ഒരിക്കലും തെറ്റുപറ്റാത്ത ദൈബവും ഉപജാപക വൃന്ദവുമാണ് ഇന്നത്തെ അവസ്ഥയുടെ കാരണക്കാര്‍: വിടി ബല്‍റാം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറയാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം രംഗത്ത്. സംസ്ഥാനത്തെ കൊവിഡ് രോഗവ്യാപനം കുറയാത്തതില്‍ കൊവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷുഭിതനായെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഈ വാര്‍ത്തയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചാണ് ബല്‍റാമിന്റെ പ്രതികരണം.
അവസാന നിമിഷം ചുമ്മാ കേറി ക്ഷുഭിതനായതു കൊണ്ട് വല്ല കാര്യോം ഉണ്ടോ? സമ്പൂര്‍ണ്ണ പരാജയത്തേക്കുറിച്ചുള്ള വിമര്‍ശനത്തിന്റെ ചൂട് സ്വന്തം നേര്‍ക്ക് എടുക്കാതിരിക്കാന്‍ ഈ ചൂടാവല്‍ നാടകം കൊണ്ട് കഴിയുമോ എന്ന് ബല്‍റാം ഫേസ്ബുക്കില്‍ ചോദിച്ചു. ഒരിക്കലും തെറ്റുപറ്റാത്ത ഒരു ദൈബവും സ്തുതിപാടലല്ലാതെ മറ്റൊന്നിനും കഴിയാത്ത ഒരു ഉപജാപക വൃന്ദവുമാണ് ഇന്നത്തെ ഈ അവസ്ഥയുടെ കാരണക്കാരെന്ന് ബല്‍റാം ഫേസ്ബുക്കില്‍ വ്യക്തമാക്കി.

വിദഗ്ധ സമിതിയിലായാലും സര്‍ക്കാരിലായാലും പാര്‍ട്ടിയിലായാലും യഥാര്‍ത്ഥ വസ്തുതകള്‍ മുഖത്തു നോക്കി അവതരിപ്പിക്കാന്‍ കഴിയുന്ന ഒന്ന് രണ്ട് പേരെങ്കിലും ഏത് സിസ്റ്റത്തിനകത്തും വേണം. അങ്ങനെയുള്ള വ്യത്യസ്താഭിപ്രായങ്ങളെ ഉള്‍ക്കൊള്ളാനുള്ള സഹിഷ്ണുത ഭരണാധികാരിക്കും വേണമെന്നും ബല്‍റാം വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് അടച്ചിടല്‍ തുടര്‍ന്നിട്ടും ഇതുവരെ രോഗവ്യാപനം കുറയാത്തത് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി വിദഗ്ദ സമിതിയോട് രോഷത്തോടെ പ്രതികരിച്ചത്. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ നടപ്പാക്കുന്നതില്‍ വേഗത്തില്‍ തീരുമാനം വേണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
കൂടാതെ ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് പഠിച്ച് ബുധനാഴ്ചയ്ക്കുളളില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. നിലവില്‍ ടിപിആര്‍ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ നടപ്പാക്കിയിരിക്കുന്നത്. അങ്ങനെ തന്നെ മുന്നോട്ട് പോകണമോ എന്നും പരിശോധിക്കാന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ഒപ്പം മറ്റ് ശാസ്ത്രീയമായ വഴികള്‍ പരിശോധിക്കണമെന്നും വിവിധ മേഖലകളിലുളള ആളുകളുമായി ചര്‍ച്ച നടത്തി തീരുമാനത്തില്‍ എത്തണമെന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്കും വിദഗ്ധ സമിതിക്കും നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് പലവിധത്തിലുള്ള നിന്ത്രണങ്ങള്‍ നടപ്പാക്കിയിട്ടും കൊവിഡ് രോഗികള്‍ കുറയുന്നില്ല. ഇന്ന് മാത്രം സംസ്ഥാനത്ത് 20000 കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications