വയനാട് ഉരുള്‍പൊട്ടല്‍: ചികിത്സയില്‍ കഴിയുന്നവർക്ക് രക്തം ആവശ്യമുണ്ട്, സന്നദ്ധരായവർ ഇവിടെ എത്തുക
കല്‍പ്പറ്റ: വയനാട് ചൂരല്‍മല-മുണ്ടക്കൈ എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവർക്ക് രക്തം ആവശ്യമുണ്ട്. O-ve, A-ve, B-ve,AB+ve, AB-ve രക്തമാണ് ആവശ്യമുള്ളത്. രക്തദാനത്തിന് സന്നദ്ധരായവർക്ക് മേപ്പാടി വിംസ് മെഡിക്കല്‍ കോളേജ്, ബത്തേരി താലൂക്ക് ആശുപത്രി, കല്‍പ്പറ്റ ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെത്തി രക്തം നല്‍കാം.

അതേസമയം, എന്‍ എച്ച് എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ജീവന്‍ ബാബുവിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രാദേശികമായി ഏകോപിപ്പിക്കുമെന്ന് വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീന, അഡീഷണല്‍ ഡയറക്ടര്‍ ഡോ. റീത്ത, എന്‍ എച്ച് എം സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ ബിജോയ് തുടങ്ങിയവരും ഈ സംസ്ഥാനതല സംഘത്തിലുണ്ടാകും.
ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു. ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ കണ്‍ട്രോള്‍ റൂം: 8075401745 സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം: 9995220557, 9037277026, 9447732827
ഉരുള്‍പൊട്ടല്‍ വിവരം പുറത്ത് വന്ന ഉടന്‍ തന്നെ
ആരോഗ്യവകുപ്പ് ജില്ലാതല കൺട്രോൾ റൂം തുറന്നിരുന്നു. അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാവാൻ 8086010833, 9656938689 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. വൈത്തിരി, കൽപ്പറ്റ, മേപ്പാടി, മാനന്തവാടി ആശുപത്രി ഉൾപ്പെടെ എല്ലാ ആശുപത്രികളും സജ്ജമാണ്. രാത്രി തന്നെ എല്ലാ ആരോഗ്യ പ്രവർത്തകരും സേവനത്തിനായി എത്തി. കൂടുതൽ ആരോഗ്യ പ്രവർത്തരുടെ സംഘത്തെ വയനാട്ടിൽ വിന്യസിക്കും.
അതോടൊപ്പം തന്നെ വയനാട് ഉരുൾപ്പൊട്ടലിന്റെ സാഹചര്യത്തിൽ വയനാട് മാത്രമല്ല സമീപ ജില്ലകളായ മലപ്പുറം, കോഴിക്കോട് തുടങ്ങിയ വടക്കൻ ജില്ലകളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ആശുപത്രികളിൽ അധിക സൗകര്യങ്ങളൊരുക്കണം. വയനാട് അധികമായി ആരോഗ്യ പ്രവർത്തകരെ നിയോഗിക്കണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള ടീം പുറപ്പെട്ടിട്ടുണ്ട്. കണ്ണൂരിൽ നിന്നുള്ള ടീമും പുറപ്പെട്ടു.
തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും സർജറി, ഓർത്തോപീഡിക്സ് തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാരെയും അയയ്ക്കും. നഴ്സുമാരെയും അധികമായി നിയോഗിക്കണം. എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ജീവൻ ബാബുവിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ പ്രാദേശികമായി ഏകോപിപ്പിക്കും. ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന വ്യാപകമായി ലീവിലുള്ള ആരോഗ്യ പ്രവർത്തകർ അടിയന്തരമായി തിരികെ ജോലിയിൽ പ്രവേശിക്കാൻ നിർദേശം നൽകി. മരുന്നുകളും മറ്റ് ഉപകരണങ്ങളും അധികമായി എത്തിക്കാൻ കെ എം എസ് സി എൽ ന് നിർദേശം നൽകി. പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചിട്ടുണ്ട്. കനിവ് 108 ആംബുലൻസുകൾ ഉൾപ്പെടെ അധികമായി എത്തിക്കും.
മലയോര മേഖലയിൽ ഓടാൻ കഴിയുന്ന 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകളും സ്ഥലത്തേക്ക് അയയ്ക്കാൻ നിർദേശം നൽകി. ആശുപത്രികളുടെ സൗകര്യങ്ങളനുസരിച്ച് പ്ലാൻ തയ്യാറാക്കി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. ആവശ്യമെങ്കിൽ താത്ക്കാലിക ആശുപത്രികൾ സജ്ജമാക്കും. അധിക മോർച്ചറി സൗകര്യങ്ങളുമൊരുക്കും. ക്യാമ്പുകളിലെ പ്രവർത്തനങ്ങളും ശ്രദ്ധിക്കണം.
ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, കെ.എം.എസ്.സി.എൽ. ജനറൽ മാനേജർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ജില്ലാ സർവൈലൻസ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.












Click it and Unblock the Notifications