പരാജയപ്പെട്ടാൽ തരൂർ കോൺഗ്രസ് വിടുമോ? ചെന്നിത്തലയുടെ മറുപടി ഇങ്ങനെ.. 'രഹസ്യ ബാലറ്റില്‍ അത്ഭുതങ്ങളുണ്ടാകില്ല'
തിരുവനന്തപുരം; കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ എന്തെങ്കിലും അട്ടിമറിയോ അത്ഭുതമോ സംഭവിക്കുമെന്ന് താൻ കരുതുന്നില്ലെന്ന് രമേശ് ചെന്നിത്തല. മല്ലികാർജ്ജുൻ ഖാർഗെ വൻ ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കുമെന്നാണ് വിശ്വാസമെന്നും ചെന്നിത്തല പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമാണ് ശശി തരൂർ മത്സരിക്കുന്നതെന്നും ഹൈക്കമാന്റ് ഉൾപ്പെടെ ആരും അദ്ദേഹത്തോട് മത്സരിക്കാൻ നിർദ്ദേശിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

നിഷ്പക്ഷമായി നിൽക്കുകയെന്ന സമീപനമാണ് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും സ്വീകരിച്ചിരുന്നത്. അവർ നേതാക്കളോടെല്ലാം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ആർക്കെങ്കിലും വോട്ട് നൽക്കാൻ ഇരുവരും ആവശ്യപ്പെട്ടിട്ടില്ല. ഖാർഗെയാണ് ഹൈക്കമാൻഡ് സ്ഥാനാർത്ഥിയെന് ഒരു നിർദ്ദേശം താഴേ തട്ടിലേക്ക് പോയിട്ടുണ്ടെന്ന ശശി തരൂരിന്റെ ആരോപണം ഏതർത്ഥത്തിലുള്ളതാണെന്ന് തനിക്ക് അറിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

ഖാർഗെയ്ക്കും തരൂരിനും തുല്യ പരിഗണനയാണ് ഹൈക്കമാന്റ് നൽകുന്നതെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം മുതിർന്ന നേതാവായ ഖാർഗെ വിജയിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്നും ചെന്നിത്തല വ്യക്തമാക്കി. പരിചയ സമ്പന്നനായ വ്യക്തി പാർട്ടിയെ നയിക്കണമെന്നതാണ് തന്റെ ആഗ്രഹം. ഖാർഗെയെ സംബന്ധിച്ച് അദ്ദേഹം പാർട്ടിയിൽ പടിപടിയായി ഉയർന്ന് വന്നയാളാണ്. ഡിസിസി, കെപിസിസി അധ്യക്ഷനായി, 9 തവണ എംഎൽഎയായി, കേന്ദ്രമന്ത്രിയായി, രാജ്യസഭയിലും ലോക്സഭയിലും അംഗമായി ഇത്തരത്തിൽ മുതിർന്ന യോഗ്യനായ നേതാവാണ്. ശശി തരൂർ സ്വയം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഗാന്ധി കുടുംബം ആരോടും മത്സരിക്കാമെന്നോ മത്സരിക്കരുതെന്നോ പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

അധ്യക്ഷ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ശശി തരൂർ ബി ജെ പിയിലേക്ക് പോകുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. ഇതിനോട് തരൂർ ഒരിക്കലും പാർട്ടി വിടുമെന്ന് താൻ കരുതുന്നില്ലെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. നെഹ്റൂവിയൻ കാഴ്ചപ്പാടുള്ള വ്യക്തിയാണ് തരൂർ. അദ്ദേഹത്തിന്റെ എഴുത്തുകളിലും പ്രവർത്തനങ്ങളിൽ നിന്നുമെല്ലാം അത് മനസിലാക്കാൻ സാധിക്കും. അതുകൊണ്ട് തന്നെ കോൺഗ്രസിൽ തന്നെ അദ്ദേഹം തുടരുമെന്ന പൂർണവിശ്വാസം തനിക്കുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

രഹസ്യ ബാലറ്റിൽ താനൊരു അത്ഭുതവും പ്രതീക്ഷിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. ഖാർഗെ മികച്ച ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കുമെന്ന പൂർണവിശ്വാസം തനിക്കുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. അതേസമയം ഫലം വരുമ്പോൾ അത്ഭുതം സംഭവിക്കുമെന്നായിരുന്നു ശശി തരൂർ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. പല മുതിർന്ന നേതാക്കളും പലരോടും ഖാർഗെയെ പിന്തുണയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നേതാക്കളെ പരസ്യമായി തള്ളിക്കളയാൻ സാധിക്കാത്തതിനാലാണ് തനിക്ക് പരസ്യ പിന്തുണ പിന്തുണ പ്രഖ്യാപിക്കാൻ പലരും തയ്യാറാകാത്തത്. മുതിർന്ന നേതാക്കളടക്കം രഹസ്യമായി പിന്തുണ ഉറപ്പ് തന്നിട്ടുണ്ട്. ഫലം വരുമ്പോൾ പലരും ഞെട്ടുമെന്നായിരുന്നു തരൂർ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് ഇനി വെറും നാല് ദിവസമാണ് ശേഷിക്കുന്നത്. ഒക്ടോബർ 17 നാണ് തിരഞ്ഞെടുപ്പ്. 19 നാണ് ഫലം വരിക. ജയിക്കാൻ സാധ്യത ഇല്ലെങ്കിലും യുവാക്കളുടെ പിന്തുണ നേടി വലിയ അത്ഭുതങ്ങൾ ശശി തരൂർ ഉണ്ടാക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. 1997ലും 2000 ത്തിലും നടന്ന അധ്യക്ഷ തിരഞ്ഞെടുപ്പുകളിൽ ഔദ്യോഗിക സ്ഥാനാർഥി നേടിയ ഏകപക്ഷീയ വിജയം ഉണ്ടാകുമെന്ന് കരുതുന്നവർ ഫലം വരുമ്പോൾ അത്ഭുതപ്പെടുമെന്നായിരുന്നു ശശി തരൂര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.












Click it and Unblock the Notifications