത്ത് ഭാര്യയാണ് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത്. നിലവില്‍ മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മക്കളായ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും സ്ഥലത്തില്ല. മാത്രമല്ല അച്ഛന്‍ തന്നെ വിട്ട് പോയ വിവരം വിനീത് ശ്രീനിവാസനെ അറിയിക്കാനുമായിട്ടില്ല. കൊച്ചിയില്‍ നിന്ന് ചെന്നൈയിലേക്കുളള വിമാനയാത്രയിലാണ് വിനീത് ഇപ്പോള്‍. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ട് വിവരം അറിയിക്കാന്‍ കുടുംബത്തിന് സാധിച്ചിട്ടില്ല.

വിനീത് ചെന്നൈയില്‍ വിമാനം ഇറങ്ങുമ്പോള്‍ മാത്രമായിരിക്കും അച്ഛന്റെ വിയോഗ വാര്‍ത്ത അറിയുക. രാവിലെ എട്ടരയോടെ ആയിരുന്നു ശ്രീനിവാസന്റെ അന്ത്യം. അതിന് തൊട്ട് മുന്‍പാണ് വിനീത് ചെന്നൈയ്ക്ക് യാത്ര തിരിച്ചതും. ചെന്നൈയില്‍ നിന്ന് അടിയന്തരമായി കൊച്ചിയിലേക്ക് വിനീതിന്റെ മടക്കയാത്ര ഉണ്ടാകും. കുടുംബവുമൊത്ത് ചെന്നൈയിലാണ് വിനീത് ശ്രീനിവാസന്റെ സ്ഥിരതാമസം.
ഏറെ നാളായി അസുഖബാധിതനായിരുന്നു ശ്രീനിവാസന്‍. ഡയാലിസിന് പോകുന്ന വഴിയില്‍ ആരോഗ്യം മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തൊട്ടടുത്തുളള തൃപ്പൂണിത്തുറ ആയുര്‍വേദ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വെച്ചാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. മൃതദേഹം ആശുപത്രിയില്‍ നിന്ന് കണ്ടനാട്ടിലെ വീട്ടിലേക്ക് ആണ് കൊണ്ട് പോവുക.












Click it and Unblock the Notifications