'ഭൂമിയും പോയി വീടും പോയി, അതിലുള്ളവരും പോയി, ഇനിയെന്തിനാണ് ഈ രേഖ..?'; നിറകണ്ണുകളുമായി സഹദേവൻ
വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ വ്യാപ്‌തി ആദ്യ മണിക്കൂറുകളിൽ ആരും തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ ദുരന്തമുണ്ടായി ഞൊടിയിടയിൽ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതാണ് പലരെയും രക്ഷപ്പെടുത്തിയത്. എന്നാൽ മുണ്ടക്കൈ കൊല്ലങ്കോട്ടെ സഹദേവൻ തന്റെ തറവാട് വീട്ടിലേക്ക് ഓടിയെത്തിയപ്പോൾ അവിടെ ഒന്നും ബാക്കിയുണ്ടായിരുന്നില്ല.
വീട്ടിലേയ്ക്ക് ഇടിച്ചു കയറിയ കല്ലും മരവും ഒക്കെ ആ പ്രദേശം തന്നെ നാമാവശേഷമാക്കിയ നിലയിലായിരുന്നു. എങ്കിലും സഹദേവൻ മടിച്ചു നിന്നില്ല, ഒറ്റയ്ക്ക് തന്നെ തിരച്ചിൽ തുടങ്ങി. ഉറ്റവരിൽ ആരെയെങ്കിലും തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു അത്. അധികം വൈകാതെ രക്ഷാപ്രവർത്തകരും അവിടേക്ക് പാഞ്ഞെത്തി.

ഏറെനേരത്തെ തിരച്ചിലിന് ഒടുവിൽ അതിലൊരാൾക്ക് കിട്ടിയത് വിവാഹ ആൽബം. അതിൽ സഹദേവന്റെ ബന്ധുക്കളുടെ ചിത്രമായിരുന്നു അധികവും. അതിനോടൊപ്പം കിട്ടിയ ഫയലിൽ വീട് നിൽക്കുന്ന ഭൂമിയുടെ കരമടച്ച രസീതും ഉണ്ടായിരുന്നു. സകല പ്രതീക്ഷയുമറ്റ സഹദേവൻ ചോദിച്ചത് ഇങ്ങനെയാണ് 'ഭൂമിയും പോയി, വീടും പോയി, അതിലുണ്ടായിരുന്നവരും പോയി. ഇനിയെന്തിനാണിത്?'.
ആ ചോദ്യത്തിൽ ഉണ്ടായിരുന്നു മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്‌തി എത്രത്തോളം വലുതാണെന്ന്. ഒരൊറ്റ രാത്രി ഉറക്കത്തിലേക്ക് വഴുതിപ്പോയ ആ ഗ്രാമീണർ പിറ്റേന്ന് നേരം വെളുത്തപ്പോൾ ആരോരുമില്ലാത്തവരായി മാറി. സഹദേവന്റെ തറവാട്ടുവീട്ടിലും സമീപത്ത് തന്നെയുള്ള സഹോദരന്റെ വീട്ടിലുമായി ആകെ 5 പേരാണ് ഉരുൾപൊട്ടലിൽ പെട്ടത്.
അതിൽ രണ്ട് പേരുടെ മൃതശരീരം കണ്ടെടുത്തു. മൂന്ന് പേരെ കൂടി ഇനിയും കിട്ടാനുണ്ട്. സഹദേവന്റെ അമ്മയും ജ്യേഷ്‌ഠനും അദ്ദേഹത്തിന്റെ ഭാര്യയും രണ്ട് കുഞ്ഞുങ്ങളും ആണ് അവിടെ ദുരന്ത സമയത്ത് ഉണ്ടായിരുന്നത്. സഹദേവനും ഭാര്യയും മക്കളും വീട്ടിൽ ഇല്ലാതിരുന്നത് കൊണ്ട് മാത്രമാണ് അവർ രക്ഷപ്പെട്ടത്.
ചൂരൽമലയിലെ ബന്ധുവീട്ടിൽ നിന്ന് കാണാതായ ഏഴ് പേരെ കൂടി ഉൾപ്പെടുത്തിയാൽ മുണ്ടക്കൈ ഉരുൾപൊട്ടലിൽ സഹദേവന് നഷ്‌ടമായത് 12 പേരെ. ഉരുൾപൊട്ടൽ ഉണ്ടായതിന് പിന്നാലെ സഹദേവൻ അവിടേക്ക് ഓടിയെത്തിയിരുന്നു. അവിടെ കണ്ട കാഴ്‌ച ഞെട്ടിക്കുന്നതായിരുന്നു. ചുറ്റും ചെളിയും മണ്ണും മരങ്ങളും മാത്രം. ആരും ജീവനോടെയിരിക്കാൻ സാധ്യത ഇല്ലെന്ന് പറഞ്ഞിട്ടും സഹദേവൻ അവിടെ നിന്ന് പോവാൻ തയ്യാറായില്ല.
അതേസമയം, മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ അഞ്ചാം ദിവസവും തുടരുകയാണ്. ഡ്രോൺ സംവിധാനം ഉൾപ്പെടെ ഉപയോഗിച്ചുള്ള തിരച്ചിലാണ് പുരോഗമിക്കുന്നത്. ഇന്നലെ നടന്ന തിരച്ചിലിൽ നാല് പേരെ ജീവനോട് രക്ഷപ്പെടുത്താൻ കഴിഞ്ഞിരുന്നു. സൈന്യവും എൻഡിആർഎഫും സന്നദ്ധ പ്രവർത്തകരും ഉൾപ്പെടെ ദുരന്തമുഖത്തുണ്ട്.












Click it and Unblock the Notifications