'എന്നിൽ ഔഷധഗുണമില്ല വിട്ടേക്കൂ, 23 വർഷമായി മാധ്യമങ്ങൾ വേട്ടയാടുന്നു'; പ്രതികരിക്കാതെ ഗണേഷ് കുമാർ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർന്നുണ്ടായ വെളിപ്പെടുത്തലുകളും സിനിമാ മേഖലയെ ഒന്നാകെ പിടിച്ചു കുലുക്കവേ വിഷയത്തിൽ പ്രതികരിക്കാൻ കൂട്ടാക്കാതെ മന്ത്രിയും നടനുമായ കെബി ഗണേഷ് കുമാർ. വിഷയത്തെ പറ്റി താൻ അഭിപ്രായം പറയില്ലെന്നാണ് ഗണേഷ് വ്യക്തമാക്കുന്നത്. ഇരുപത്തിമൂന്ന് വർഷമായി തന്നെ മാധ്യമങ്ങൾ വേട്ടയാടുകയാണെന്നും ഇനിയെങ്കിലും വെറുതെ വിടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
'സാംസ്‌കാരിക മന്ത്രിയാണ് ഇതിൽ അഭിപ്രായം പറയേണ്ടത്. അദ്ദേഹം വിവരങ്ങൾ കൃത്യമായി നൽകുന്നുണ്ട്. ഞാൻ ഗതാഗത വകുപ്പ് മന്ത്രിയാണ്. കഴിഞ്ഞ 23 വർഷമായി മാധ്യമങ്ങൾ എന്നെ വേട്ടയാടുകയാണ്. എന്നെ വിട്ടേക്കൂ' ചട്ടമ്പിസ്വാമികളുടെ ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ ഗണേഷ് പറഞ്ഞു.

'എന്നില്‍ ഔഷധമൂല്യമില്ല, എന്നെ ഉപദ്രവിക്കരുത്. ഇനിയും എന്റെ പുറകേ നടക്കണ്ട. ഞാന്‍ ഇതിനേപ്പറ്റി അഭിപ്രായം പറയാനില്ല. നല്ലതും പറയില്ല, ചീത്തയും പറയില്ല. അത് ശരിയല്ല. ഇക്കാര്യത്തിൽ ഇനി ചോദ്യങ്ങള്‍ വേണ്ട' എന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേർത്തു. നേരത്തെയും വിഷയത്തിൽ കൂടുതലായി പ്രതികരിക്കാൻ ഗണേഷ് കൂട്ടാക്കിയിരുന്നില്ല.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഗതാഗത വകുപ്പിന് എന്താണ് വിഷയത്തിൽ കാര്യമെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. തന്നോട് ഇതിൽ ആരും പരാതി പറഞ്ഞിട്ടില്ലെന്നും പറഞ്ഞിരുന്നെങ്കിൽ അപ്പോൾ തന്നെ നടപടി എടുത്തേനെയെന്നും ഗണേഷ് ചൂണ്ടിക്കാട്ടി. അങ്ങനെ പ്രതികരിച്ചതിന് ഫലമാണ് തനിക്ക് ഇന്ന് സിനിമകൾ ഇല്ലാത്തതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം നടന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ്, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് എന്നിവർ രാജിവച്ചിരുന്നു. ഇരുവർക്കും എതിരെ ലൈംഗിക പീഡന പരാതി ഉൾപ്പെടെ ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം.
ഇതിന് പിന്നാലെ ആരോപണങ്ങളിൽ കഴമ്പുണ്ടോ എന്ന് പരിശോധിക്കാൻ പ്രാഥമിക അന്വേഷണം നടത്താനാണ് സർക്കാർ തീരുമാനം. ഇതിനായി ഉന്നത പോലീസ് സംഘത്തെ നിയോഗിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സംവിധായകൻ രഞ്ജിത്ത്, നടൻ സിദ്ദിഖ് എന്നിവർക്ക് എതിരെ ഉയർന്ന ആരോപണങ്ങളാവും ആദ്യഘട്ടത്തിൽ സംഘം പരിശോധിക്കുക. ആരോപണം ഉന്നയിച്ചവരിൽ നിന്ന് മൊഴിയെടുക്കാനും പരാതി ഉണ്ടെങ്കിൽ കേസെടുക്കാനുമാണ് തീരുമാനം.
ഐജി സ്‌പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനായിരിക്കും അന്വേഷണ ചുമതല. എഡിജിപി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. ഡിഐജി എസ് അജീത ബീഗം, എസ്‌പി മെറിന്‍ ജോസഫ്, എഐജി പൂങ്കുഴലി, കേരള പോലീസ് അക്കാദമി അസി. ഡയറക്‌ടര്‍ ഐശ്വര്യ ഡോങ്ക്റെ, എഐജി അജിത്ത് വി, എസ്‌പി എസ് മധുസൂദനന്‍ എന്നിവരാണ് സംഘത്തിലെ മറ്റുള്ളവർ.












Click it and Unblock the Notifications