സംസ്ഥാന സമിതിയില്‍ വിഎസ് ഇല്ല?
ആലപ്പുഴ: സിപിഎം സംസ്ഥാന സമ്മേളനം അംഗീകരിച്ച സംസ്ഥാന സമിതി അംഗങ്ങളുടെ പട്ടികയില്‍ വിഎസ് അച്യുതാനന്ദന്‍ ഇല്ലെന്ന് റിപ്പോര്‍ട്ട്. വിഎസിനെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കരുതെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടും കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണ്.
88 അംഗ സംസ്ഥാന സമിതിയെ ആണ് സമ്മേളനം അംഗീകരിച്ചത്. എന്നാല്‍ ഇതില്‍ ഒരു സ്ഥാനം ഒഴിച്ചിട്ടിട്ടുണ്ട്. ബാക്കി 87 ആളുകളുടെ പേരുകള്‍ പാര്‍ട്ടി അംഗീകരിച്ചുകഴിഞ്ഞു. 80 വയസ്സുകഴിഞ്ഞവരെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കാനും സമ്മേളനത്തില്‍ തീരുമാനമായിട്ടുണ്ട്.
ഒഴിച്ചിട്ട ഒരു ഒഴിവ് വിഎസ് അച്യുതാനന്ദനുള്ളതായിരിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടിയുടെ പുതിയ സെക്രട്ടറിയായി ചുമതലയേല്‍ക്കാനിരിക്കുന്ന കോടിയേരി ബാലകൃഷ്ണന്‍ വിഎസിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പിബി അംഗമായ സീതാറാം യെച്ചൂരിയും ഈ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. പ്രായപരിധി വിഎസിന് ബാധകമാക്കരുതെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ അഭിപ്രായം.

തിങ്കളാഴ്ച രാവിലെ 11 മണിക്ക് വിഎസ് മാധ്യമങ്ങളെ കാണും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഈ തീരുമാനത്തില്‍ നിന്ന് അദ്ദേഹം പിന്‍മാറിയതായിട്ടാണ് വാര്‍ത്തകള്‍. പാര്‍ട്ടി സംസ്ഥാന സമ്മേളനം സമാപിക്കുമ്പോള്‍ വിഎസ് തിരിച്ച് ആലപ്പുഴയില്‍ എത്തുമോ എന്ന കാര്യത്തിലും വ്യകതതയില്ല.
ഇതിനിടെ പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി വിഎസ് അച്യുതാനന്ദനെ നേരിട്ട് വിളിച്ചു. സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ വിഎസ് പങ്കെടുക്കണം എന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു.
എന്നാല്‍ സംസ്ഥാന സമിതിയില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന വാര്‍ത്ത പുറത്ത് വന്നതോടെ വിഎസ് നിലപാട് കടുപ്പിച്ചതായും വാര്‍ത്തകളുണ്ട്. ആലപ്പുഴയിലേക്ക് അദ്ദേഹം മടങ്ങില്ലെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.












Click it and Unblock the Notifications