ഉണ്ണി മുകുനന്ദൻ പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥിയാകുമോ? നടന്റെ മനേജർ പറയുന്നത് ഇങ്ങനെ
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ പൊതുസമ്മതരെ ഇറക്കി കളം നിറയാനുള്ള തയ്യാറെടുപ്പിലാണ് ബി ജെ പി. സിനിമ-സാംസ്കാരിക-കലാ-സാഹിത്യ മേഖലകളിൽ നിന്നുള്ള നിരവധി പേരുകൾ നേതൃത്വം പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ഇക്കൂട്ടത്തിൽ നടൻ ഉണ്ണി മുകുന്ദന്റെ പേരും ചർച്ചയാകുന്നുണ്ട്. പത്തനംതിട്ട മണ്ഡലത്തിൽ നടൻ മത്സരിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങളും ശക്തമാണ്.
എന്നാൽ ഇപ്പോഴിതാ ഈ വാർത്തകളോട് പ്രതികരിക്കുകയാണ് നടന്റെ മാനേജർ വിപിൻ. ഉണ്ണി മുകുന്ദൻ മത്സരിക്കുമെന്ന വാർത്തകൾ തികച്ചും വാസ്തവ വിരുദ്ധമാണെന്ന് വിപിൻ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടാണ് പ്രതികരണം.

ബി ജെ പി അനുകൂല നിലപാടുകൾ പങ്കുവെയ്ക്കാറുള്ള നടനാണ് ഉണ്ണി മുകുന്ദൻ. ബി ജെ പി വേദികളിലും താരം ഭാഗമായിട്ടുണ്ട്. മാളികപ്പുറം എന്ന സിനിമയിൽ അഭിനയിച്ചതിന് പിന്നാലെയാണ് നടനെ പത്തനംതിട്ടയിൽ ബി ജെ പി ആലോചിക്കുന്നതെന്നുള്ള വാർത്തകൾ സജീവമായത്. ചിത്രത്തിൽ അയ്യപ്പനായിട്ടായിരുന്നു നടൻ വേഷമിട്ടത്. ഇത് ഹിന്ദുക്കൾക്കിടയിൽ വലിയ സ്വീകാര്യത നേടാൻ ഉണ്ണിയെ സഹായിച്ചെന്നും നടൻ പത്തനംതിട്ടയിൽ മത്സരിച്ചാൽ അട്ടിമറി ഉണ്ടാക്കാനാകുമെന്നുമാണ് ബി ജെ പി കണക്കുകൂട്ടൽ എന്നായിരുന്നു വാർത്തകൾ.
എന്നാൽ ഇത്തരം വാർത്തകളെല്ലാം തീർത്തും അടിസ്ഥാനരഹിതമാണെന്ന് നടന്റെ മാനേജർ പറഞ്ഞു. സിനിമയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉണ്ണി മുകുന്ദന്‍ തല്‍ക്കാലം ആലോചിക്കുന്നതെന്നും മറ്റൊന്നിനും താല്‍പര്യമില്ലെന്നും വിപിൻ പറഞ്ഞു. നടന് ഒരു പാർട്ടിയിലും അംഗത്വമില്ല. സിനിമ നടനെന്ന നിലയില്‍ അദ്ദേഹം കരിയറിലെ ഏറ്റവും നല്ല ഘട്ടത്തിലൂടെ കടന്നുപോവുകയാണ്. പല തരത്തിലുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നിൽ ആരാണെന്ന് അറിയില്ല. സിനിമ തിരക്കുകളുമായി മുന്നോട്ട് പോകുകയാണ് ഉണ്ണി. അദ്ദേഹം മറ്റൊന്നിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല', വിപിൻ പറഞ്ഞു.
അതേസമയം ലോക്സഭ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടിയിരിക്കുകയാണ് ബി ജെ പി. വളരെ പെട്ടെന്ന് തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. ഇത്തവണ ആറ് മണ്ഡലങ്ങളിലാണ് പ്രധാനമായും ബി ജെ പി ശ്രദ്ധ ചെലുത്തുന്നത്. തൃശൂർ, തിരുവനന്തപുരം ,പാലക്കാട് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലാണ് ബി ജെ പി പ്രതീക്ഷ പുലർത്തുന്നത്. തൃശൂരിൽ സുരേഷ് ഗോപിയിലൂടെ വിജയം ഉറപ്പിക്കുന്ന ബി ജെ പി മറ്റ് മണ്ഡലങ്ങളിൽ വോട്ട് വിഹിതം ഉയർത്താനാകുമെന്ന പ്രതീക്ഷയിലാണ്.












Click it and Unblock the Notifications