മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നു, അമിത് ഷാ റെഡ് അലര്‍ട്ട് നല്‍കിയെന്ന് പറഞ്ഞില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: വയനാട്ടില്‍ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്നുണ്ടായ ദുരന്തത്തെ തുടര്‍ന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ തര്‍ക്കം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആരോപണവും അതിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയുമാണ് ഭിന്നത മൂര്‍ച്ഛിക്കാന്‍ കാരണമായിരിക്കുന്നത്. രാജ്യസഭയില്‍ അമിത് ഷാ നടത്തിയ പ്രസ്താവനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടി തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കേന്ദ്രം തുറന്നടിച്ചിരിക്കുകയാണ്.
ഇന്ന് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് അമിത് ഷായുടെ പരാമര്‍ശത്തെ തള്ളിയത്. കേന്ദ്ര സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പിലാണ് പിണറായിയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയത്. കേരളത്തിന് ഉരുള്‍പ്പൊട്ടല്‍ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരുന്നുവെന്നും, റെഡ് അലര്‍ട്ട് നല്‍കിയെന്ന് അമിത് ഷാ പറഞ്ഞിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു.

ജൂലായ് 23 മുതല്‍ 30 വരെ എല്ലാ ദിവസവും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് പറയുന്നത്. ജൂലായ് 23 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ ഇരുപത് സെന്റിമീറ്ററില്‍ അധികം മഴ പെയ്യുമെന്നും, പിന്നീടുള്ള മൂന്ന് ദിവസങ്ങളില്‍ 12 സെന്റിമീറ്റര്‍ മഴ പെയ്യുമെന്നും ജൂലായ് മുപ്പതിന് 20 സെന്റിമീറ്ററില്‍ അധികം മഴ പെയ്യുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് കേന്ദ്രം പറയുന്നു.
പ്രാദേശികമായി ഉരുള്‍പ്പൊട്ടലിനും മണ്ണിടിച്ചിലിനും മണ്ണൊലിപ്പിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. അമിത് ഷാ പ്രസംഗത്തില്‍ എവിടെയും റെഡ് അലര്‍ട്ട് എന്ന് പറഞ്ഞിട്ടില്ല. കനത്ത മഴ പെയ്താല്‍ ഉരുള്‍പ്പൊട്ടലിന് സാധ്യതയുള്ള സ്ഥലമാണ് വയനാടെന്നാണ് അമിത് ഷാ പറഞ്ഞത്. അതുകൊണ്ട് ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് സംസ്ഥാന സര്‍ക്കാര്‍ മാറ്റണമായിരുന്നുവെന്നും ആഭ്യന്തര മന്ത്രി പറഞ്ഞതെന്നും കേന്ദ്രം വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.
നേരത്തെ പാര്‍ലമെന്റില്‍ മുന്നറിയിപ്പ് ലഭിച്ചിട്ടും കേരളം എന്ത് ചെയ്തു എന്നായിരുന്നു അമിത് ഷാ ചോദിച്ചത്. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ നടപടിയെടുത്തിരുന്നെങ്കില്‍ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നുമാണ് അമിത് ഷാ പറഞ്ഞത്. ഈ ദുരന്തത്തില്‍ കേരളത്തിനൊപ്പം കേന്ദ്രം ഉണ്ടാകുമെന്നും രാഷ്ട്രീയ ഭിന്നത മറന്ന് കേരളത്തിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാധ്യമായ എല്ലാ സഹായവും തുടക്കം മുതല്‍ കേന്ദ്രം നല്‍കി വരുന്നുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായും അറിയിച്ചു. പ്രതിരോധ സേനയുടെ മെഡിക്കല്‍ സംഘവും വയനാട്ടിലെത്തിയിട്ടുണ്ട്. ജോര്‍ജ് കുര്യന്‍ പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും വിവരങ്ങള്‍ ധരിപ്പിക്കുന്നുണ്ടെന്നും നിത്യാനന്ദ റായ് പറഞ്ഞു.












Click it and Unblock the Notifications