കലാഭവന്‍ മണിയുടെ ജീവിത സിനിമ: അന്വേഷണത്തില്‍ ബോധ്യപ്പെട്ട കാര്യങ്ങളെന്ന് വിനയന്‍... ഇനി മൊഴി നല്‍കും
കൊച്ചി: കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്ത സിനിമയാണ് 'ചാലക്കുടിക്കാരന്‍ ചങ്ങാതി'. സിനിമ തരക്കേടില്ലാത്ത പ്രേക്ഷകാഭിപ്രായം സ്വന്തമാക്കി തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
അതിനിടെയാണ് സംവിധായകന്‍ വിനയന്റെ മൊഴി സിബിഐ രേഖപ്പെടുത്തും എന്ന വാര്‍ത്ത പുറത്ത് വരുന്നത്. കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കുന്ന സിബിഐ സംഖ്യം തന്നെ ആയിരിക്കും വിനയന്റേയും മൊഴി എടുക്കുക.
കലാഭവന്‍ മണിയുടെ ജീവിതവും മരണവും എല്ലാം സിനിമയില്‍ ഉണ്ട്. ഇത് തന്നെയാണ് ചില സംശയങ്ങള്‍ സിബിഐയ്യില്‍ സൃഷ്ടിക്കുന്നത്. ഇത് സംബന്ധിച്ച വിശദാംശങ്ങളാണ് വിനയനില്‍ നിന്ന് സ്വീകരിക്കുക. ഇതേ പറ്റി വിനയന്‍ മനോരമ ന്യൂസ് ഡോട്ട് കോമിനോടാണ് പ്രതികരണം അറിയിച്ചത്.

തനിക്ക് ബോധ്യപ്പെട്ട കാര്യങ്ങള്‍
കലാഭവന്‍ മണിയുടെ ജീവിതവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍, തനിക്ക് ബോധ്യപ്പെട്ട കാര്യങ്ങളാണ് സിനിമയില്‍ കാണിച്ചിരിക്കുന്നത് എന്നാണ് വിനയന്‍ വ്യക്തമാക്കുന്നത്. ജീവിതം അതുപോലെ കാണിക്കുന്നതല്ല സിനിമ. സിനിമയ്ക്ക് വേണ്ട കാര്യങ്ങളും അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന് വിനയന്‍ പറയുന്നു.

കൊലപാതകം
കലാഭവന്‍ മണിയുടേത് കൊലപാതകം ആയിരുന്നു എന്ന രീതിയില്‍ ആക്ഷേപങ്ങളുണ്ട്. എന്തായാലും മണിയുടെ മരണത്തിലെ ദുരൂഹത ഇതുവരെ തീര്‍ന്നിട്ടില്ല. സിനിമയില്‍ ആണെങ്കില്‍ മണിയുടെ മരണം കൊലപാതകം ആണെന്ന രീതിയില്‍ ആണ് ചിത്രീകരിച്ചിട്ടുള്ളത്. ഇത് തന്നെയാണ് സിബിഐ ഇതേ കുറിച്ച് അന്വേഷിക്കാനുള്ള കാരണവും.

അറിയാവുന്നതെല്ലാം പറയും
ഒക്ടോബര്‍ 3 ബുധനാഴ്ചയാണ് വിനയന്‍ സിബിഐ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാവുക. തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം തന്നെ സിബിഐയ്ക്ക് മുന്നില്‍ വെളിപ്പെടുത്തും എന്നും വിനയന്‍ വ്യക്തമാക്കുന്നുണ്ട്. നേരത്തേയും മണിയുടെ മരണം സംബന്ധിച്ച് വിനയന്‍ ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു.

അത് അനിവാര്യം
കലാഭവന്‍ മണിയുടെ ആദ്യകാല ജീവിതം മുതല്‍ മരണം വരെയുള്ള കാര്യങ്ങള്‍ സിനിമയില്‍ പ്രതിപാദിക്കുന്നുണ്ട്. അതില്‍ മരണം സിനിമയില്‍ ഉള്‍പ്പെടുത്തുക എന്നത് അനിവാര്യമായ കാര്യം ആയിരുന്നു എന്നാണ് വിനയന്‍ പറയുന്നത്. സിനിമയുടെ ക്ലൈമാക്‌സ് തിരക്കഥാകൃത്തിന്റെ വ്യാഖ്യാനം ആണെന്നും പറയുന്നുണ്ട്.

അടുത്ത ബന്ധം
കലാഭവന്‍ മണിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സംവിധായകന്‍ ആയിരുന്നു വിനയന്‍. വിനയന്റെ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രം ആണ് മണിയെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയനാക്കിയത്.












Click it and Unblock the Notifications