ഇതാ ഒരു കന്യാസ്ത്രീ, തൊട്ടടുത്ത് മുസ്ലിം ഹിന്ദു സഹോദരിമാരും; തരിയോട്ടുകാരെ കയ്യിലെടുത്ത് പ്രിയങ്ക ഗാന്ധി
തരിയോട്: വയനാട്ടുകാർ നേരിടുന്ന പ്രശ്നങ്ങള്‍ എണ്ണിപ്പറഞ്ഞും ജനാധിപത്വത്തിന്റേയും മതേതരത്വത്തിന്റേയും പ്രധാന്യം ഓർമ്മിപ്പിച്ചും പ്രിയങ്ക ഗാന്ധി. രാത്രി യാത്ര നിരോധനം ആശുപത്രികളിലേക്ക് പോകാനടക്കം തടസ്സമാകുന്നു. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കാണ് അവകാശമെങ്കില്‍ വയനാട്ടുകാർക്ക് മെഡിക്കല്‍ കോളേജിന് വേണ്ടി യാചിക്കേണ്ടി അവസ്ഥയാണുള്ളതെന്നും പ്രിയങ്ക പറഞ്ഞു. തരിയോട് പഞ്ചായത്തിലെ കാവുമന്നത്ത് സംസാരിക്കുകയായിരുന്നു യു ഡി എഫ് സ്ഥാനാർത്ഥി.
'വയനാട്ടിലെ ജനക്കൂട്ടം എന്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് നിങ്ങളെ കാണുമ്പോള്‍ എനിക്ക് മനസ്സിലാകും. ഇവിടെ എന്റെ മുന്നില്‍ ഒരു കന്യാസ്ത്രീയെ എനിക്ക് കാണാന്‍ സാധിക്കുന്നുണ്ട്. അവരുടെ തൊട്ടടുത്തായി ഒരു മുസ്ലിം വനിതയേയും ഹിന്ദു വനിതയേയും കാണാന്‍ സാധിക്കുന്നു. നിങ്ങള്‍ എങ്ങനെയാണോ അവിടെ നില്‍ക്കുന്നത്, എങ്ങനെയാണോ പുഞ്ചിരിക്കുന്നത് അതില്‍ നിന്നെല്ലാം നിങ്ങള്‍ സഹോദരിമാരെപ്പോലെയാണ് ജീവിക്കുന്നതെന്ന് എനിക്ക് മനസ്സിലാകും.' പ്രിയങ്ക ഗാന്ധി പറഞ്ഞു.

നിങ്ങളുടെ മുഖത്തെ ആ പുഞ്ചിരികൊണ്ട് നിങ്ങള്‍ ഏത് സുഹൃത്ബന്ധത്തോടെയാണോ നിങ്ങള്‍ ഇവിടെ സഹോദരിമാരെപ്പോലെ കഴിയുന്നത്, നിങ്ങള്‍ ഇന്ന് പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യ എന്ന മഹാരാജ്യത്തെ ഏറ്റവും മനോഹരമായ ഒന്നിനെയാണ്. നമ്മുടെ ഭരണഘടനയില്‍ മനോഹരമായിട്ടുള്ളത് എന്താണോ? നമ്മുടെ മൂല്യങ്ങളില്‍ മനോഹരമായിട്ടുള്ളത് എന്താണോ? രാജ്യത്ത് ഒരുപാട് കാലം നിലനിന്നിരുന്നു ഒരു രാഷ്ട്രീയത്തിന്റെ അന്തസത്ത എന്താണോ അതിനെയാണ് ഇവിടെയുള്ള നിങ്ങള്‍ ഓരോരുത്തരും പ്രതിനിധാനം ചെയ്യുന്നത്.
നമ്മുടെ രാജ്യത്തിന്റെ അടിത്തറ എന്ന് പറയുന്നത് നമ്മള്‍ എല്ലാവരും തുല്യരാണ്. എല്ലാവർക്കും തുല്യ അവകാശങ്ങളുണ്ട്, അതിന്റെ അടിത്തറയിലാണ് ഈ രാജ്യം പടുതുയർത്തിയിരിക്കുന്നത്. ഒരുതുള്ളി രക്തം ചിന്താതെ സ്വാതന്ത്രം നേടിക്കൊണ്ടാണ് ഇന്ത്യ ഈ ലോകത്തെ ഏറ്റവും ശ്രദ്ധേയമായ രാജ്യമായി മാറിയത്. ഈ ലോകത്തെ ഏറ്റവും അഹിംസാത്മകമായ വിപ്ലവം എന്ന് പറയുന്നത് നമ്മുടെയാണ്. ആ സ്വാതന്ത്രത്തിന് വേണ്ടി പോരാടിയത് എന്റേയും നിങ്ങളുടേയും പൂർവ്വികരാണ്.
ആ സ്വാതന്ത്രവും ജനാധിപത്യവും ഇന്ന് അപകടത്തിലായിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളെ വിഭജിച്ചുകൊണ്ട് അഭിവൃന്ദിപ്പെടുന്ന ഒരു രാഷ്ട്രീയം കഴിഞ്ഞ പത്ത് വർഷമായി നമ്മുടെ രാജ്യത്ത് വളർന്ന് കൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്ര മുതല്‍ മണിപ്പൂർ വരെ, അവർ അവരുടെ ഊർജ്ജം എവിടെയൊക്കെയാണോ ചിലവഴിക്കുന്നത് അവിടെയെല്ലാം വിഭജനത്തിന്റേയും വിദ്വേഷത്തിന്റേയും നെഗറ്റീവ് എനർജിയാണ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ നൂറുകണക്കിനാളുകൾക്ക് ജീവൻ നഷ്ടമായി. അതിനുശേഷം ജനങ്ങൾക്ക് ഒരുപാട് വാഗ്ദാനങ്ങൾ ഭരണകൂടങ്ങൾ നൽകി. ഒരുപാട് രാഷ്ട്രീയ നേതാക്കളും വാഗ്ദാനങ്ങൾ നടത്തി. പക്ഷേ ഇതുവരെ ഒരു രൂപ പോലും ദുരന്തബാധിതർക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. കേന്ദ്രസർക്കാർ ഇതുവരെ അർഹതപ്പെട്ട ധനസഹായം അനുവദിച്ചിട്ടില്ല. സഹായിക്കുന്നതിന് മുൻപ് രാഷ്ട്രീയം എന്താണെന്ന് നോക്കുന്നവരുടെ കാരുണ്യത്തിലല്ല വയനാട്ടിലെ ജനങ്ങൾ ജീവിക്കേണ്ടതെന്നും സ്ഥാനാർത്ഥി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications