തിരുത്താന്‍ തയ്യാറായാല്‍ ലീഗുമായി സഹകരിക്കും;പരാതി പിന്‍വലിച്ച് ഒത്തുതീര്‍പ്പിനില്ലെന്ന് മുന്‍ ഹരിത നേതാക്കള്‍
കോഴിക്കോട്: എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന്റെ ലൈംഗികാധിക്ഷേപത്തിനെതിരെ നല്‍കിയ പരാതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുന്‍ ഹരിത നേതാക്കളായ ഫാത്തിമ തഹ്‌ലിയും മുഫീദ തെന്‍സിയും. മുസ്ലീം ലീഗ് നേതൃത്വത്തിന് മുന്നില്‍ തങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങളില്‍ തിരുത്താന്‍ തയ്യാറായാല്‍ പാര്‍ട്ടിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും ഇരുവരും വ്യക്തമാക്കി. എന്നാല്‍ പ്രശ്ന പരിഹാരത്തിന്റെ ഭാഗമായി ഹരിത നേതാക്കള്‍ നല്‍കിയ കേസ് പിന്‍വലിക്കില്ലെന്ന് ഫാത്തിമ തഹ്‌ലിയും മുഫീദ തെന്‍സിയും പറഞ്ഞു. സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായ പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു രണ്ട് പേരും.
നേതൃത്വത്തില്‍ നിന്നു നീതി പ്രതീക്ഷിക്കുന്നുവെന്നും ഇരുവരും പറഞ്ഞു. എല്ലാവരെയും ഉള്‍കൊണ്ട് മുന്നോട്ടുപോകുമെന്ന ലീഗ് സംസ്ഥാന പ്രസിഡന്റിന്റെ വാക്കുകള്‍ ശുഭാപ്തി വിശ്വാസം നല്‍കുന്നുവെന്നും അതേസമയം പ്രശ്ന പരിഹാരത്തിന് ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും മുന്‍ ഹരിത നേതാക്കള്‍ വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്റ് പി കെ നവാസും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി അബ്ദുള്‍ വഹാബും ലൈംഗിക അധിക്ഷേപം നടത്തിയെന്ന് കാണിച്ചാണ് ഹരിത നേതാക്കള്‍ വനിതാ കമ്മീഷന് പരാതി നല്‍കിയത്. ഇത് പാര്‍ട്ടിക്കുള്ളില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടി ഇല്ലാതായതോടെയാണ് ഹരിത നേതാക്കള്‍ വനിത കമ്മീഷനില്‍ പരാതി നല്‍കിയത്. ഇതിന് പിന്നാലെ എം എസ് എഫ് സംസ്ഥാന നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. കോഴിക്കോട് വെള്ളയില്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തത്. ലൈംഗിക ചുവയോടെയുള്ള സംസാരത്തിന് 354 (എ) വകുപ്പ് പ്രകാരം ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

ഹരിതയിലെ 10 വനിതാ നേതാക്കളാണ് എം എസ് എഫ് നേതൃത്വത്തിനെതിരെ വനിത കമ്മീഷനെ സമീപിച്ചത്. ജൂണ്‍ 22 ന് കോഴിക്കോട്ട് എം എസ് എഫ് സംസ്ഥാന സമിതി യോഗത്തിനിടെയാണ് കേസിന് ആസ്പദമായ സംഭവം. ഹരിതയിലെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഘട്ടത്തില്‍ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ പി കെ നവാസ് പറഞ്ഞത് വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണും എന്നായിരുന്നു. സമാനമായ രീതിയിലായിരുന്നു അബ്ദുള്‍ വഹാബിന്റെയും പ്രതികരണം. ഇതിനെതിരെയാണ് ഹരിത നേതാക്കള്‍ രംഗത്തെത്തിയത്.

പ്രശ്‌നം വിവാദമായതോടെ ജനറല്‍ സെക്രട്ടറി പി എം എ സലാമിന്റെ നേതൃത്വത്തില്‍ വിഷയം ലീഗ് നേതൃത്വം ചര്‍ച്ചയ്‌ക്കെടുത്തിരുന്നു. എന്നാല്‍ ഹരിത നേതാക്കള്‍ വനിത കമ്മീഷന് പരാതി നല്‍കിയത് അച്ചടക്ക ലംഘനമാണെന്നാണ് മുസ്ലീം ലീഗ് നേതൃത്വം വിലയിരുത്തിയത്. ഇതിന് പിന്നാലെ ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തു. കൂടാതെ ഹരിത നേതാക്കളെ പിന്തുണച്ച് പത്രസമ്മേളനം നടത്തിയ എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിലയയെ സ്ഥാനത്ത് നിന്ന് നീക്കുകയും എം എസ് എഫ് സംസ്ഥാന നേതാക്കളില്‍ ചിലര്‍ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു.

എം എസ് എഫ് ജനറല്‍ സെക്രട്ടറി ലത്തീഫ് തുവയൂരും പുറത്താക്കിയവരില്‍ ഉള്‍പ്പെടുന്നു. പി കെ നവാസും ലത്തീഫ് തുറയൂരും രണ്ട് ദിശയിലാണ് സംഘടനയെ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് എം എസ് എഫിനകത്ത് വിഭാഗീയതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. വിവാദമായ സംസ്ഥാന സമിതി യോഗത്തിന്റെ മിനുട്‌സ് ഹാജരാക്കരുതെന്ന് മുസ്ലീം ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ലത്തീഫ് വിഭാഗം തള്ളുകയും മിനുട്‌സ് പൊലീസിന് നല്‍കുകയുമായിരുന്നു.












Click it and Unblock the Notifications